കുട തുന്നി തണലൊരുക്കാം ; സ്റ്റാളിലെത്തിയാൽ കുടയും അത് നിർമിക്കാനുള്ള കിറ്റും വാങ്ങാം.

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നൂലിഴകൾ തുന്നിചേർത്ത് കുടയുമായി സന്ദർശകർക്ക് പുതുഅനുഭവം നൽകി പൊതുവിദ്യാഭ്യാസ വകുപ്പ്. ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം പ്രദർശന മേളയിൽ തൽസമയം കുട നിർമിക്കാനുള്ള പരിശീലനം സൗജന്യമായൊരുക്കി വകുപ്പിന്റെ സ്റ്റാൾ. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്ക് വരുമാനമാർഗമെന്ന നിലയിൽ വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ലഭിച്ചവരാണ് കുട തുന്നി തണലൊരുക്കുന്നത്.

സ്റ്റാളിലെത്തിയാൽ കുടയും അത് നിർമിക്കാനുള്ള കിറ്റും വാങ്ങാം. സമഗ്ര ശിക്ഷാ കേരളയുടെ ഭാഗമായാണ് കുടനിർമാണം. ഭിന്നശേഷിക്കാർ, അന്യ സംസ്ഥാന തൊഴിലാളികളുടെ മക്കൾ, പാർശ്വവൽക്കരിക്കപ്പെട്ടവർ തുടങ്ങിയവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കാൻ ധാരാളം പ്രവർത്തനങ്ങളാണ് സമഗ്ര ശിക്ഷാ കേരള നടത്തുന്നത്. പരിമിതിയെ തോൽപ്പിച്ച് രക്ഷിതാക്കളുടെയും അധ്യാപകരുടെയും സഹായത്തോടെ നിർമിക്കുന്ന വസ്തുക്കൾക്കെല്ലാം മതിക്കാനാവാത്ത വിലയുണ്ട്. ഓരോ കുട്ടിക്കും അനുയോജ്യമായ വ്യക്തിഗത പരിശീലന പരിപാടി തയ്യാറാക്കി പഠന പിന്തുണ ഉറപ്പാക്കുകയും തൊഴിൽ പരിശീലനം നൽകി സ്വയം പര്യാപ്തരാക്കുകയും ചെയ്യുന്നു. റാന്നി ബി.ആർ.സി അവധിക്കാലത്ത് ആരംഭിച്ച സീസണൽ വൊക്കേഷണൽ പരിശീലനമാണ് മുതൽമുടക്ക്. ക്രിസ്മസ് വേളയിൽ നക്ഷത്രമുണ്ടാക്കി വരുമാനമുണ്ടാക്കിയ രക്ഷിതാക്കൾ ഇപ്പോൾ കുട നിർമാണത്തിലാണ്.

ഭിന്നശേഷി കുട്ടികൾക്ക് പഠന പിന്തുണയും മാനസിക ഉല്ലാസവും കുട്ടികൾക്കും രക്ഷിതാക്കൾക്കും തൊഴിൽ പരിശീലനവും ഉറപ്പുവരുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്ന പ്രവർത്തനമാണ് വകുപ്പ് നടത്തുന്നത്. റാന്നി ബി.ആർ.സിയിലെ രക്ഷിതാക്കളും സ്‌പെഷ്യൽ എഡ്യുക്കേറ്റേഴ്‌സും നിർമിച്ച കുടകളുടെ വിപണനോദ്ഘാടനം വകുപ്പിന്റെ സ്റ്റാളിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് ബിജു കുര്യൻ റാന്നി അങ്ങാടി മുൻ പഞ്ചായത്തംഗം ഷിബു സാമുവലിന് നൽകി നിർവഹിച്ചു. റാന്നി ബി .പി.സി ഷാജി എ സലാം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാരായ സജീവ് (പുല്ലാട്) ഉഷ (ആറന്മുള) പി.ആർ ബിന്ദു (വെണ്ണിക്കുളം) റാന്നി സ്‌പെഷ്യൽ എഡുക്കേറ്റർമാരായ ആർ രാജശ്രീ, അഞ്ജന എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *