ഷാർജ: ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കുന്ന ഡോ.മനു വർഗീസിന്റെ “ചിരിപ്പിച്ചു മറഞ്ഞവർ ” എന്ന പുസ്തകത്തിൻറെ പ്രകാശനം 44 മത് ഷാർജ രാജ്യാന്തര പുസ്തക പുസ്തകമേളയിൽ വച്ച് നടക്കും. ഷാർജ എക്സ്പോ സെൻററിലെ റൈറ്റേഴ്സ് ഫോറത്തിൽ വച്ച് നവംബർ ഏഴിന് രാത്രി 9 30നാണ് പ്രകാശന ചടങ്ങ്.
7 വ്യത്യസ്ത മേഖലകളിൽ പ്രവർത്തിച്ച് മലയാളികളെ നർമ്മങ്ങളിലൂടെ പൊട്ടിച്ചിരിപ്പിച്ച് കാലയവനികക്കുള്ളിൽ മറഞ്ഞു പോയ ഏഴു അതുല്യ പ്രതിഭകളുടെ ജീവിതകഥകളും നർമ്മങ്ങളും കോർത്തിണക്കിയ പുസ്തകമാണ് “ചിരിപ്പിച്ചു മറഞ്ഞവർ” കുഞ്ചൻ നമ്പ്യാർ, വൈക്കം മുഹമ്മദ് ബഷീർ, ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ഇ കെ നായനാർ, വി.ടി രാജപ്പൻ, കാർട്ടൂണിസ്റ്റ് യേശുദാസൻ, ഇന്നസെൻറ് തുടങ്ങിയവരുടെ കഥകളാണ് പുസ്തകത്തിൽ ഉള്ളത്. പ്രമുഖ മാധ്യമ പ്രവർത്തകൻ ജി. വിശാഖനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. കവി ശൈലൻ ഉൾപ്പെടെ നിരവധി പ്രമുഖ പ്രകാശന ചടങ്ങിൽ സംബന്ധിക്കും.

നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്ററിൽ 12 ദിവസം നീണ്ടുനിൽക്കുന്ന മേള നടക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ് ബിഎ) സംഘടിപ്പിക്കുന്ന 44-ാമത് എഡിഷൻ ‘നിങ്ങൾക്കും പുസ്തകത്തിനും ഇടയിൽ’ എന്ന പ്രമേയത്തിലാണ് ഒരുങ്ങുന്നത്. സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള ആളുകളുടെ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ലക്ഷ്യമിടുന്ന നൂതനവും സംവേദനാത്മകവുമായ നിരവധി സാംസ്കാരിക പരിപാടികൾ ഇത്തവണത്തെ മേളയെ ശ്രദ്ധേയമാക്കും.


