വീട്ടുപകരണങ്ങൾ ലോറിയിൽ മോഷ്ടിച്ചുകടത്തിയ മൂന്നുപേർ പിടിയിൽ

Crime Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട : വീട്ടിനുള്ളിൽ അതിക്രമിച്ചുകടന്ന് 20000 രൂപ വിലവരുന്ന പാത്രങ്ങളും വീട്ടുപകരണങ്ങളും ലോറിയിൽ മോഷ്ടിച്ചുകടത്തിയ കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. നാരങ്ങാനം കണമുക്ക് സുധി ഭവനം വീട്ടിൽ പൊടിയൻ ജോണിന്റെ മകൻ സുലൈമാൻ എന്ന് വിളിക്കുന്ന സുനിൽ ടി (50), നാരങ്ങാനം മഠത്തുംപടി പുത്തൻവീട്ടിൽ ശങ്കരന്റെ മകൻ മൊട്ടു എന്ന് വിളിക്കുന്ന രാമചന്ദ്രൻ (41), തടിയൂർ കോളവ കുഴിക്കാല ലക്ഷംവീട് കോളനിയിൽ തോമസ് രാജിന്റെ മകൻ ആമ എന്ന് വിളിപ്പേരുള്ള ബിജോയ്‌ (48) എന്നിവരാണ് ആറന്മുള പോലീസിന്റെ പിടിയിലായത്. കുമ്പഴ പരുത്തിയാനിക്കൽ അനുഗ്രഹ വീട്ടിൽ വാസുദേവന്റെ മകൻ അനുവിന്റെ ഭാര്യയുടെ നാരങ്ങാനം കണമുക്കിലുള്ള തമ്പുരാൻ കാലായിൽ കുടുംബവീട്ടിൽ ഇന്നലെ വൈകിട്ട് 6 മണിക്കാണ് മോഷണം നടന്നത്. ഇരുമ്പ്, ചെമ്പ്, ഓട് എന്നിവയിൽ നിർമിച്ച പാത്രങ്ങളും പമ്പ് സെറ്റുമാണ് മോഷ്ടിച്ച് കോന്നി പൂവൻ പാറയിലെ ആക്രിക്കടയിൽ പ്രതികൾ വിറ്റത്. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഇവ അവിടെനിന്നും കണ്ടെടുത്തു.
എസ് ഐ അലോഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്ത് മണിക്കൂറുകൾക്കുള്ളിൽ മോഷ്ടാക്കളെ കുടുക്കിയത്. പത്തനംതിട്ട കെ എസ് ആർ ടി സി ബസ്സ്റ്റാന്റിനടുത്ത് മോഷ്ടാക്കൾ നിൽക്കുന്ന രഹസ്യവിവരം ലഭിച്ചതിനെതുടർന്ന് അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രതികളുടെ പക്കൽ നിന്നും മോഷ്ടിച്ച വസ്തുക്കൾ വിറ്റുകിട്ടിയ തുകയിൽ ചെലവഴിച്ചതിന്റെ ബാക്കി കണ്ടെടുത്തു. ഒന്നാം പ്രതിയുടെ കുറ്റസമ്മതമൊഴിയനുസരിച്ചാണ് കോന്നി പൂവൻപാറയിലെ ആക്രിക്കടയിൽ നിന്നും തൊണ്ടിമുതലുകൾ കണ്ടെടുത്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *