പത്തനംതിട്ട: കോയിപ്രം പോലീസ് സ്‌റ്റേഷനിൽ നിന്നുള്ള മറ്റൊരു പീഡന കഥ കൂടി പുറത്ത്. കള്ളക്കേസിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള അന്വേഷണ റിപ്പോർട്ട് നാലു വർഷമായി പൂഴ്ത്തി. ഇക്കാലയളവിൽ ഉദ്യോഗസ്ഥർ സ്ഥാനക്കയറ്റവും നേടി സർവ്വീസിൽ തുടരുന്നു.
യുവാക്കളെ കള്ളക്കേസിൽ കുടുക്കി റിമാൻഡ് ചെയ്ത പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയിട്ടും യാതൊരു ശിക്ഷാനടപടിയും സ്വീകരിച്ചില്ലെന്ന് പരാതി. 2021 ഏപ്രിൽ 26 ന് അയിരുർ കോറ്റാത്തൂർ ചരുവിൽ വിട്ടിൽ സി.എസ്. പ്രദീപ്, അയിരൂർ സൗത്ത് പള്ളിപ്പറമ്പിൽ മോൻസി ജോസഫ്, മാരാമൺ തകിടിപ്പുറത്ത് ദീപുകുമാർ എന്നിവരെ കേസെടുത്ത് റിമാൻഡ് ചെയ്ത അന്നത്തെ കോയിപ്രം എസ്.എച്ച്.ഓ ഗോപി, എസ്.ഐ രാജൻ ബാബു എന്നിവർക്കെതിരേയാണ് പത്തനംതിട്ട അഡീഷണൽ എസ്.പി, ജില്ലാ സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി എന്നിവർ അന്വേഷണം നടത്തി നടപടിക്ക് ശിപാർശ ചെയ്തത്. നാലു വർഷം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, ഇവർക്ക് സ്ഥാനക്കയറ്റം അടക്കം ലഭിക്കുകയും ചെയ്തുവെന്ന് ജയിലിൽ അടയ്ക്കപ്പെട്ട മോൻസി ജോസഫ്, ദീപുകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മോൻസിയും പ്രദീപും സഞ്ചരിച്ചിരുന്ന കാറിന് നേരെ ക്രഷർ യൂണിറ്റിൽ നിന്ന് പാറപ്പൊടിയുമായി ഇറങ്ങി വന്ന ടിപ്പർ ലോറി ഇടിക്കാൻ ചെന്നു. ഇതേ തുടർന്ന് ഇരുവരും ലോറി െ്രെഡവറുമായി വാക്കേറ്റമുണ്ടായി. ദൃക്‌സാക്ഷികളായ നാട്ടുകാർ കൂടി ചേർന്ന് ലോറി തടഞ്ഞിട്ടു. മോൻസി ഈ വിവരം കോയിപ്രം പോലീസ് സ്‌റ്റേഷനിൽ വിളിച്ച് അറിയിച്ചു. എസ്.ഐ രാജൻ ബാബുവിന്റെ നേതൃത്വത്തിൽ സ്ഥലത്ത് വന്ന പോലീസ് അപകടം ഉണ്ടാക്കാൻ ശ്രമിച്ച ടിപ്പർ ലോറി കസ്റ്റഡിയിൽ എടുത്തു. അതിന്റെ െ്രെഡവറെയും മോൻസി, പ്രദീപ് എന്നിവരെയും സ്‌റ്റേഷനിൽ എത്തിച്ചു. പിന്നെ നടന്നത് വിചിത്രമായ കാര്യങ്ങളാണ്. പരാതിക്കാരായ മോൻസിയെയും പ്രദീപിനെയും ലോറി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തി റിമാൻഡ് ചെയ്തു. ഈ സമയം, സംഭവ സ്ഥലത്തിന് അടുത്തു പോലും ഇല്ലാതിരുന്ന ദീപുവിനെയും പ്രതി ചേർത്തു. മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും വിചാരണക്കോടതിയിൽ ചെല്ലാനായിരുന്നു ദീപുവിന് കിട്ടിയ നിർദേശം. ഇതു പ്രകാരം, കോടതിയിൽ ചെന്ന ദിപുവിനെയും റിമാൻഡ് ചെയ്തു. മൂവരും ആറു ദിവസം ജയിലിൽ കഴിഞ്ഞു. ജയിലിൽ നിന്ന് കോവിഡ് ബാധിച്ചാണ് ദീപു തിരിച്ചെത്തിയത്. വീട്ടിലുള്ളവർക്കെല്ലാം അസുഖം ബാധിച്ചു. ആറു ലക്ഷത്തോളം രൂപ കുടുംബാംഗങ്ങളുടെ ചികിൽസയ്ക്ക് ചെലവായെന്ന് ദീപു പറഞ്ഞു.
