കോയിപ്രം – ജിംനേഷ്യത്തിലെ സംഘർഷത്തിൽ ട്രെയിനറെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പുറമറ്റം പടുതോട് മരുതുകാലായിൽ ഷിജിൻ ഷാജഹാൻ (24), കീഴ്വായ്പൂര് മണ്ണുംപുറം കുളത്തുങ്കൽ ബിൻസൺ കെ. മാത്യു (28) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. വെണ്ണിക്കുളത്തുള്ള പെഗാസസ് ജിംനേഷ്യത്തിൽ പ്രാക്ടീസിനു വന്ന ഷിജിൻ ഷാജഹാനെ ജിമ്മിനുള്ളിൽ ലഹരിവസ്തു ഉപയോഗിക്കുന്നത് വിലക്കിയതിലുള്ള വിരോധംകൊണ്ട് ജിം ട്രെയിനറായ അലൻ റോയിയെ ഓഗസ്റ്റ് ഒന്നിന് വൈകിട്ട് 6.30 ന് ഷിജിൻ ഉൾപ്പെടെയുള്ള അഞ്ചു പ്രതികൾ ചേർന്ന് ജിമ്മിൽ പ്രാക്ടീസിന് ഉപയോഗിക്കുന്ന ഇരുമ്പ് ബാർ, ഹെൽമെറ്റ് എന്നിവ എടുത്ത് തലയിൽ അടിക്കുകയും നെഞ്ചത്ത് ചവിട്ടുകയും മറ്റും ചെയ്ത് കൊലപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു. ഈ കേസിലെ മൂന്നു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിൽ പോയിരുന്ന ഷിജിൻ, ബിൻസൺ എന്നിവർക്കായി ഊർജിതമായ തെരച്ചിൽ നടത്തിവരവേ 18ന് മുട്ടുമൺ നിന്നും ഇരുവരെയും കസ്റ്റഡിയിൽ എടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. ഷിജിൻ ഷാജഹാൻ കോയിപ്രം പോലീസ് സ്റ്റേഷനിലെ രണ്ട് ക്രിമിനൽ കേസുകളിലും ബിൻസൺ കെ. മാത്യു തിരുവല്ല പോലീസ് സ്റ്റേഷനിലെ
മയക്കു മരുന്ന് കേസിലും പ്രതികളാണ്. പോലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ എസ്.ഐ രാജീവ്, എസ്.സി.പി.ഓമാരായ എ.എസ്.സുരേഷ്, ഷബാന, സി.പി.ഓ മാരായ പരശുറാം, ജയേഷ്, മുരുകദാസ്, ഇർഷാദ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.


