തദ്ദേശം 2025 പ്രസ്ക്ലബ്ബ് സംവാദം: പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഏറ്റെടുപ്പ് ജില്ലാ പഞ്ചായത്തിന് അധിക ബാധ്യതയായെന്ന് അംഗങ്ങളായ ഓമല്ലൂർ ശങ്കരനും റോബിൻ പീറ്ററും

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കേണ്ടി വന്നത് അധിക ബാധ്യതയെന്ന് മുൻ പ്രസിഡന്റ് ഓമല്ലൂർ ശങ്കരനും, യുഡിഎഫ് പാർലമെന്ററി പാർട്ടി നേതാവ് റോബിൻ പീറ്ററും. പ്രസ്‌ക്ലബിൽ തദ്ദേശം 2025 സംവാദം പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും. ജില്ലാ ആശുപത്രിയുടെ നിർവഹണ ചുമതല തന്നെ മുമ്പോട്ടു കൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നതിനിടെയാണ് ജനറൽ ആശുപത്രിയുടെ ചുമതല കൂടി സർക്കാർ ഉത്തരവിലൂടെ ജില്ലാ പഞ്ചായത്തിനു കൈമാറുന്നത്. നഗരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമെന്ന നിലയിൽ നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ വരേണ്ടതാണെങ്കിലും നഗരസഭ ഭരണ നേതൃത്വവും ആരോഗ്യമന്ത്രിയും തമ്മിലുള്ള പ്രശ്‌നങ്ങളുടെ ഭാഗമായാണ് ജനറൽ ആശുപത്രിയുടെ ഭരണച്ചുമതല ജില്ലാ പഞ്ചായത്തിനെ ഏല്പിച്ചതെന്ന് റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി. ജനറൽ ആശുപത്രി കൂടി ഏറ്റെടുക്കേണ്ടി വന്നത് ജില്ലാ പഞ്ചായത്തിന് അധികബാധ്യതയാണെന്നു സമ്മതിച്ച ഓമല്ലൂർ ശങ്കരൻ ഇക്കാര്യത്തിൽ ഒരു പുനർവിചിന്തനം ആവശ്യമുണ്ടോയെന്നു സർക്കാർ തന്നെ തീരുമാനിക്കട്ടേയെന്നും പറഞ്ഞു. ഇക്കാലയളവിൽ ഒരുകോടിയോളം രൂപയുടെ മരുന്ന് ജില്ല പഞ്ചായത്ത് നൽകിയതായും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കികൊടുക്കേണ്ടി വരുന്നതായും ഓമല്ലൂർ ശങ്കരൻ പറഞ്ഞു. എച്ച്എംസിയുടെ കീഴിൽ നൂറിലധികം ജീവനക്കാരുണ്ട്. ഇവരുടെ ശമ്പളമുൾപ്പെടെയുള്ള ആവശ്യങ്ങൾക്കു ഫണ്ട് കണ്ടെത്തണം. പരിമിതികൾക്കിടയിലും ജില്ലാ ആശുപത്രിയിൽ നല്ലനിലയിൽ ജില്ലാ പഞ്ചായത്ത് ഇടപെടലുകളുണ്ടെന്ന് ശങ്കരൻ അഭിപ്രായപ്പെട്ടു. പ്രസ്‌ക്ലബ് സെക്രട്ടറി ജി. വിശാഖൻ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവംഗം എ. ബിജു നന്ദി പറഞ്ഞു.

