അടൂർ – ആവശ്യക്കാർക്ക് എപ്പോൾ പോയാലും പാൽ ലഭിയ്ക്കുന്ന എ.ടി.എം ബൂത്ത് ജില്ലയിൽ പ്രവർത്തനം ആരംഭിച്ചു. മേലൂട് ക്ഷീരസംഘത്തിന്റെ ഉടമസ്ഥതയിൽ പതിനാലാം മൈലിലാണ് ജില്ലയിലെ ആദ്യ മിൽക്ക് എ.ടി.എം ബൂത്ത് പ്രവർത്തനം ആരംഭിച്ചത്. മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി മണിയമ്മ ആദ്യ വിൽപന നിർവഹിച്ചു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ക്ഷീര വികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ ഷീബാഖമർ, ക്ഷീരകർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ വി.പി ഉണ്ണികൃഷ്ണൻ, മേലുട് ക്ഷീരസംഘം പ്രസിഡന്റ് എ.പി.ജയൻ, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. അനിത, പള്ളിക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ്, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
ഇരുനൂറ് ലിറ്റർ പാൽ വരെ കേടുകൂടാതെ സംഭരിയ്ക്കാവുന്ന ശീതീകരണിയടക്കമുള്ള സംവിധാനത്തിൽ ആവശ്യക്കാർക്ക് ഏത് സമയവും പാൽ ലഭ്യമാകും. 10, 20, 50, 100, 200 എന്നീ നോട്ടുകൾ ഇട്ടോ ഗൂഗിൾ പേ വഴിയോ സംഘം നൽകുന്ന പ്രത്യേക കാർഡ് ഉപയോഗിച്ചോ ശുദ്ധമായ പാൽ ഈ വെൻഡിംഗ് മെഷീനിലൂടെ ലഭിക്കുന്നതാണ്. പാലിന്റെ അളവ് കുറയുന്ന മുറയ്ക്ക് വീണ്ടും നിറയ്ക്കുന്ന സംവിധാനത്തിൽ കർഷകർ എത്തിയ്ക്കുന്ന പാൽ ഗുണനിലവാരം ഉറപ്പാക്കി ദിവസവും രണ്ടു നേരം നിറച്ച് ഉപയോഗിക്കുന്നതിനാണ് ആദ്യഘട്ട ആലോചന. ക്ഷീരോത്പാദന വിതരണ രംഗത്ത് നവീനാശയങ്ങൾ നടപ്പിലാക്കുന്നതിനുള്ള ഭരണസമിതിയുടെ ഇച്ഛാശക്തിയാണ് പ്രവർത്തനം ആരംഭിച്ചിട്ട് കേവലം 5 വർഷം മാത്രമായ സംഘത്തിനെ ഇത്തരമൊരു സംരംഭം തുടങ്ങുന്നതിന് പ്രേരിപ്പിച്ചത്. വെൻഡിംഗ് മെഷീന്റെ പ്രവർത്തനം ഡൽഹിയിലെത്തി നേരിട്ട് കണ്ട് മനസിലാക്കി സംഘത്തിൽ നടപ്പിലാക്കാൻ സംഘം പ്രസിഡന്റ് എ പി ജയൻ മുന്നിട്ടിറങ്ങി. പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം കൂടി ലഭ്യമായതോടെ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായ പദ്ധതി നടപ്പിലാവുകയായിരുന്നു.


