അടൂർ – സ്നേഹം നടിച്ചു യുവതിയെ (21) വിവാഹ വാഗ്ദാനം ചെയ്തു ഗർഭിണിയാക്കിയ യുവാവിനെ ഏനാത്ത് പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് കമുകുംപള്ളിൽ വീട്ടിൽ സുഭാഷ് ( 24) ആണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ യുവതിയാണ് പരാതിക്കാരി. ഏപ്രിൽ 10 ന് ഇയാളുടെ വീടിനടുത്തുള്ള അമ്പലത്തിലെ ഉത്സവ ദിവസം വീട്ടിൽ വിളിച്ചു വരുത്തിയ ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. കിണറിന്റെ റിങ് വർക്ക് ജോലി ചെയ്യുന്ന സുഭാഷ്, യുവതിയുടെ ബന്ധുവിന്റെ സുഹൃത്താണ്. ബന്ധു മുഖാന്തരമാണ് ഇരുവരും കഴിഞ്ഞ ജനുവരിയിൽ പരിചയപ്പെട്ടത്. ഫോൺ നമ്പർ ബന്ധുവിൽ നിന്നും വാങ്ങിയ സുഭാഷ് വിളിച്ച് പരിചയപ്പെട്ട് അടുപ്പത്തിലായി. ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ വിവരം സുഭാഷിനെ അറിയിച്ചെന്നും, എന്നാൽ ഇയാൾ നിഷേധിച്ചെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. യുവതിയെ ഫോണിൽ വിളിക്കാതായി. പത്തനംതിട്ട വനിതാ പോലീസ് സ്‌റ്റേഷനിൽ എത്തി വിവരം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് ഏനാത്ത് പോലീസിന് കൈമാറി. അവിടെ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് ഇൻസ്‌പെക്ടർ അമൃത സിംഗ് നായകത്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. യുവതിയുടെ മൊഴി ജെ.എഫ്.എം കോടതിയിൽ രേഖപ്പെടുത്തി. ഒളിവിൽ പോയ പ്രതിയെ കൊടുമൺ പുതുമലയിൽ വച്ച് പോലീസ് ഓടിച്ചിട്ടു പിടികൂടി.
2022 ൽ ഏനാത്ത് പോലീസ് രജിസ്റ്റർ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ ഇയാൾ മുമ്പ് പ്രതിയായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വെളിവായി. എ.എസ്.ഐ പ്രശാന്ത്, എസ്.സി.പി.ഓ ഷൈൻ കുമാർ,സി.പി.ഓമാരായ സുജിത്, സുഡാഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.