*നൂതന പദ്ധതികൾ

പതിവു ശൈലിയിൽ നിന്നു വ്യത്യസ്തമായി നൂതനമായ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി നടപ്പിലാക്കിയതെന്ന് ഓമല്ലൂർ ശങ്കരൻ അഭിപ്രായപ്പെട്ടു. മാലിന്യ സംസ്‌കരണ പ്ലാന്റ്, റൈസ് മില്ല്, ജില്ലാ വിജ്ഞാനീയം പുസ്തകം പ്രസിദ്ധീകരണം, ഓക്‌സിജൻ പ്ലാന്റ് എന്നിവ ഉദാഹരണങ്ങളായി അദ്ദേഹം എടുത്തു കാട്ടി. എന്നാൽ ദീർഘവീക്ഷണവും സാങ്കേതിക പരിജ്ഞാനവുമില്ലാതെ നടപ്പാക്കിയ പദ്ധതികൾ പലതും തുടക്കത്തിൽ തന്നെ പാളിയെന്ന് പ്രതിപക്ഷ മെമ്പർ റോബിൻ പീറ്റർ പറഞ്ഞു. പ്രവർത്തനം നിലച്ച് കൊടുമൺ റൈസ് മില്ലും ഓക്‌സിജൻ പ്ലാന്റും ഉദാഹരണങ്ങളായി അദ്ദേഹം എടുത്തുകാട്ടി. റോഡ് മെയിന്റനൻസ് ഗ്രാന്റ് നിലച്ചതോടെ ജില്ലയിലെ ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷമെന്ന നിലയിൽ എല്ലാറ്റിനെയും എതിർക്കുന്ന സമീപനമായിരുന്നില്ല ജില്ലാ പഞ്ചായത്തിൽ യുഡിഎഫ് സ്വീകരിച്ചതെന്നും വികസന പദ്ധതികളെ പിന്തുണച്ചതായും റോബിൻ പീറ്റർ പറഞ്ഞു. പദ്ധതികൾ തയാറാക്കിയെങ്കിലും പണം ഇല്ലാതെ ഉപേക്ഷിക്കേണ്ടി വന്നു. പദ്ധതി വിഹിതം സമയബന്ധിതമായി ലഭിച്ചില്ല. ഇക്കാരണത്താൽ തന്നെ വൻതോതിൽ പദ്ധതി പണം ലാപ്‌സാകുന്ന സ്ഥിതി വിശേഷമുണ്ടായി.

*മാലിന്യ സംസ്‌കരണരംഗത്ത് കുന്നന്താനം പ്ലാന്റ്

കുന്നന്താനത്ത് ഉദ്ഘാടനം ചെയ്ത മാലിന്യ സംസ്‌കരണ പ്ലാന്റ് ജില്ലയെ മാലിന്യമുക്തമാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചെന്ന് ഓമല്ലൂർ ശങ്കരൻ. 8.40 കോടി രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ച പ്ലാന്റിന് പ്രതിദിനം രണ്ട് ടൺ പ്ലാസ്റ്റിക് പാഴ്‌സ്തു സംഭരിക്കാൻ ശേഷിയുള്ളതാണ്. ക്ലീൻ കേരള കമ്പനിയും ജില്ലാ പഞ്ചായത്തും ചേർന്നുള്ള സംരംഭമാണിത്. രണ്ടാംഘട്ടത്തിൽ അഞ്ച് ടൺ മാലിന്യങ്ങൾ സംസ്‌കരിക്കാൻ കഴിയുന്ന തരത്തിൽ പ്ലാന്റ് വിപുലീകരിക്കും. ഹരിത കർമസേന ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് പ്ലാന്റിലെത്തിക്കാനാകുന്നുണ്ട്. ഇതിനായി ഹരിത കർമസേനയെ ശാക്തീകരിച്ചു. മാലിന്യം ശേഖരിക്കാൻ 36 വാഹനങ്ങൾ പഞ്ചായത്തുകൾക്ക് വാങ്ങിനൽകി. മാലിന്യശേഖരണം കാര്യക്ഷമമായതോടെ ജില്ലയിൽ പുതിയ ഉണർവുണ്ടായി .ഇതിന് ആർദ്ര കേരളം പുരസ്‌കാരവും ലഭിച്ചുവെന്ന് ശങ്കരൻ അഭിപ്രായപ്പെട്ടു. മാലിന്യ സംസ്‌കരണം നടപ്പാക്കിയെന്നു പറയുന്‌പോഴും നാടും നഗരവും ഇന്നു ശുചിയായിട്ടില്ലെന്ന് റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി.