ലോറി സ്‌റ്റേഷനിൽ എത്തിച്ച എസ്.ഐ രാജൻബാബു ആദ്യം ജി.ഡി ചാർജിനോട് ടിപ്പർ െ്രെഡവർക്കെതിരേ മോട്ടോർ വാഹന നിയമപ്രകാരം കേസ് എടുക്കാനായിരുന്നു. എന്നാൽ, ലോറി ഉടമ സ്ഥലത്ത് വന്നതോടെയാണ് െ്രെഡവറുടെ മൊഴി എടുത്ത് മോൻസിക്കും പ്രദീപിനുമെതിരേ കേസ് എടുത്തത്. ലോറി ഇവർ തട്ടിയെടുത്തുവെന്ന തരത്തിലായിരുന്നു എഫ്.ഐ.ആർ. ഈ സമയം ലോറി സ്‌റ്റേഷൻ മുറ്റത്തുണ്ടായിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത ശേഷം െ്രെഡവർ ഇതേ ലോറിയുമായിട്ടാണ് പോയത്. മോൻസിയും പ്രദീപും ചേർന്ന് െ്രെഡവറുടെ മൊബൈൽ ഫോൺ തട്ടിയെടുത്തുവെന്നായിരുന്നു മറ്റൊരു കുറ്റാരോപണം. െ്രെഡവർ ഈ മൊബൈലുമായിട്ടാണ് സ്‌റ്റേഷനിൽ നിന്ന് പോയത്. ഇക്കാര്യമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ച ഉണ്ടായെന്ന് അഡീഷണൽ എസ്.പിയായിരുന്ന ബിജി ജോർജും സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായിരുന്ന സുൾഫിക്കറും റിപ്പോർട്ട് നൽകിയത്. ഇവർക്കെതിരേ നടപടിക്കും ശിപാർശ ചെയ്തിരുന്നു.
ഈ റിപ്പോർട്ട് പോലീസ് പൂഴ്ത്തി വച്ചു. ഒരു നടപടിയും ഉണ്ടാകാതെ വന്നപ്പോൾ പല തവണ യുവാക്കൾ മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകി. ഓരോ തവണയും വിളിച്ച് മൊഴി എടുക്കുമെന്നല്ലാതെ പിന്നീടൊന്നും സംഭവിക്കാറില്ല. ഏറ്റവുമൊടുവിലായി കഴിഞ്ഞ 12 ന് തിരുവല്ല ഡിവൈ.എസ്.പി വിളിച്ച് വീണ്ടും മൊഴി എടുത്തു.
ഇതിനിടെ കേസിലെ വാദിയായ ലോറിയുടെ െ്രെഡവർ സ്വന്തം ചെലവിൽ ഇത് കള്ളക്കേസാണെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചു. കേസ് കോടതി റദ്ദാക്കുകയും ചെയ്തു. ലോറി ഉടമയുടെ നിർബന്ധപ്രകാരമാണ് താൻ യുവാക്കൾക്കെതിരേ മൊഴി നൽകാൻ നിർബന്ധിതനായതെന്ന് െ്രെഡവർ തങ്ങളോട് പറഞ്ഞിരുന്നുവെന്ന് ദീപുവും മോൻസിയും പത്രസമ്മേളനത്തിൽ പറഞ്ഞു. അന്നത്തെ തിരുവല്ല ഡിവൈ.എസ്.പി, കോയിപ്രം എസ്.എച്ച്.ഓ, എസ്.ഐ എന്നിവർ ലോറി ഉടമയിൽ നിന്ന് കോഴ വാങ്ങിയെന്നാണ് ഇവരുടെ ആരോപണം. ഇതിൽ തിരുവല്ല ഡിവൈ.എസ്.പിയെ ഒഴിവാക്കിയാണ് അന്വേഷണ റിപ്പോർട്ട് വന്നത്. സർക്കാർ ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കാത്ത പക്ഷം ഇവർക്കെതിരേ സ്വകാര്യ അന്യായവുമായി മുന്നോട്ട് പോകുമെന്ന് ദീപുവും മോൻസിയും പറഞ്ഞു.
What do you feel about this post?
Like
Love
Happy
Haha
Sad

