അടൂരിലെ രത്‌നമ്മയുടെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് : മോഷ്ടിക്കപ്പെട്ടുവെന്ന് കരുതിയ ആഭരണങ്ങൾ അലമാരയിലെ ലോക്കറിൽ നിന്ന് കണ്ടെത്തി

Pathanamthitta
Print Friendly, PDF & Email

അടൂർ: വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യ തന്നെയെന്ന് പോലീസ്. മോഷണം പോയെന്ന് കരുതിയിരുന്ന ആഭരണങ്ങൾ വീട്ടിലെ അലമാരയുടെ ലോക്കറിൽ നിന്നും കണ്ടെടുത്തു. കോട്ടമുകൾ തോണ്ടത്തറ പുത്തൻ വീട്ടിൽ രത്‌നമ്മ(77)യെയാണ് വീടിനു പിന്നിലെ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന ചെറിയ ഒറ്റ മുറിക്കുള്ളിൽ നവംബർ രണ്ടിന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ പത്തിനാണ് രത്‌നമ്മയെ തൂങ്ങി നിൽക്കുന്ന നിലയിൽ അയൽവാസി കണ്ടത്. ഭർത്താവിന്റെ മരണ ശേഷം ഒറ്റയ്ക്കാണ് രത്‌നമ്മ വീട്ടിൽ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ രത്‌നമ്മയുടെ ഫോണിൽ സഹോദരി പുത്രിയായ സ്മിത വിളിച്ചെങ്കിലും പ്രതികരണമില്ലായിരുന്നു. തുടർന്ന് അയൽവാസിയെ വിളിച്ച് രത്‌നമ്മ ഫോൺ എടുക്കുന്നില്ലെന്ന് അറിയിച്ചു. അയൽവാസി രത്‌നമ്മയുടെ വീട്ടിലെത്തി നോക്കിയപ്പോൾ അടുക്കള വാതിലിൽ രക്തക്കറ കണ്ടു. ഇവർ വീടിനു സമീപമുള്ള മറ്റുള്ളവരെയും വിവരം അറിയിച്ചു. കൂടുതൽ പേരുടെ സഹായത്തോടെ വീണ്ടും വീടും പരിസരവും തെരഞ്ഞു. പുറത്ത് നിന്ന് കുറ്റിയിട്ട ചായ്പ്പ് തുറന്നു നോക്കുമ്പോഴാണ് കയറിൽ തൂങ്ങി നിൽക്കുന്ന രത്‌നമ്മയെ കണ്ടത്. തുടർന്ന് ബന്ധുക്കളെ വിളിച്ചു വരുത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. വാതിലിനു സമീപം രക്തക്കറ കണ്ടതിനാലും തൂങ്ങിമരിച്ച മുറി പുറത്തു നിന്ന് കുറ്റിയിട്ട നിലയിലായതിനാലും ശരീരത്തിൽ സ്വർണാഭരണങ്ങൾ ഇല്ലാത്തതിനാലും കൊലപാതകമാണെന്ന നിലയിൽ വാർത്തകൾ പ്രചരിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡിവൈ.എസ്.പി ജി.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്തെത്തി പരിശോധിച്ചു. പോലീസ് നായ വീടിനുള്ളിലും വീടിന് പുറത്തും പോയതല്ലാതെ റോഡിലേക്ക് പോയില്ല. തുടർന്ന് വീട് തുറന്ന് പോലീസ് നടത്തിയ പരിശോധനയിൽ രത്‌നമ്മയുടെ ആത്മഹത്യ കുറിപ്പ് ലഭിച്ചു. ആത്മഹത്യ ചെയ്യാനുണ്ടായ കാരണങ്ങളെകുറിച്ചുള്ള സൂചന കുറിപ്പിലുണ്ടെന്നാണ് പോലീസ് പറയുന്നത്.

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ വീടിനുള്ളിലെ അലമാരയിലെ ലോക്കറിൽ നിന്ന് വളയും മാലയും കമ്മലും കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ ആത്മഹത്യ സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *