പത്തനംതിട്ട – കൊടുമണ്ണിൽ നിന്ന് ഒമ്പതാംക്ലാസ്സുകാരിയെ ഓട്ടോറിക്ഷയില്‍ നാലു യുവാക്കള്‍ കടത്തിക്കൊണ്ടു പോയത് കാമുകനുമായുള്ള വിവാഹം നടത്താനെന്ന് പൊലീസ്. വഴിയില്‍ ഓട്ടോറിക്ഷ ബ്രേക്ക് കേടായാണ് പ്രതികളും പെണ്‍കുട്ടിയും പിടിയിലാകാന്‍ കാരണമായത്. കോടതിയില്‍ ഹാജരാക്കിയ നാലു പ്രതികളെയും റിമാന്‍ഡ് ചെയ്തു.
വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യത്തോടെയാണ് നാലംഗ സംഘം വീട്ടില്‍ ചെന്ന് പെണ്‍കുട്ടിയെ വിളിച്ചിറക്കി കൊണ്ടു പോയത് എന്നാണു പോലീസ് പറയുന്നത്. ചെന്നീര്‍ക്കര ഊന്നുകല്‍ പനക്കല്‍ എരുത്തിപ്പാട്ട് വലിയമുറിയില്‍ വി.എസ്.അരുണ്‍ (24), പ്രക്കാനം കൈമുട്ടില്‍പ്പടി കാഞ്ഞിരം നില്‍ക്കുന്നതില്‍ സജു സജി (22), ചെന്നീര്‍ക്കര മുട്ടത്തുകോണം പനക്കല്‍ എരുത്തിപ്പാട്ട് അജിഭവനം വീട്ടില്‍ അജി ശശി (18), ഇലവുംതിട്ട നെടിയകാല കോട്ടൂര്‍പ്പാറ തടത്തില്‍ അഭിഷിക് (22) എന്നിവരെയാണ് കൊടുമണ്‍ പോലീസ് രാത്രിതന്നെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.
ഒന്നാം പ്രതിയായ അരുണ്‍ വിവാഹം കഴിക്കാമെന്ന ഉദ്ദേശത്തോടെ കുട്ടിയുടെ വീട്ടില്‍ നിന്നും വെള്ളിയാഴ്ച രാത്രി ഒമ്പതു മണിക്ക് സുഹൃത്തുക്കളുടെ സഹായത്താല്‍ ഓട്ടോയില്‍ കടത്തിക്കൊണ്ടു പോന്നത്. രണ്ടാം പ്രതി സജുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ. മൂന്നാം പ്രതി അജിയാണ് വാഹനം ഓടിച്ചത്. കുട്ടിയുടെ പിതാവ് അടുത്ത കാലത്തുണ്ടായ അപകടത്തില്‍ കാലൊടിഞ്ഞ് കിടക്കുകയാണ്. പിതാവിന്റെ സുഖവിവരം അന്വേഷിക്കാന്‍ ചെന്ന ഇവര്‍ മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ പെണ്‍കുട്ടിയെയും വിളിച്ചിറക്കി സ്ഥലം വിടുകയായിരുന്നു.
ഇവര്‍ വീട്ടില്‍ വന്ന് പോയതിന് ശേഷം പെണ്‍കുട്ടിയെ കാണാതായി. യുവാക്കള്‍ക്കൊപ്പം പോയിരിക്കാമെന്ന തിരിച്ചറിവിലാണ് പിതാവ് പൊലീസില്‍ വിവരം അറിയിച്ചത്. ഇദ്ദേഹത്തിന്റെ മൊഴിപ്രകാരം കേസെടുത്ത കൊടുമണ്‍ പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും സമീപ സ്‌റ്റേഷനുകളിലേക്ക് വിവരം ഉടനടി കൈമാറുകയും ചെയ്തിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം കൊടുമണ്‍, ഇലവുംതിട്ട പോലീസ് സ്‌റ്റേഷനുകളിലെ പട്രോളിംഗ് സംഘങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിയ തെരച്ചിലില്‍ ഓട്ടോറിക്ഷ ചന്ദനപ്പള്ളി മൂന്നാം കലുങ്ക് എന്ന സ്ഥലത്തുനിന്നും നിന്നും കണ്ടെത്തുകയും, രണ്ടുമുതല്‍ നാലുവരെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ കുട്ടിയും അരുണും ചന്ദനപ്പള്ളിയിലുണ്ടെന്ന് വെളിപ്പെടുത്തിയതിനെ തുടര്‍ന്ന്, പോലീസ് സംഘം അവിടെയെത്തി അരുണിനെയും കസ്റ്റഡിയിലെടുത്തു. അടൂര്‍ ഡി വൈ എസ് പി ആര്‍ ജയരാജിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. പ്രതികളെ തുടര്‍ന്ന് അടൂര്‍ ഗവണ്മെന്റ് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് ശേഷം, സ്‌റ്റേഷനില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടിയെ പോലീസ് വീട്ടുകാര്‍ക്കൊപ്പം അയച്ചു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണസംഘത്തില്‍ കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍, എസ് ഐ രാജേഷ് കുമാര്‍, സിപിഓമാരായ ഷിജു, രാജീവന്‍, പ്രദീപ്, സുനില്‍ ഇലവുംതിട്ട പോലീസ് സ്‌റ്റേഷനിലെ സിപിഓ സുരേഷ് എന്നിവരാണ് ഉണ്ടായിരുന്നത്.


