പത്തനംതിട്ട: ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് ടീം. ലഹരി മരുന്നുകളുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന കുറ്റവാളികൾക്ക് പിന്നാലെ നിഴൽ പോലെ എപ്പോഴുമുണ്ടാവും ഇവർ. ആത്മധൈര്യം കൈമുതലാക്കി ഏതുസമയത്തും നിതാന്ത ജാഗ്രതയോടെ കർത്തവ്യ നിരതരാവുന്ന പോലീസ് സംഘം അതാണ് – ഡാൻസാഫ്.
ലഹരിയുൽപ്പന്നങ്ങളുടെ കൃഷി, കച്ചവടം, കടത്ത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുക, സ്വന്തം നിലയ്ക്കും ഇതര വകുപ്പുകളുമായി ചേർന്നും പ്രത്യേകപരിശോധനകൾ നടത്തുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. ഡാൻസാഫിന്റെ മുൻഗാമിയാണ് സംസ്ഥാന തലത്തിൽ രൂപീകൃതമായ ആന്റി നർകോട്ടിക് സ്ക്വാഡ് (എഎൻഎസ്). ജില്ലയിൽ ഡാൻസാഫ് (ഡിസ്ട്രിക്റ്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ്) രൂപീകരിച്ചത് 2016 ലാണ്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ നിയന്ത്രണത്തിലാണ് പ്രവർത്തിച്ചു വരുന്നത്. ഇപ്പോൾ സംഘത്തിൽ ഒരു എസ്.ഐയും എട്ടു പോലീസ് ഉദ്യോഗസ്ഥരുമാണുള്ളത്.
ജില്ലാ പോലീസ് മേധാവിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലും ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലും പ്രവർത്തിക്കുന്ന ഈ പ്രത്യേക വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥർ ലഹരിയുടെ വക്താക്കൾക്ക് എന്നും പേടിസ്വപ്നമായിരുന്നു. ഡാൻസാഫ് സംഘം ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിൽ സമീപകാലത്ത് ഏറെ മുന്നേറിയതായി കണക്കുകൾ കാണിക്കുന്നു.
ഇടയ്ക്കിടെ നടത്താറുള്ള ‘ഡി ഹണ്ട് ‘ എന്ന് പേരിട്ട പ്രത്യേക ഓപ്പറേഷൻ ഫെബ്രുവരി 22 ന് ആരംഭിച്ചത് ഇപ്പോഴും ജില്ലയിൽ തുടരുകയാണ്.
മാർച്ച് 31 ന് അവസാനിച്ച കാലയളവിൽ ജില്ലയിൽ പോലീസ് നടത്തിയ റെയ്ഡുകളിൽ ആകെ 2893 പേരെയാണ് പരിശോധിച്ചത്. ലഹരിയുമായി ബന്ധപ്പെട്ട് 258 കേസുകൾ രജിസ്റ്റർ ചെയ്തു. 263 പേരെ അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും 6.571 ഗ്രാം എംഡിഎംഎയും 3.657 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കഞ്ചാവ് ബീഡി വലിച്ച 228 പേരെയും പിടികൂടി. റെയ്ഡുകൾ ഉൾപ്പെടെയുള്ള നടപടികൾ തുടരുമെന്നും, ലഹരിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്നും ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാർ പറഞ്ഞു.
ഈവർഷം ഇതുവരെ പിടികൂടിയത് 0.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഉൾപ്പെടെ ആകെ 17 കിലോയോളം കഞ്ചാവും ആറു ഗ്രാം ഹാഷിഷ് ഓയിലും 3.67 ഗ്രാം എംഡിഎംഎയും, 1.01 ഗ്രാം ബ്രൗൺ ഷുഗറുമാണ്. കഴിഞ്ഞവർഷമാകട്ടെ 48 കിലോയിലധികം കഞ്ചാവും 11 ഗ്രാം ബ്രൗൺ ഷുഗറും 11. 950 ഗ്രാം എംഡിഎം എയും പ്രതികളിൽ നിന്നും കണ്ടെടുത്തു.
116 കിലോയോളം കഞ്ചാവും 1.045 കിലോ ഹാഷിഷ് ഓയിലും 0.965 കിലോ ചരസും 3.60 ഗ്രാം ഹെറോയിനും 513.640 ഗ്രാം എം ഡി എം എ യുമാണ് 2023 ൽ പിടികൂടിയത്. തൊട്ടു മുമ്പത്തെ കൊല്ലം ആകെ 35.5 കിലോയോളം കഞ്ചാവ്, 36 ഗ്രാം ഹാഷിഷ് ഓയിൽ, ഒരു കഞ്ചാവ് ചെടി, 169.596 ഗ്രാം എം ഡി എം എ എന്നിങ്ങനെയും പിടിച്ചെടുത്തു.
കഞ്ചാവ്, എം ഡി എം എ ലഹരി ഉൽപ്പന്നങ്ങളുടെ അളവിന്റെയും തൂക്കത്തിന്റെയും അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമായി തിരിച്ചിരിക്കുന്നത് ചെറുത്, ഇടത്തരം, വ്യാവസായികം എന്നിങ്ങനെ. കഞ്ചാവിനെ സംബന്ധിച്ചാണെങ്കിൽ ചെറിയ അളവ് എന്നത് ഒരു കിലോയിൽ താഴെയാണ്. ഒന്നിനും 20 കിലോയ്ക്കും ഇടയിൽ ഇടത്തരവും 20 നുമുകളിൽ വ്യാവസായിക അളവുമാണ്. എം.ഡി.എം.എ ആവട്ടെ, .5 ഗ്രാമിന് താഴെ ചെറുത്, .5 മുതൽ 10 ഗ്രാം വരെ ഇടത്തരം, അതിന് മുകളിൽ വ്യാവസായികം എന്നിങ്ങനെയാണ് ഇനം തിരിയ്ക്കുക.


