പത്തനംതിട്ട – യൂട്യൂബ് ചാനല്‍ വഴി സ്ത്രീത്വത്തിനു നേരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ക്കെതിരേ സി.പി.ഐ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ ഡി.ജി.പിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കി.
യുട്യൂബര്‍ രാജന്‍ ജോസഫിനെതിരേയാണ് പരാതി. സെപ്റ്റംബര്‍ 22 ന് തന്റെ യുട്യൂബ് ചാനല്‍ വഴിയാണ് രാജന്‍ ജോസഫ് സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അധിക്ഷേപകരമായ വീഡിയോ സംപ്രേഷണം ചെയ്യുന്നത്. 47 മിനുട്ട് നീളുന്ന വീഡിയോയില്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. മുന്‍പ് കോടതി നിര്‍ദേശ പ്രകാരം മറ്റൊരു യുട്യൂബ് ചാനല്‍ നീക്കിയ വീഡിയോ വീണ്ടും ഇയാള്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
സി.പി.ഐയുടെ മുന്‍ ജില്ലാ സെക്രട്ടറിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നതെന്നും പരാതിയില്‍ ആരോപിക്കുന്നു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് താനിട്ട ഫേസ് ബുക്ക് പോസ്റ്റിലെ ഒരോ വരിയും തെറ്റായി വ്യാഖ്യാനിച്ചും സ്ത്രീവിരുദ്ധ പരാമര്‍ശം വഴി തന്റെ സ്ത്രീത്വത്തെ അപമാനിച്ചുമുള്ള വീഡിയോ ആണിതെന്ന് ശ്രീനാദേവി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.


