അടൂർ പോലീസും ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് നടത്തിയ നീക്കത്തിൽ കഞ്ചാവുമായി ആസാം സ്വദേശി കുടുങ്ങി. ആസാം സോണിത് പൂർ ജില്ലയിൽ തെല്ലിയാഗാവ് പി.ഒ യിൽ മുസ്ലിം ചപാരി വീട്ടിൽ താരാമിയ മകൻ ഷഹിദ് ഉൾ ഇസ്ലാം(24) ആണ് 103 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ജില്ല പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരന്റെയും അടൂർ ഡി വൈ എസ് പി ആർ ജയരാജിന്റെയും മേൽനോട്ടത്തിൽ അടൂർ എസ് ഐ മനീഷിന്റെ നേതൃത്വത്തിലുള്ള സംഘവും സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതിയെ ചെറുപുഞ്ചയിൽ നിന്ന് പിടികൂടിയത്. ഇവിടെ മൂന്നാളം ഭാഗത്തേക്ക് പോകുന്ന റോഡിൽ വച്ച് പോലീസിനെ കണ്ട ഇയാൾ പരിഭ്രമത്തോടെ കഞ്ചാവ് മുണ്ടിനുള്ളിൽ തിരുകാൻ ശ്രമിച്ചു. പ്ലാസ്റ്റിക് കവറിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. ആസാമിൽ നിന്നും വിൽക്കാൻ കൊണ്ടുവന്നതാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.


