പത്തനംതിട്ട – തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി മഴക്കാല പൂർവ ശുചീകരണം ആരംഭിക്കാനും മഴ ശക്തമാകുന്നതിന് മുമ്പ് ഓടകൾ, കൈത്തോടുകൾ, കൽവർട്ടുകൾ, ചെറിയ കനാലുകൾ എന്നിവയിലെ തടസം നീക്കാനും ജില്ല കലക്ടർ എസ് പ്രേം കൃഷ്ണന്റെ നിർദേശം. നിയുക്ത എംഎൽഎമാരായ വർഗീസ് മാമ്മൻ, സി വി ശാന്തകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന കാലവർഷ മുന്നൊരുക്ക അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു ജില്ല കലക്ടർ.
മാലിന്യ നിർമാർജനം തദ്ദേശ സ്ഥാപനങ്ങൾ വേഗത്തിൽ നടത്തണം. മഴയ്ക്ക് മുമ്പ് പൊതു ഇടങ്ങളിൽ മാലിന്യം കെട്ടികിടക്കുന്നില്ലെന്ന് ഉറപ്പാക്കണം. കൊതുക് നിർമാർജനം വ്യാപകമാക്കും. ഓടകൾ, നീർച്ചാലുകൾ, പൊതുജലാശയങ്ങൾ മുതലായ എല്ലാ ജല നിർഗമന പാതകളും വൃത്തിയാക്കും. ജില്ല തലത്തിലും താലൂക്ക് തലത്തിലും ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം നടപ്പാക്കും. താലൂക്ക് എമർജൻസി ഓപ്പറേഷൻ സെന്റർ പൂർണമായും പ്രവർത്തന സജ്ജമാക്കും.
ജില്ലാതലത്തിൽ യോഗം ചേർന്ന് മഴക്കാല ദുരന്ത സാധ്യതകളെ നേരിടാൻ പ്രാദേശിക കർമ പദ്ധതി തയ്യാറാക്കും. ദുരന്ത സാധ്യതാ പ്രദേശങ്ങളിലുള്ളവരുടെ പട്ടിക തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും വില്ലേജ് തലത്തിലും പുതുക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികളെല്ലാം എല്ലാ വകുപ്പുകളും സ്വീകരിക്കാൻ ജില്ല കലക്ടർ നിർദേശിച്ചു.
മഴക്കാലത്ത് വ്യാപകമാകുന്ന ഡെങ്കിപ്പനി, എലിപ്പനി മുതലായവ തടയാൻ നടപടി സ്വകരിക്കും. പാമ്പ് കടിക്കുള്ള പ്രതിരോധ മരുന്ന് സജ്ജീകരിക്കും. ആരോഗ്യ ജാഗ്രതാ കലണ്ടറിൽ നിർദേശിച്ച പ്രകാരം പ്രവർത്തനം സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കും.
രണ്ടാഴ്ചയിൽ ഒരിക്കൽ ജില്ലാതലത്തിൽ അവലോകനയോഗം ചേർന്ന് പകർച്ചവ്യാധികളുടെ സ്ഥിതിഗതി വിലയിരുത്തും. എല്ലാ ആഴ്ചയിലും ജില്ല സർവൈലൻസ് ഓഫീസർമാരുടെ അവലോകനയോഗം ചേരും. പ്രാണിജന്യ, ജന്തുജന്യ, വായുജന്യരോഗങ്ങളുടെ വ്യാപനം തടയുന്നതിന് മുൻകരുതൽ സ്വീകരിക്കും.
ദുരിതാശ്വാസ ക്യാമ്പുകളിൽ ശുചിമുറികൾ, വൈദ്യുതി, ലൈറ്റ്, ഫാൻ, അടുക്കള മുതലായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കും. ക്യാമ്പുകളെ സംബന്ധിച്ച വിവരങ്ങൾ എല്ലാ പ്രാദേശിക സർക്കാർ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പരസ്യപ്പെടുത്തും.
അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ എന്നിവ മുറിച്ചുമാറ്റും. സ്കൂളുകളുടെ സുരക്ഷ പ്രത്യേകമായി പരിശോധിച്ച് ഉറപ്പാക്കും. സ്കൂളുകൾ, അങ്കണവാടികൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ചുറ്റുമതിൽ, മേൽക്കൂര എന്നിവ അപകടാവസ്ഥയിൽ അല്ലെന്ന് ഉറപ്പാക്കണം.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ സ്കൂൾ ആപ്പ് ഉപയോഗിച്ച് എല്ലാ സ്കുളുകളും സ്കൂൾ സുരക്ഷാ പദ്ധതി തയ്യാറാക്കണം. സ്കൂൾ സേഫ്റ്റി പദ്ധതി സംബന്ധിച്ച് അധ്യാപകർക്ക് പരിശീലനം നൽകും. ഉരുൾപ്പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ വീടുകളിൽ താമസിക്കുന്നവരുടെ പ്രത്യേക പട്ടിക തയ്യാറാക്കും.
ഉരുൾപ്പൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുളള പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഫോൺനമ്പർ ഉൾപ്പെടെയുളള വിവരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാർ ശേഖരിച്ച് അതാത് വില്ലേജ് ഓഫീസർക്ക് കൈമാറണം. ദുരന്ത സാധ്യതാ പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളുടെ വിവര ശേഖരണം നടത്തി മഴ, ദുരന്ത സാധ്യതാ മുന്നറിയിപ്പ് എത്തിക്കണം.
പ്രളയവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും വെളളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും എലിപ്പനി പ്രതിരോധത്തിനായി ഡോക്സി സൈക്ലിൻ ഗുളിക വിതരണം ചെയ്യും.
ജില്ലയിലെ ഡാമുകളുടെ സ്പിൽവേകളും ഷട്ടറുകളും സുഗമമായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കും.
ഡാമുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പുകൾ ലഭ്യമാകുമ്പോൾ ഡാമിലെ ജലം ഒഴുകുന്ന എല്ലാ പഞ്ചായത്തുകളിലും മൈക്ക് അനൗൺസ്മെന്റുകൾ നടത്തും. താലൂക്ക് അടിസ്ഥാനത്തിൽ ഭക്ഷ്യ സാധനങ്ങൾ വെളളം കയറാതെ ശേഖരിക്കുന്നതിനുളള സംഭരണ ശാലകൾ ഉറപ്പാക്കാനും ജില്ല കലക്ടർ നിർദേശിച്ചു.


