പത്തനംതിട്ട – മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യയുമായി മത്സ്യ വകുപ്പിന്റെ സ്റ്റാൾ. സർക്കാരിന്റെ ഒമ്പതാം വാർഷികത്തോടനുബന്ധിച്ച് ശബരിമല ഇടത്താവളത്തിൽ നടക്കുന്ന എന്റെ കേരളം മേളയിൽ ശ്രദ്ധേയമായി ഫിഷറീസ് വകുപ്പിന്റെ സ്റ്റാൾ. അക്വേറിയത്തിലെ കുഞ്ഞൻ വർണ മത്സ്യം ‘ഗ്ലോ വിഡോ ടെട്രാ’ കുട്ടികളെയും മുതിർന്നവരെയും ഒരു പാലെ ആകർഷിക്കുന്നു. വരാലും ഗോൾഡ് ഫിഷും ജുവൽ സിക്ലിഡും ഫ്രഷ് വാട്ടർ ക്രേ ഫിഷുമുൾപ്പെടെ വർണ കാഴ്ചകളാണ് സ്റ്റാളിൽ. സംയോജിത മത്സ്യ കൃഷി, കൂടു കൃഷി എന്നീ നൂതന കൃഷി രീതികളുടെ പ്രവർത്തനമാതൃകകളുമുണ്ട്. അലങ്കാരത്തിനൊപ്പം അറിവും പകരുകയാണ് സ്റ്റാളിന്റെ ലക്ഷ്യം.
മത്സ്യകൃഷിയിലെ നൂതന സാങ്കേതിക വിദ്യ ലളിതമായി അവതരിപ്പിച്ചും ഗുണമേന്മയാർന്ന മത്സ്യവിഭവങ്ങളെ പരിചയപെടുത്തിയും സ്റ്റാൾ ജനപ്രീതി നേടി. വകുപ്പിന്റെ വാണിജ്യ സ്റ്റാളിൽ സാഫ് (സൊസൈറ്റി ഫോർ അസ്സിസ്റ്റൻസ് ടു ഫിഷർ വുമൺ) യൂണിറ്റുകളുടെ വൈവിധ്യമാർന്ന മത്സ്യ ഉൽപന്നങ്ങൾ ഒരുക്കിയിട്ടുണ്ട്. മീൻ അച്ചാറുകൾ, ഉണക്കമീൻ തുടങ്ങി ഗുണമേന്മയാർന്ന വിവിധ മത്സ്യവിഭവങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാണ്. വകുപ്പിന്റെ വിവിധ പദ്ധതികളെപ്പറ്റി മാർഗനിർദേശവും സ്റ്റാളിലുണ്ട്.


