വിഷയം വികസനം ; പത്തനംതിട്ട നഗരസഭാ ചെയർമാനും, യു.ഡി.എഫ് കൗൺസിലറും തമ്മിൽ പ്രസ്ക്ലബ്ബിൽ ഏറ്റുമുട്ടിയപ്പോൾ !!

Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട – കടുത്ത സാമ്പത്തിക പ്രതിസന്ധിയ്ക്കിടയിലും നഗരസഭയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായി ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസ് ക്ലബ് സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനറൽ ആശുപത്രിയിൽ അടിസ്ഥാന സൗകര്യം ഒരുക്കി നൽകി. ഓക്‌സിജൻ പ്ലാന്റ് യാഥാർഥ്യമായി. ധനകാര്യ കമ്മിഷൻ ഗ്രാന്റിൽ വലിയ കുറവുണ്ടായി.

ഇത് പ്രവർത്തനങ്ങളെ ബാധിച്ചു. എന്നാൽ വിവിധ ഇടങ്ങളിൽ നിന്നും തുക സമാഹരിച്ച് വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞു. സ്വകാര്യ ബസ് സ്റ്റാൻഡ്, ശബരിമല ഇടത്താവളം നവീകരണം എന്നിവ നടപ്പാക്കി. ജില്ലാ സ്‌റ്റേഡിയം നിർമ്മാണം പുരോഗമിക്കുന്നു. നഗരസഭയുടെ ഉടമസ്ഥതയിൽ നില നിർത്തിയാണ് പ്രവർത്തനം നടക്കുന്നത്. വികസനനേട്ടങ്ങൾ എന്നത് വെറും അവകാശവാദങ്ങൾ അല്ലെന്നും കൺമുന്നിൽ കാണാൻ കഴിയുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സുതാര്യമായി ഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞു. ടൗൺഹാൾ പ്രൗഢിയോടെ പുനർനിർമ്മിച്ചു. സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായി നാല് ഘട്ടങ്ങളിലായുള്ള അമൃത് 2.0 പദ്ധതി പൂർത്തിയായി വരുന്നു. ഭാവി മുന്നിൽ കണ്ട് മണിയാർ ഡാമിൽ നിന്നും ജലം എത്തിച്ച് നഗരത്തിലും സമീപ പഞ്ചായത്തുകളിലും കുടിവെള്ളം എത്തിക്കാനുള്ള മറ്റൊരു പദ്ധതിയും സർക്കാർ പരിഗണനയിലാണ്. നഗര സൗന്ദര്യവൽക്കരണം ഏറെ ജനശ്രദ്ധ നേടിയ ഒന്നാണ്. നഗരത്തിൽ എ.ഐ ക്യാമറ സ്ഥാപിച്ചതോടെ കുറ്റകൃത്യങ്ങൾ കുറഞ്ഞിട്ടുണ്ട്. ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വാർഡുകളിൽ വികസനം നടപ്പാക്കിയിട്ടുണ്ടെന്നും സക്കീർഹുസൈൻ പറഞ്ഞു.

ബസ് സ്റ്റാൻഡിൽ കയറി ടൗൺ സ്‌ക്വയറിൽ അവസാനിക്കുന്ന വികസനമാണ് നഗരത്തിൽ നടപ്പായതെന്ന് മുൻചെയർമാൻ അഡ്വ.എ. സുരേഷ് കുമാർ പറഞ്ഞു. സാധാരണക്കാരുടെ പ്രതീക്ഷകൾക്ക് യോജിച്ച വികസനങ്ങൾ നടപ്പായിട്ടില്ല .പ്രതിപക്ഷത്തിന്റെ പൂർണ സഹകരണം ഉണ്ടായിരുന്നു. വികസനത്തിൽ രാഷ്ര്ടീയം നോക്കിയില്ല.

എന്നാൽ ജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നടപ്പാക്കിയിട്ടില്ല. കുറെ കോൺക്രീറ്റ് നിർമാണം മാത്രമാണ് നഗരത്തിൽനടന്നത്. ഭിന്നശേഷിക്കാരെ സഹായിക്കുന്ന ബഡ്‌സ് സ്‌കൂൾ പദ്ധതി ഉൾപ്പെടെ പൂർത്തിയാകാതെ കിടക്കുന്നു. വൃദ്ധസദനവുംനടപ്പായിട്ടില്ല. സാധാരണക്കാരെ സഹായിക്കുന്ന ഒരു കർമ്മ പദ്ധതി നടപ്പായില്ല. ദുരിതാശ്വാസ നിധിയുടെ പ്രവർത്തനവും നിലച്ചു. ശബരിമല ഇടത്താവളത്തിൽ പുതുതായി യാതൊന്നും നടപ്പായില്ല. തെരുവുനായ ശല്യം പരിഹരിക്കാൻ ഒരു യോഗം പോലും വിളിച്ചില്ല. നഗരത്തിൽ മാലിന്യസംസ്‌കരണം പാളി. പല വാർഡുകളിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. തെരുവു വിളക്ക് കത്താറില്ല. നഗരസഭയിലെ നികുതി പിരിവ് സാധാരണ ജനങ്ങളുടെ നടുവൊടിച്ചു.

ഫണ്ട് ഇല്ലാത്തത് കാരണം പല പദ്ധതികളും മുടങ്ങികിടക്കുകയാണ്. നഗരസഭയിൽ നിന്നുള്ള പണം നവകേരള സദസ് പോലെയുള്ള സർക്കാർ ധൂർത്തിന് നൽകി. യു. ഡി.എഫിൽ മാത്രമല്ല എൽ.ഡി.എഫിലും ബന്ധുക്കൾ നഗരസഭയിലെ ചില വാർഡുകളിൽ മൽസരിക്കുന്നുണ്ട്. യു.ഡി.എഫ് വാർഡ് കമ്മിറ്റി തീരുമാനപ്രകാരമാണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. എൽ.ഡി.എഫിന് എന്തുമാകാം എന്നാണ്.

പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ചുമതല ജില്ല പഞ്ചായത്തിന് വിട്ടു നൽകിയത്. ആരോഗ്യമന്ത്രിയും ചെയർമാനും തമ്മിലുള്ള ശീതസമരത്തെ തുടർന്നായിരുന്നു ആശുപത്രി വിട്ടു നൽകിയത്. ഇത് ദോഷം ചെയ്തതായും സുരേഷ്‌കുമാർ പറഞ്ഞു. ജനറൽ ആശുപത്രി ചുമതല തിരികെ ലഭിക്കുന്നതിനോട് കൗൺസിലിന് യോജിപ്പാണുള്ളതെന്ന് അഡ്വ. സക്കീർ ഹുസൈൻ പറഞ്ഞു. ചുമതല നഗരസഭയിൽ നിന്നും വിട്ടുപോകാൻകാരണം യൂ. ഡി. എഫ് ആണെന്ന് അദ്ദേഹം പറഞ്ഞു.യു.ഡി.എഫ് കാലത്ത് കറന്റ് ചാർജ്, വാട്ടർഅതോറിറ്റി എന്നിവർക്ക് വൻതുക കുടിശിക വന്നപ്പോൾ അടയ്ക്കാൻ നിർവാഹമില്ലാതെ ഏറ്റെടുത്തോളാൻ പറഞ്ഞ് തീരുമാനമെടുത്തത് അവരുടെ കാലത്താണെന്ന് അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് വൈസ് പ്രസിഡന്റ് സി.കെ.അഭിലാൽ സ്വാഗതവും ട്രഷറർ എസ്. ഷാജഹാൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *