കല്ലൂപ്പാറ താഴികക്കുട കവർച്ചയ്ക്കായി ക്ഷേത്ര അന്തേവാസിയുടെ കൊലപാതകം: ജാമ്യത്തിൽ ഇറങ്ങി മുങ്ങിയ രണ്ടാം പ്രതിയെ കീഴ്‌ വായ്പൂർ പോലീസ് പൊക്കി

Crime
Print Friendly, PDF & Email

മല്ലപ്പള്ളി – കല്ലുപ്പാറ ഭഗവതി ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തിയ ശേഷം താഴികക്കുടം കവർച്ച ചെയ്ത കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞു വന്ന രണ്ടാം പ്രതി പിടിയിലായി. തമിഴ്‌നാട് കന്യാകുമാരി തിരുവേട്ടാർ താലൂക്കിൽ കുലശേഖരം ചെരപ്പാലൂർ മണലിൽവിള വിളയവീട്ടുവിള പുത്തൻ വീട്ടിൽ കൊട്ട എന്നും രഞ്ജിത്ത് എന്നും വിളിക്കുന്ന അയ്യപ്പൻ (40)ആണ് കീഴ്‌വായ്പ്പൂർ പോലീസിന്റെ വലയിൽ കുടുങ്ങിയത്. 2012 ജൂലൈ 4 ന് പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾ ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരപിള്ളയെയും അന്തേവാസിയായ ഗോപാലപിള്ളയെയും മർദ്ദിച്ചവശരാക്കി. തുടർന്ന് ഇരുവരെയും ബലംപ്രയോഗിച്ച് അമ്പലത്തിൽ നിന്നും പുറത്തു കൊണ്ടുപോയി സമീപമുള്ള കനാലിന് താഴെയുള്ള കോൺക്രീറ്റ് തൂണുകളിൽ കയറും തുണിയും ഉപയോഗിച്ച് കെട്ടിയിടുകയായിരുന്നു.

ഗോപാലപിള്ള കൊല്ലപ്പെട്ടു, ശ്രീകോവിലിന് മുകളിൽ സ്ഥാപിച്ചിരുന്ന 20 പവൻ തൂക്കം വരുന്ന സ്വർണ്ണം അടങ്ങിയതും 5 ലക്ഷം രൂപ വിലവരുന്നതുമായ താഴികക്കുടം പ്രതികൾ കവർന്നു രക്ഷപ്പെട്ടു എന്നതായിരുന്നു കേസ്. അഞ്ചുപ്രതികൾ ഉണ്ടായിരുന്ന കേസിൽ എല്ലാവരും അറസ്റ്റിലായിരുന്നു. ജയിലിൽ കഴിയുകയും, പിന്നീട് കോടതിയിൽ നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയശേഷം ഒളിവിൽ പോകുകയുമായിരുന്നു ഇയാൾ.

കിഴ്‌വായ്പൂര് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ പ്രകാശ്, എസ് സി പി ഓമാരായ ഷമീർ, ശരത് എന്നിവരുടെ സംഘം തമിഴ്‌നാട്ടിലും മറ്റും മുങ്ങിനടന്ന പ്രതിയെ ദിവസങ്ങളോളം തമ്പടിച്ച് നടത്തിയ അതിവിദഗ്ദ്ധമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *