തിരുവല്ല:- കൊച്ചുവെളുപ്പാൻ കാലത്ത് വടിപോലെ തേച്ച ഖദറും ധരിച്ച് കെപിസിസി പ്രസിഡന്റിനെ മാർത്തോമ്മ മെത്രാപ്പോലീത്തയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ അരമനയിലേക്ക് തള്ളിക്കയറിയ കോൺഗ്രസ് നേതാക്കളുടെ പടയ്ക്ക് തിരിച്ചടി. കെപിസിസി പ്രസിഡന്റിനൊപ്പം പ്രഫ. പി.ജെ. കുര്യനെ മാത്രമാണ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത തന്റെ സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചത്. തിരുമേനിയുടെ സ്വന്തം ആളാണ് താനെന്ന് മേനി നടിച്ച് വരുന്ന പഞ്ചായത്ത് – നിയമസഭ തെരഞ്ഞെടുപ്പുകളിൽ സീറ്റ് കൂടി ലക്ഷ്യമിട്ട് ഇടിച്ചു നിന്ന നേതാക്കൾക്ക് പുറമേ കാത്തു നിന്ന് കാലിന് നീരു വച്ചുവെന്നാണ് സംസാരം !!
മാർത്തോമ്മാ സഭയ്ക്ക് കോൺഗ്രസ് പാർട്ടിയിലെ ചില നേതാക്കളോടും എത്രമാത്രം താല്പര്യം ഉണ്ടെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം കെപിസിസി പ്രസിഡന്റ് നടത്തിയ അരമന സന്ദർശനം. മാരാമൺ കൺവൻഷന് പ്രസംഗിക്കാൻ ഉടുപ്പും തയ്പ്പിച്ചു ഇരുന്ന പ്രതിപക്ഷ നേതാവിനെ കണ്ടം വഴി ഓടിക്കുകയും മൂന്ന് പുതിയ മെത്രാൻമാരെ വാഴിച്ച ചടങ്ങിനു ശേഷം നടന്ന അനുമോദന ചടങ്ങിൽ കോൺഗ്രസ് നേതാക്കളെ ഒഴിവാക്കിയതും മുൻപ് വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇതിനൊക്കെ സഭക്ക് പല കാരണങ്ങൾ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം കെപിസിസി അദ്ധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ് മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായെ തിരുവല്ലായിൽ സഭ ആസ്ഥാനത്ത് സന്ദർശിച്ചിരുന്നു. രാവിലെ ഒൻപത് മണിക്ക് ഇരുവരുടെയും കൂടിക്കാഴ്ചക്കുള്ള ക്രമീകരണമായി. കെപിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായാണ് തിരുവല്ലയിൽ സണ്ണി ജോസഫ് എത്തുന്നത്. നേരം വെളുക്കുന്നതിന് മുൻപ് തന്നെ നല്ല വടിവൊത്ത ഖദർധാരികളായ നേതാക്കളും അവരുടെ അനുയായികളും സഭയുടെ ആസ്ഥാനത്ത് കളം പിടിച്ചു. കാറുകൾ നിരനിരയായി വന്നു.
പത്തനംതിട്ട ജില്ലയിൽ നിന്നുള്ള കെപിസിസി, ഡിസിസി ഭാരവാഹികൾ മുതൽ ഭൂരിപക്ഷം നേതാക്കളും അരമന വാതിലിൽ കാത്തു നിന്നു. ഇതിനിടയ്ക്ക് സീറ്റ് മോഹികളായ ചില കോൺഗ്രസ് നേതാക്കൾ തങ്ങളാണ് ഇവിടുത്തെ ക്രമീകരണങ്ങൾ എല്ലാം നടത്തിയതെന്ന് ഇടവേളയിൽ തങ്ങളുടെ സംഭാഷണത്തിൽ അണികളോടായി പറഞ്ഞ് കെപിസിസി പ്രസിഡന്റിനെ സ്വീകരിക്കാൻ സഭാ ആസ്ഥാനത്തെ പോർച്ചിൽ മുൻപന്തിയിൽ സ്ഥാനം പിടിച്ചു. പലരും പടം പിടിക്കാൻ അനുയായികളെ ഏർപ്പാട് ചെയ്താണ് നിന്നത്.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനൊപ്പം മുൻ രാജ്യസഭ ഉപാദ്ധ്യക്ഷൻ പ്രഫ പി ജെ കുര്യൻ, കെപിസിസി വർക്കിങ്ങ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽഎ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ, കെപിസിസി ഭാരവാഹികളായ പഴകുളം മധു, റിങ്കു ചെറിയാൻ, ജോർജ് മാമ്മൻ കൊണ്ടൂർ, ഡിസിസി പ്രസിഡന്റ് പ്രഫ സതിഷ് കൊച്ചുപറമ്പിൽ, റെജി തോമസ്, റെജി താഴമൺ, കോശി പി സക്കറിയ തുടങ്ങി ഡിസിസി ഭാരവാഹികൾ, തിരുവല്ല മല്ലപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാരായ ഈപ്പൻ കുര്യൻ, എബി മേരക്കരിങ്ങാട് തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.
കെപിസിസി പ്രസിഡന്റിനൊപ്പം അരമന വാതിൽ ഇടിച്ചു പൊളിക്കുന്ന വിധം തള്ളി ഇവരെല്ലാം അകത്ത് പ്രവേശിച്ചു തങ്ങളുടെ സ്ഥാനം പിടിച്ചു. ചില വിദ്വാൻമാർ കെപിസിസി പ്രസിഡന്റിനെ മാർത്തോമ്മാ മെത്രാപ്പൊലീത്തായെ പരിചയപ്പെടുത്തുന്ന കർത്തവ്യം സ്വയം ഏറ്റെടുത്തു. ഒറ്റലക്ഷ്യം മാത്രം. തങ്ങളാണ് സഭയുടെ നടത്തിപ്പുകാരന്ന് കെപിസിസി പ്രസിഡന്റിനെ തെറ്റിദ്ധരിപ്പിച്ച് സ്ഥാനമാനങ്ങളും വരുന്ന തെരഞ്ഞെടുപ്പിൽ സീറ്റും തരപ്പെടുത്തണം.
പക്ഷേ, കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ്, മുതിർന്ന നേതാവായ പ്രഫ പി ജെ കുര്യൻ എന്നിവരെ മാത്രമാണ് മെത്രാ്േപ്പാലീത്ത ഉള്ളിലേക്ക്ക്ഷണിച്ചത്. ബാക്കി എല്ലാവരും പുറത്ത് നിന്നാൽ മതിയെന്ന് നിർദേശം വന്നു. എംഎൽഎമാരായ പി സി വിഷ്ണുനാഥിനെയും രാഹുൽ മാങ്കൂകൂട്ടത്തിലിനെയും പോലും അകത്ത് നടന്ന കൂടിക്കാഴ്ചയിൽ കയറ്റിയില്ല..
വെള്ളിടി വെട്ടിയത് പോലെ തോന്നി നേതാക്കൾക്ക്. ജില്ലയിൽ നിന്നുള്ള കോൺഗ്രസിന്റെ കെപിസിസി ഭാരവാഹികളും ജില്ലക്കാരായ നടത്തിപ്പുകാരെല്ലാം വീണ്ടും പോർച്ചിൽ നിൽപ്പായി. മാർത്തോമ്മാ മെത്രാപ്പൊലീത്ത, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാവായ പ്രഫ പി ജെ കുര്യൻ മാത്രമാണ് അടച്ചിട്ട മുറിയിൽ നടന്ന ചർച്ചയിൽ പങ്കെടുത്തത്. ഇതാണ് മലങ്കര മാർത്തോമ്മാ സുറിയാനി സഭാധ്യക്ഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായുടെ നിലപാട് എന്നും വെളിവായി. അവസാനം പുറത്ത് പോർച്ചിൽ മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്കും കെപിസിസി പ്രസിഡന്റിനും ഒപ്പം ഒരു ഗ്രൂപ്പ് ഫോട്ടോ എടുത്ത് നേതാക്കൾ മടങ്ങി.



