തുമ്പമൺ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം ; പോലീസ് ലാത്തിച്ചാർജിൽ നാല് പേർക്ക് പരുക്ക്

Pathanamthitta
Print Friendly, PDF & Email

പന്തളം: തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ പോലീസ് ലാത്തിച്ചാർജ്. പോലീസ് ഉദ്യോഗസ്ഥൻ അടക്കം നാലു പേർക്ക് പരുക്ക്. സി.പി.എം പ്രവർത്തകർ വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്നാരോപിച്ച് കോൺഗ്രസ് പ്രവർത്തകർ പൊലീസിനോട് തർക്കിക്കുന്നതിനിടെയാണ് ലാത്തി ചാർജ് ഉണ്ടായത്. രാവിലെ ഒമ്പതിനാണ് സംഘർഷം ആരംഭിച്ചത്. പോലീസിനു നേരെ കോൺഗ്രസ് പ്രവർത്തകർ പാഞ്ഞടുത്തതോടെ ലാത്തി ചാർജ് തുടങ്ങി. മൂന്ന് കോൺഗ്രസ് പ്രവർത്തകർക്കും പരുക്കേറ്റു. അടി പേടിച്ച് പളളിമുറ്റത്തേക്കും പളളിക്കുളളിലേക്കും ഓടിക്കയറിയവരെ അവിടെ ഇട്ടു തല്ലി.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സഖറിയ വർഗീസിനെ പോലീസ് നിലത്തിട്ട് ചവിട്ടി. പള്ളിമുറ്റത്തേക്ക് ഓടിക്കയറിയ യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എം.ജെ.രഞ്ചുവിനെ ക്രൂരമായി മർദിച്ചതായി കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജോഷ്വ എൻ. വർഗീസിന്റെ തലയ്ക്കും പരുക്കേറ്റു. തുമ്പമൺ പളളിക്കകത്തേക്ക് ഓടിക്കയറിയവരെയും അടിച്ചതായി കോൺഗ്രസ് ആരോപിക്കുന്നു. ലാത്തി ചാർജിനിടെ ശ്രീരാജ് എന്ന സിവിൽ പോലീസ് ഓഫീസർക്കും പരുക്കേറ്റു. തുമ്പമൺ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി. എമ്മിന്റെ നേതൃത്വത്തിലുള്ള സഹകരണ മുന്നണിയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്നണിയും തമ്മിലാണ് മത്സരം നടക്കുന്നത്. രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പിൽ കനത്ത പോളിങ് ആയിരുന്നു. ഒൻപത് മണിയോടെ കോൺഗ്രസ് പ്രവർത്തകർ കള്ള വോട്ട് നടക്കുന്നതായി ആരോപിച്ച് സിപി എം പ്രവർത്തകരുമായി വാക്കേറ്റം നടത്തി. ഇത് സംഘർഷത്തിൽ കലാശിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി എസ്. സന്ദീപ്, പ്രസിഡന്റ് ശ്രീഹരി എന്നിവരെ കോൺഗ്രസ് പ്രവർത്തകർ മർദിച്ചതായി സി.പി.എം ആരോപിച്ചു. സി.പി.എം പ്രവർത്തകർ സംയമനം പാലിക്കുകയും പോലീസ് ഇടപെടുകയും ചെയ്തതിനാൽ ഈ സമയം കൂടുതൽ പ്രശ്‌നങ്ങൾ ഉണ്ടായില്ല.

എന്നാൽ അടൂരിൽ നിന്ന് ഡി.വൈ. എഫ്.ഐ പ്രവർത്തകരെത്തി കള്ളവോട്ട് ചെയ്യുന്നുവെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ 9.30 മുതൽ 11.30 വരെ നിരന്തരം പോലീസുമായി ഉന്തും തള്ളും ഉണ്ടാക്കിക്കൊണ്ടിരുന്നു. പലപ്പോഴും വോട്ടെടുപ്പ് നടക്കുന്ന തുമ്പമൺ എം.ജി. യുപി സ്‌കൂളിലേക്ക് തള്ളിക്കയറാനും ശ്രമിച്ചുകൊണ്ടിരുന്നു. 11.45 ന് യൂത്ത് കോൺഗ്രസ് നേതാവ് എം.ജെ രഞ്ചു വോട്ട് ചെയ്തിറങ്ങിയയാളെ മർദ്ദിച്ചേതോടെ പൊലീസ് കോൺഗ്രസ് പ്രവർത്തകരെ അടിച്ചോടിക്കുകയായിരുന്നു. പോലീസ് അടിച്ചോടിച്ചപ്പോൾ താഴെ വീണ് രണ്ട് പേർക്ക് പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വ്യാപകമായ ക്രമക്കേട് നടക്കുന്നെന്ന് ആരോപിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നതായി അറിയിച്ചു. കോൺഗ്രസ് പ്രവർത്തകർ പല തവണ പന്തളം പത്തനംതിട്ട റോഡും ഉപരോധിച്ചു.

തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രവർത്തകരെ ക്രൂരമായ ആക്രമിച്ച് പരിക്കേൽപ്പിച്ച സി.പി.എം പ്രവർത്തകരുടെയും ന്യായീകരണം ഇല്ലാതെ ലാത്തി ചാർജ് ചെയ്ത പോലീസ് നടപടിയിലും ഡി.സി.സി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പ്രതിഷേധിച്ചു. സി.പി.എം ഗുണ്ടകളെയും, ഉദ്യോഗസ്ഥരെയും പോലീസിനെയും ഉപയോഗിച്ച് ജില്ലയിലെ ഒട്ടുമിക്ക സഹകരണ ബാങ്കുകളും പിടിച്ചടക്കിയ സി.പി.എം നേതൃത്വം തുമ്പമൺ സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലും അതേ സമീപനമാണ് സ്വീകരിച്ചതെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി വ്യാപകമായ കള്ളവോട്ടാണ് നടത്തിയതെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സി.പി.എമ്മിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധ ഗുണ്ടാ രാഷ്ട്രീയത്തിനെതിരെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതിയിട്ടും തെറ്റുതിരുത്താനോ പാഠം പഠിക്കാനോ സി.പി.എം നേതൃത്വം തയ്യാറായിട്ടില്ല എന്നതിന്റെ വ്യക്തമായ തെളിവാണ് തുമ്പമണ്ണിൽ നടന്നതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.

സി.പി.എമ്മിന്റെ ഇത്തരം ജനാധിപത്യ വിരുദ്ധമായ നടപടികൾക്കെതിരെ വരാൻ പോകുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിലും ജനങ്ങൾ വിധിയെഴുതുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. സി.പി.എം ആക്രമണത്തിലും പോലീസ് ലാത്തിചാർജിലും പരിക്കേറ്റ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സക്കറിയ വർഗീസ്, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ചു തുമ്പമൺ, മണ്ഡലം സെക്രട്ടറി എൻ.പി. ജോഷ്വ എന്നിവർ ഗുരുതരമായ പരുക്കുകളോടെ ചികിത്സയിലാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. കുറ്റക്കാർക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് ഡി.സി.സി നേതൃത്വം നൽകുമെന്ന് ഡി.സി.സി പ്രസിഡന്റ് അറിയിച്ചു.

തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കെ പോലീസും ഗുണ്ടകളും ചേർന്ന് കള്ളവോട്ട് ചെയ്യാൻ എത്തിയവരെ സംരക്ഷിച്ചുകൊണ്ട് അവിടെ നിന്ന കോൺഗ്രസ് പ്രവർത്തകരെയും വോട്ട് ചെയ്യാൻ എത്തിയ സഹകാരികളെയും മൃഗീയമായി തല്ലി ചതക്കുകയും അടിച്ചോടിക്കുകയുമാണ് ഉണ്ടായതെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു.

തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിന് ഹൈക്കോടതിയുടെ ഉത്തരവുണ്ടായിട്ടും അതിന് പുല്ലുവില കൊടുത്തു കൊണ്ടാണ് പോലീസും ഗുണ്ടകളും അഴിഞ്ഞാടിയത്. കോടതിവിധിയുടെ നഗ്‌നമായ ലംഘനമാണ് നടന്നിരിക്കുന്നത്. നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് അഴിഞ്ഞാട്ടം നടത്തിയ ഉദ്യോഗസ്ഥരെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *