പത്തനംതിട്ട – അച്ചൻകോവിലാറ്റിൽ ചാടിയ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് സ്കൂബ ടീം നടത്തിയ തെരച്ചിലിൽ കണ്ടെത്തി. കൊടുന്തറ പടിഞ്ഞാറേ പഴന്തറ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന കരിമാൻതോട് സ്വദേശി നന്ദു പ്രസാദി(22)ന്റെ മൃതദേഹമാണ് ഞായർ ഉച്ചയോടെ താഴൂർക്കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് അച്ചൻകോവിലാറ്റിൽ കൊടുന്തറ ഭാഗത്ത് നന്ദു ചാടിയത്. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരോധാനത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. രാത്രിയിൽ ബന്ധുക്കൾ നടത്തിയ തെരച്ചിൽ കൊടുന്തറ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ബലിക്കടവിൽ നന്ദുവിന്റെ കുട, ചെരുപ്പ് എന്നിവ കണ്ടെടുത്തിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ ഉച്ചയോടെ താഴൂർക്കടവ് ഭാഗത്ത് നിന്ന് മുകളിലേക്ക് ഫയർ ഫോഴ്സ് സ്കൂബ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. ഇന്നുമാത്രം കൈപ്പട്ടൂർ പാലത്തിൽ നിന്ന് ചാടി കാണാതായ പെൺകുട്ടിയുടേതടക്കം മൂന്നു മൃതദേഹങ്ങളാണ് അഗ്നിശമന സേനാ സ്കൂബാ ടീം കണ്ടെത്തിയത്. പത്തനംതിട്ട പോലീസ് മേൽനടപടി സ്വീകരിച്ചു.