*കൊടുമൺ റൈസ് മില്ല് തുടങ്ങി, പിന്നാലെ നിലച്ചു

ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച കൊടുമൺ റൈസ് മില്ല് തുടർ പ്രവർത്തനമില്ലാതെ നിലച്ചു. 1.20 കോടി രൂപ ചെലവിലാണ് റൈസ് മില്ല് തുടങ്ങിയത്. പ്രതിദിനം രണ്ട് ടൺ നെല്ല് കുത്തരിയാക്കി മാറ്റാനുള്ള സംവിധാനമാണുണ്ടായിരുന്നത്. ജില്ലാ പഞ്ചായത്ത്, കൊടുമൺ ഗ്രാമപഞ്ചായത്ത്, കൊടുമൺ ഫാർമേഴ്‌സ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമായാണ് പദ്ധതി ആരംഭിച്ചത്. സാങ്കേതികമായ ചില പ്രശ്‌നങ്ങളാണ് മില്ലിന്റെ പ്രവർത്തനം നിലയ്ക്കാൻ കാരണമായതെന്ന് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഇതു പരിഹരിച്ചു പ്രവർത്തനം പുനരാരംഭിക്കും. ആവശ്യമായ നെല്ലിന്റെ ഉത്പാദനം ജില്ലയിൽ തന്നെ സാധ്യമാക്കാനായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കൊടുമൺ റൈസ്മില്ലിനെ സംബന്ധിച്ചു പുറത്തുവന്ന ഓഡിറ്റ് വന്ന റിപ്പോർട്ടിൽ കെടുകാര്യസ്ഥതയെ സംബന്ധിച്ച പരാമർശമുണ്ടെന്ന് റോബിൻ പീറ്റർ പറഞ്ഞു. മുടക്കു മുതലിന് ആനുപാതികമായ തുക തിരികെ ലഭിക്കാത്തതാണ് പ്രശ്‌നമായത്. കൊടുമൺ റൈസ് മില്ല് പ്രവർത്തനം ആരംഭിച്ചിട്ടേയുള്ളൂവെന്നും ലാഭം ലഭിക്കാൻ സമയമായിട്ടില്ലെന്നും ഓമല്ലൂർ ശങ്കരൻ ചൂണ്ടിക്കാട്ടി. നെല്ലിന് ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. സർക്കാർ നിശ്ചയിക്കുന്ന വിലയിലാണ് നെല്ല് കർഷകരിൽ നിന്നും വാങ്ങുന്നത്. അതിനനുസരിച്ച് അരിവിലയും വർധിക്കും. ഉത്പാദനച്ചെലവ് കൂടുതലാണ്. കർഷകരെ സഹായിക്കുകയും ശുദ്ധമായ അരി ലഭ്യമാക്കാനുമുള്ള പദ്ധതിയാണിതെന്ന് ശങ്കരൻ പറഞ്ഞു. ജില്ലയിൽ 30 ഏക്കർ സ്ഥലത്ത് കരിമ്പു കൃഷി ആരംഭിച്ചു. ഇവിടങ്ങളിൽ നാടൻ ശർക്കര ഉൽപാദനവും നടക്കുന്നു.

*എബിസി കേന്ദ്രം

പുളിക്കീഴിൽ എബിസി കേന്ദ്രം നിർമാണം പൂർത്തിയായി. ഗ്രാമപഞ്ചായത്തുകളുടെ ഫണ്ട് പദ്ധതിക്കുവേണ്ടി കൈമാറുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക തടസമാണ് പ്രവർത്തനം വൈകിപ്പിക്കുന്നത്. മാത്തൂരിൽ ഖാദി ഉൽപാദന കേന്ദ്രം തുടങ്ങി തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. എട്ടുവർഷം മുമ്പ് മുടങ്ങിക്കിടന്ന പത്തനംതിട്ടയിലെ ആസൂത്രണ സെക്രട്ടേറിയറ്റ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ ചരിത്രം ഉൾപ്പെടുത്തി ജില്ലാ വിജ്ഞാനീയ ചരിത്ര പുസ്തകം പുറത്തിറക്കിയത് നേട്ടമായി.

*ഓക്‌സിജൻ പ്ലാന്റിനു സംഭവിച്ചത്

കോവിഡ് കാലത്തെ ഓക്‌സിജൻ ക്ഷാമം വെല്ലുവിളിയായി നിലനിൽക്കവേയാണ് ജില്ലാ ആശുപത്രിയിൽ സ്വന്തം നിലയിൽ ഓക്‌സിജൻ ഉത്പാദിപ്പിക്കാനാകുന്ന പ്ലാന്റിന് ജില്ലാ പഞ്ചായത്ത് അനുമതി നൽകിയത്. 26 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. തുടക്കത്തിൽ നല്ല നിലയിൽ പ്രവർത്തിച്ച പ്ലാന്റ് അധികം വൈകാതെ പൊട്ടിത്തെറിച്ചു. സാങ്കേതക തകരാറാണ് പ്രശ്‌നമായത്. തകരാറിലായ ഉപകരണം മാറ്റിവയ്ക്കണം. ഇറ്റലിയിൽ നിന്നു വേണം ഇതു കൊണ്ടുവരാൻ. ഇക്കാരണത്താൽ ജില്ലാ പഞ്ചായത്തിനു നേരിട്ട് പ്ലാന്റിന്റെ പണി നടത്താനാകില്ലെന്ന് ഓമല്ലൂർ ശങ്കരൻ പറഞ്ഞു. ഓക്‌സിജൻ പ്ലാന്റ് നിർമാണത്തിലും സാങ്കേതിക വശങ്ങൾ പരിശോധിച്ചില്ലെന്നും ഉത്പാദനത്തിനു ചെലവാകുന്ന അത്രയും പണം പുറമേ നിന്ന് ഓക്‌സിജൻ വാങ്ങാൻ വേണ്ടിവരില്ലെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *