ഇസ്രയേലിന്റെ എഫ്–35 വിമാനം വെടിവച്ചിട്ടെന്ന് ഇറാൻ അവകാശവാദം ; നിഷേധിച്ച് ഇസ്രയേൽ

World
Print Friendly, PDF & Email

ദുബായ് – ഇസ്രയേലിന്റെ എഫ്–35 യുദ്ധവിമാനം വെടിവച്ചിട്ടെന്ന് അവകാശപ്പെട്ട് ഇറാൻ. വിമാനത്തിലെ പൈലറ്റിനെ ഇറാൻ സൈന്യം അറസ്റ്റ് ചെയ്തെന്നും ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഐആർഎൻഎ റിപ്പോർട്ടു ചെയ്തു. അതേസമയം ഈ വാർത്ത ഇസ്രയേൽ സൈന്യം നിഷേധിച്ചിട്ടുണ്ട്. ഇറാന്റെ അവകാശവാദം അടിസ്ഥാനരഹിതമാണെന്നും ഇറാൻ മാധ്യമങ്ങൾ വ്യാജവാർത്ത പരത്തുകയാണെന്നും ഇസ്രയേൽ സൈനിക വക്താവ് അവിചായ് അദ്രയി എക്സിൽ പ്രതികരിച്ചു. ഇതിനുമുമ്പും രണ്ട് എഫ്–35 വിമാനങ്ങൾ കൂടി വെടിവച്ചിട്ടെന്ന് ഇറാൻ അവകാശപ്പെട്ടിരുന്നു.

ഇറാനെ ലക്ഷ്യമിട്ട് ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയതിനു പിന്നാലെയാണ് മൂന്നാമത്തെ വിമാനവും വെടിവച്ചിട്ടെന്ന ഇറാന്റെ അവകാശവാദം. ഇറാൻ തലസ്ഥാനമായ ടെഹ്‌റാനിലാണ് ഇസ്രയേൽ വൻ വ്യോമാക്രമണം നടത്തിയത്. വെള്ളിയാഴ്ച ടെഹ്റാൻ നഗരത്തിലും പരിസരങ്ങളിലും വ്യോമാക്രമണം നടത്തി 24 മണിക്കൂറിനുള്ളിലാണ് രണ്ടാമത്തെ ആക്രമണം. ടെഹ്‌റാനിലെ നൂറുകണക്കിന് ആണവ, സൈനിക കേന്ദ്രങ്ങൾ ഇസ്രയേൽ ലക്ഷ്യം വച്ചതായി വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഇറാന്റെ മൂന്ന് ആണവശാസ്ത്രജ്ഞരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇറാന്റെ കെർമൻഷാ പ്രവിശ്യയിലെ സൈനിക താവളത്തിൽ സ്ഫോടനം നടന്നതായും സൂചനയുണ്ട്.

അതിനിടെ, ഇറാൻ കൂടുതൽ മിസൈലാക്രമണം നടത്തിയാൽ ടെഹ്‌റാൻ കത്തിച്ച് ചാമ്പലാക്കുമെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി. ഇസ്രയേൽ വ്യോമാക്രമണത്തെ തുടർന്ന് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടച്ചിട്ടിരിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ബെൻ ഗുരിയോൺ വിമാനത്താവളം അടച്ചിടുകയാണെന്ന് ഇസ്രയേലും അറിയിച്ചിട്ടുണ്ട്. ടെൽ അവീവ് നഗരത്തിന് പുറത്താണ് മദ്ധ്യ ഇസ്രയേലിലെ ബെൻ ഗുരിയോൺ വിമാനത്താവളം.

Leave a Reply

Your email address will not be published. Required fields are marked *