അടൂർ – കരിക്കിനേത്ത് സിൽക്ക് ഗലേറിയ തൊഴിലാളികളെ അറിയിക്കാതെ അടച്ചു പൂട്ടി. ഇന്നലെ രാവിലെ ജോലിക്ക് വന്ന നൂറോളം തൊഴിലാളികൾ കട പൂട്ടിക്കിടക്കുന്നത് കണ്ട് അമ്പരന്നു നിന്നു. ഇവർക്ക് ശമ്പളം കുടിശിക അടക്കം കിട്ടാനുണ്ടെന്നാണ് വിവരം. ഇന്നലെ രാത്രി തന്നെ കടയിൽ അവശേഷിച്ചിരുന്ന തുണിത്തരങ്ങളും മറ്റും മാറ്റിയിരുന്നു. ഇന്നലെയും കട തുറന്നു പ്രവർത്തിച്ചിരുന്നു. അപ്രതീക്ഷിതമായി കട അടച്ചു പൂട്ടിയതോടെ നൂറുകണക്കിന് ജീവനക്കാരുടെ ജീവിതം പ്രതിസന്ധിയിലായി.
ജോസ് കരിക്കിനേത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് കരിക്കിനേത്ത് സിൽക്ക് ഗലേറിയ. കരിക്കിനേത്ത് സഹോദരന്മാർക്ക് പത്തനംതിട്ട, അടൂർ, കോട്ടയം, തിരുവല്ല എന്നിവിടങ്ങളിൽ തുണിക്കടകൾ ഉണ്ടായിരുന്നു. കൈപ്പട്ടൂരിൽ നിന്നാണ് ഇവരുടെ തുടക്കം. ജോസിന്റെ സഹോദരൻ ജോർജിന്റേതാണ് പത്തനംതിട്ട കരിക്കിനേത്ത്. ഇവിടെ വച്ച് ബിജു എന്ന കാഷ്യറെ 2013 ൽ ജോസ് കരിക്കിനേത്ത് ചവിട്ടിക്കൊന്നതോടെയാണ് ഇവരുടെ അധഃപതനം ആരംഭിക്കുന്നത്. ആദ്യം ജോസ് കേസിൽ പ്രതിയാകുന്നത് തടയാൻ വേണ്ടി ലക്ഷങ്ങൾ പോലീസിനും രാഷ്ട്രീയക്കാർക്കും അഭിഭാഷകർക്കും നൽകേണ്ടി വന്നു.
നിരന്തരമായ പോരാട്ടത്തിനൊടുവിൽ യഥാർഥ കുറ്റവാളിയായ ജോസ് അഴിക്കുളളിലായി. പുറത്തിറങ്ങിയ ഇയാൾ കേസ് അട്ടിമറിക്കാനുള്ള ശ്രമം തുടർന്നു. ഇതിനായി കോടികൾ വാരിയെറിഞ്ഞാണ് ജോസ് കടക്കെണിയിലായത്. സഹോദരന്മാരുടെ കോട്ടയം, തിരുവല്ല എന്നിവിടങ്ങളിലെ കടകളും പൂട്ടി. പത്തനംതിട്ടയിലെ കടയിലും കച്ചവടം നാമമാത്രമായി.
ഇതിനിടെ ദിലീപിനെയും അമലാപോളിനെയുമിറക്കി അടൂരിലെ കട ജോസ് റീലോഞ്ച് ചെയ്ത് പിടിച്ചു നിൽക്കാൻ ശ്രമിച്ചു. എന്നാൽ, ബാധ്യത വർദ്ധിക്കുകയാണുണ്ടായത്. കൈപ്പട്ടൂരിലെ വീട് വരെ വറ്റു. വാടക വീട്ടിലായിരുന്നു താമസം. ഈ രംഗത്ത് മത്സരം ഏറി വരികയും പിടിച്ചു നിൽക്കാൻ കഴിയാതെ വരികയും ചെയ്തതോടെ ജോസിന്റെ ബാദ്ധ്യത വർധിച്ചു. അങ്ങനെയാണ് തൊഴിലാളികളെ പോലും അറിയിക്കാതെ കട പൂട്ടിയിരിക്കുന്നത്.


