അയിരൂർ – 12 വർഷത്തിനു മുന്നേ ആറന്മുള പാർത്ഥസാരഥീ ക്ഷേത്രത്തിലെ വിഗ്രഹം പൊതിയാൻ റോ യിലെ മുൻ മലയാളി ഉദ്യോഗസ്ഥൻ സമർപ്പിച്ച 58 പവൻ സ്വർണം എവിടെ ? താൻ നൽകിയ സ്വർണം കൊണ്ട് 12 വർഷം മുന്നേ സ്വർണം പൊതിഞ്ഞ ശ്രീകൃഷ്ണ വിഗ്രഹം 2 വർഷം മുന്നേ ദേവസ്വം വെള്ളി പൊതിഞ്ഞത് എങ്ങനെ ? അപ്പോൾ എവിടെപ്പോയി താൻ നൽകിയ ആ 58 പവൻ സ്വർണം എന്ന വഴിപാടുകാരൻ്റെ ചോദ്യത്തിനു ലഭിച്ച ഉത്തരമിതാണ്.
ഇപ്പോൾ തങ്ങൾക്ക് അതിനെ കുറിച്ചൊന്നും അറിയില്ല, പഴയ റിക്കോർഡുകൾ കണ്ടെടുത്തു പരിശോധിക്കട്ടെയെന്ന് ദേവസ്വം ഉദ്യോഗസ്ഥർ
2013 ൽ അയിരൂർ സ്വദേശിയും റോ ഉദ്യോഗസ്ഥനുമായ രാമചന്ദ്രൻ നായരാണ് 58 പവൻ സ്വർണ്ണം ഭഗവാൻ്റെ വിഗ്രഹത്തിൽ പതിക്കാൻ വഴിപാടായി സമർപ്പിച്ചത്.
വിഗ്രഹത്തിന്റെ കൈ ഭാഗത്തിന് അഭിഷേകത്തിനിടെ കുടം പോലുള്ള എന്തോ ഒന്ന് വീണു പരിക്കുണ്ടായിരുന്നു എന്ന് രാമചന്ദ്രൻ നായർ പറഞ്ഞു. അത് മുള കൊണ്ട് മറ്റോ കെട്ടി വെച്ചിരിക്കുകയായിരുന്നു. അത് ഞാൻ അറിയുകയും ദേവസ്വവുമായി ബന്ധപ്പെടുകയുമാ യിരുന്നു. അന്ന് രാമൻ നായരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്. നിങ്ങൾ കാശു മുടക്കുന്നതല്ലേ എന്താ വേണ്ടതെന്നു വച്ചാൽ ചെയ്തോളൂ എന്ന് പറഞ്ഞ് അദ്ദേഹം തന്ത്രിയുടെ അനുമതി വാങ്ങി നൽകി.2013ലാണ് 58 പവൻ കൊണ്ട് വിഗ്രഹം മുഴുവൻ സ്വർണം പൊതിഞ്ഞത്. അതു താൻ നേരിൽ കണ്ടതുമാണ്. അതു ഭഗവാനു സമർപ്പിച്ചതിനാൽ അതിനെക്കുറിച്ച് ഞാൻ പിന്നീട് അന്വേഷിച്ചില്ല. എന്നാൽ രണ്ടു വർഷം മുൻപ് വിഗ്രഹത്തിലെ സ്വർണം എടുത്തുമാറ്റാൻ പോവുകയാണെന്ന് ക്ഷേത്രത്തിലുള്ളവരുടെ വായയിൽ നിന്നും തന്നെ അബദ്ധത്തിൽ വീഴുകയായിരുന്നു . അവർ വിഗ്രഹത്തിൽ വെള്ളി പൊതിയാൻ പോവുകയാണെന്നും ഞാൻ അറിഞ്ഞു. എന്നാൽ ഈ വർഷം താൻ ക്ഷേത്രത്തിൽ ചെന്നപ്പോൾ കണ്ടത് വെള്ളി പൊതിഞ്ഞ വിഗ്രഹമാണ്. വിഗ്രഹത്തിൽ പൊതിഞ്ഞ സ്വർണം മുഴുവൻ എവിടെ പോയി എന്ന് ചോദ്യത്തിന് അറിയില്ല, പരിശോധിക്കട്ടെ എന്നാണ് നിലവിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ മറുപടിയെന്നും രാമചന്ദ്രൻ നായർ പറഞ്ഞു.


