ഇടുക്കി/കമ്പംമെട്ട്: കേരള – തമിഴ്‌നാട് അതിർത്തി ഗ്രാമമായ കമ്പംമെട്ടിൽ പോലീസ് സ്‌റ്റേഷന് സമീപമുള്ള ചായക്കടയുടെ മറവിൽ അന്തർ സംസ്ഥാന ചീട്ടുകളി സംഘം തമ്പടിക്കുന്നു. കേരളത്തിലും തമിഴ്‌നാട്ടിലും നിന്നുമുള്ളവരാണ് കളിക്കാർ. ചീട്ടുകളിയിൽ ഒരു ദിവസം ലക്ഷക്കണക്കിന് രൂപയാണ് ഇവിടെ മറിയുന്നത്. കമ്പംമെട്ട് സ്വദേശിയായ ഫോട്ടോഗ്രാഫറാണ് സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ.
ഇയാളുടെ ചായക്കടയുടെ പിൻഭാഗത്തെ മുറിയാണ് ചീട്ടുകളി കേന്ദ്രമാക്കിയത്. 1000 രൂപ പ്രവേശന ഫീസ് (ചീട്ടുമേശ വാടക) നൽകിയാൽ മാത്രമേ കളിക്കാർക്ക് അകത്ത് പ്രവേശനം ലഭിക്കൂ. പ്രധാനമായും റമ്മി, വെട്ടിമലർത്ത്, മുച്ചിട്ട് തുടങ്ങിയവയാണ് നടക്കുന്നത്. ഇതിൽ ‘വെട്ടിമലർത്ത്’ എന്ന ചീട്ടുകളിയിലാണ് വൻ തുക മറിയുന്നത്. കഴിഞ്ഞ ഒരു വർഷമായി ഈ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്.
മുമ്പ് തമിഴ്‌നാട്ടിലെ കമ്പത്തെ ഒരു ബാർ കേന്ദ്രീകരിച്ചായിരുന്നു ഈ സംഘം കളിച്ചിരുന്നത്. പോലീസിന്റെ തുടർച്ചയായ റെയ്ഡുകളും അറസ്റ്റുകളും പതിവായതോടെയാണ് ഇവർ അതിർത്തി കടന്ന് കമ്പംമെട്ടിലെക്ക് ഇവർ താവളം മാറ്റിയത്.പോലീസ് സ്‌റ്റേഷന് തൊട്ടടുത്താണ് കേന്ദ്രം പ്രവർത്തിക്കുന്നത് എന്നതിനാൽ അധികൃതർ അറിയാതെയാണ് ഇവർ കളിക്കുന്നത് എന്ന വാദം നാട്ടുകാർ തള്ളിക്കളയുന്നു.


