പമ്പ – പുണ്യപമ്പാ നദി ഒഴുകുകയാണ്.. മാലിന്യ വാഹികയായി.. മണ്ഡലകാലത്ത് കുള്ളാർ ഡാം തുറന്ന് വീട്ട് മാലിന്യം കുറച്ചൊക്കെ ഒഴുക്കിക്കളയുന്നതല്ലാതെ പമ്പാനദി മാലിന്യ വാഹിനി തന്നെ. നദിയുടെ ശുചീകരണത്തിനായും കോളിഫോം ബാക്റ്റീരിയയുടെ അളവ് നിയന്ത്രിക്കുന്നതിനും ആണ് കുള്ളാർ ഡാമിൽ നിന്നും പ്രതിദിനം 15,000 ഘന മീറ്റർ ജലം തുറന്നു വിടുന്നത്.
ശബരിമലയിലേക്ക് എത്തുന്ന അന്യ സംസ്ഥാന തീർഥാടകർ ഉടുത്ത വസ്ത്രങ്ങൾ നദിയിലേക്ക് തന്നെ ഉപേക്ഷിക്കുന്നതാണ് പമ്പാനദി മലിനമാകുന്നതിന് പ്രധാന കാരണം. ഇത് തടയാനായി താത്ക്കാലിക ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമല്ല. ശബരീശ ദർശനത്തിന് ശേഷം മലയിറങ്ങുന്ന അന്യ സംസ്ഥാനക്കാരായ തീർഥാടകർ പമ്പാ ഗണപതികോവിൽ എത്തി വ്രതം അവസാനിപ്പിക്കുന്ന ചടങ്ങുണ്ട്.
ഇവിടെ വച്ച് ഗുരു സ്വാമി മറ്റു സ്വാമിമാരുടെ മാല ഊരും. പിന്നീട് പമ്പാ സ്നാനം. ഇതോടെ പഴയ വസ്ത്രം ഉപേക്ഷിക്കുകയും പുതിയത് ധരിക്കുകയും ചെയ്യും . ഇത്തരത്തിൽ പതിനായിരക്കണക്കിന് തുണികളാണ് നദിയിൽ ഉപേക്ഷിക്കുന്നത്. ഇത്തരത്തിൽ ഉപേക്ഷിക്കുന്നവ ശേഖരിക്കുമ്പോൾ ദിനം പ്രതി നിരവധി ലോഡ് തുണിയാണു കരക്കെടുക്കുന്നത് . ഇത് ദേവസം ബോർഡിന് അധിക ബാധ്യതയാണ് ഉണ്ടാക്കുന്നത്. പമ്പാ സ്നാനത്തിനായി ഇറങ്ങുന്ന വഴികളിലൊക്കെ വസ്ത്രം നദിയിൽ ഇടാതെ കരയിൽ ഇടാനുള്ള സൗകര്യമുണ്ട്. എന്നാൽ ഇത് ആരും പ്രയോജനപ്പടുത്തുന്നില്ല.
കുളിക്കുന്നതിനിടെ നദിയിൽ ഉപേക്ഷിക്കുന്നത് കാര്യമായി തടയാനും കഴിയുന്നില്ല. പുണ്യനദി ആയ പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് അനാചാരം ആണെന്നു ചൂണ്ടിക്കാട്ടി നിരുത്സാഹപ്പെടുത്താമെങ്കിലും അതൊന്നും കാര്യമായി വിജയിക്കുന്നുമില്ല. വിവിധ ഭാഷകളിൽ പ്രചാരണം നടത്തിയിട്ടും പ്രയോജനം ഇല്ലാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്.
നദിയിൽ ഉപേക്ഷിക്കുന്ന തുണികൾ സംഭരിക്കാൻ ദേവസ്വം ബോർഡ് കരാർ നൽകിയിട്ടുണ്ട്. ഈ കരാർ വലിയ തുക ദേവസ്വം ബോർഡിനു നൽകിയാണ് എടുത്തിരിക്കുന്നത്. നദിയിൽ നിന്നു ശേഖരിക്കുന്ന തുണികൾ മിക്കതും പുതിയവ തന്നെ ആയിരിക്കും. കാവി, കറുപ്പ് കൈലികൾ, വെള്ള മുണ്ട്, കൈലി, ഷർട്ട് തുടങ്ങിവയാണ് അധികവും. നദിയിൽ നിന്നും ശേഖരിച്ച് കരക്കെത്തിക്കുന്ന ഇവ എല്ലാം ഉണങ്ങി കരാറുകാർ തമിഴ് നാട്ടിലേക്കാണ് അയക്കുന്നത്. ഇത് അവിടെ എത്തിയാൽ വീണ്ടും പുതിയതാക്കി തേച്ച് മടക്കി ഭംഗിയുള്ള കവറുകളിൽ ആക്കി വീണ്ടും ശബരിമല കേട്ട് നിറ വിപണികളിൽ എത്തും. ഓരോ സീസണിലും ഇത്തരത്തിൽ വലിയ ലാഭമാണ് തുണി ശേഖരണക്കാർക്ക് ലഭിക്കുന്നത്. വരുമാനം വർധിപ്പിക്കാൻ ശ്രമിക്കുന്ന ദേവസ്വം ബോർഡ് ആകട്ടെ തക്കം നോക്കി കുത്തക ലേല തുക വർദ്ധിപ്പിക്കുകയും ചെയ്യും. എന്നാൽ ഈ വസ്ത്രങ്ങളിൽ നിന്നും ഒലിച്ചിറങ്ങുന്ന മാലിന്യം വലിയ പാരിസ്ഥിതിക പ്രശ്നമാണ് സൃഷ്ടിക്കുന്നത് എന്ന് ചിന്തിക്കുന്നുമില്ല. ഇത് നദീ തീരവാസികളെ ഗുരുതരമായി ബാധിക്കും എന്നും പഠനങ്ങൾ വക്തമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ ഇടപെടലിലൂടെ ഗംഗാനദിക്കുണ്ടായ പോലൊരു ശാപമോക്ഷം പമ്പക്കിനി എന്നുണ്ടാകാൻ ? അങ്ങനെയൊന്നു പ്രതീക്ഷിക്കാമോ ?


