ശ്രീനഗർ – സുപ്രധാനമായൊരു വാർത്തയാണ് പുറത്തുവരുന്നത്. സുരക്ഷാസേന ജമ്മു കശ്മീരിൽ മൂന്ന് ഭീകരരെ ഏറ്റമുട്ടലിൽ വധിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരരെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉൾപ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീർ നസീർ വാണി, യവാർ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിന്റെ വീട് നേരത്തെ അധികൃതർ തകർത്തിരുന്നു. ആസിഫ് ഷെയ്ക്ക് ഭീകരവാദികൾക്ക് സഹായം നൽകുകയും ആക്രമണത്തിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്.
പുൽവാമയിലെ നാദേർ, ത്രാൽ വില്ലേജുകളിലായി നടന്ന ഏറ്റമുട്ടലിലാണ് മൂന്നു ഭീകരവാദികളെയും സുരക്ഷാ സേന വധിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും സിആർപിഎഫും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് ഭീകരവാദികളുമായി ഏറ്റുമുട്ടലുണ്ടായത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന ഷോപിയാനിൽ വെച്ച് വധിച്ചിരുന്നു. ഇവരിൽനിന്ന് ആയുധങ്ങളും പണവും അടക്കം പിടികൂടി. ഇതിന് ശേഷം കൂടുതൽ ഭീകരവാദികളുണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലായിരുന്നു.


