ചന്ദനപ്പള്ളി – ഭക്‌തിയുടെയും ആവേശത്തിന്റെയും അലകളുയർത്തി വിശ്വാസ സാഗരത്തെ സാക്ഷിയാക്കി ആഗോള തീർത്ഥാടന കേന്ദ്രമായ ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിലെ ചെമ്പെടുപ്പ് സമാപിച്ചു. തിരുശേഷിപ്പ് കബറിടത്തിൽ പ്രാർഥനകൾ അർപ്പിക്കുന്നതിനും ചെമ്പിൽ അരി സമർപ്പിക്കുന്നതിനുമായി ആയിരക്കണക്കിനു വിശ്വാസികൾ ഒഴുകിയെത്തിയത് ചന്ദനപ്പള്ളിയെ ഭക്‌തിസാന്ദ്രമാക്കി.
രാവിലെ അങ്ങാടിക്കൽ മേക്കാട്ട് കുടുംബ കാരണവർ ആദ്യം ചെമ്പിൽ അരി ഇട്ടു. തുടർന്നു വിശ്വാസികളും അരി ഇട്ടു. പള്ളിക്കു സമീപമുള്ള വലിയ തോടിന്റെ കരയിൽ സ്‌ഥാപിച്ചിട്ടുള്ള രണ്ട് അടുപ്പുകളിലാണ് ചെമ്പ് വയ്‌ക്കുന്നത്. പാതി വേവിച്ച ചോറ് തയ്യാറാക്കാൻ ചെമ്പിൽ ആദ്യ കുടം വെള്ളം ട്രസ്‌റ്റി വർഗീസ് കെ ജെയിംസ് , സെക്രട്ടറി ഷാജി തോമസ് എന്നിവർ പകർന്നു. വികാരി ഫാ. സുനിൽ എബ്രഹാമും സഹവികാരി ഫാ. ജോബിൻ യോഹന്നാനും അടുപ്പിൽ വിറകിടീൽ നടത്തി അഗ്നി ജ്വലിപ്പിച്ചു.
മൂന്നിന്മേൽ കുർബാനയ്‌ക്ക് കാതോലിക ബാവ, കുര്യാക്കോസ് മാർ ക്ലിമ്മിസ് വലിയ മെത്രാപ്പോലിത്ത, ഡോ യൂഹാനോൻ മാർ ദിമത്രി യോസ്, ഡോ എബ്രഹിം മാർ സെറാഫിം എന്നിവർ കാർമികത്വം വഹിച്ചു. തുടർന്നു നടന്ന തീർത്ഥാടക സംഗമം കാതോലിക്ക ബാവ ഉത്‌ഘാടനം ചെയ്‌തു. ഡോ എബ്രഹാം മാർ സെറാഫിം അധ്യക്ഷത വഹിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉത്‌ഘാടനം ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിച്ചു. ചലച്ചിത്ര സംവിധായകൻ ബ്ലെസിക്ക് ഓർഡർ ഓഫ് സെന്റ് ജോർജ് നൽകി ആദരിച്ചു. സഭാ സെക്രട്ടറി ബിജു ഉമ്മൻ, അത്മായ ട്രസ്‌റ്റി റോണി വർഗീസ്, ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോറെപ്പിസ്‌കോപ്പ, ബാബുജി കോശി, പ്രീത് ജി ജോർജ്, എം.പി ഷാജി, ഷെയ്‌ൻ ജസ്‌റ്റസ്, ടി.കെ വർഗീസ് എന്നിവർ പ്രസംഗിച്ചു.

വൈകിട്ട് ദേവാലയത്തിൽ നിന്നും ചന്ദനപ്പള്ളി ജംഗ്‌ഷനിലേക്ക് പകൽ റാസ നടന്നു. പൊൻ വെള്ളികുരിശുകളും മുത്തുക്കുടകളും വാദ്യമേളങ്ങളും റാസക്ക് നിറപ്പകിട്ടേകി. ബാലസമാജം, യുവജനപ്രസ്‌ഥാനം, സ്‌ത്രീസമാജം പ്രവർത്തകർ കൊടികളേന്തി അണിനിരന്നു. ജങ്‌ഷനിൽ മന്ത്രി പി. പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. അനിൽ പി. വർഗീസ്, ഡോ ജോർജ് വർഗീസ് കൊപ്പാറ, ജസ്‌റ്റസ് നാടാവള്ളിൽ, ജേക്കബ് ജോർജ് കുറ്റിയിൽ, റോയി വർഗീസ്, ആരോൺ ജി. പ്രീത്, സെബിൻ ബാബു എന്നിവർ നേതൃത്വം നൽകി. റാസ തിരികെ ചെമ്പിൻമൂട്ടിൽ എത്തിയപ്പോൾ പാതി വേവിച്ച അരികൾ നിറച്ച ചെമ്പുകൾ തയ്യാറാക്കി വച്ചിരുന്നു. അംശ വസ്‌ത്രം ധരിച്ച വൈദികർ ചെമ്പിൽ സ്ലീബ ചാർത്തിയതോടെ നൂറുകണക്കിന് വിശ്വാസികൾ ഹായ്…. ഹോയ് വിളികളോടെ ഇരുചെമ്പുകളും അന്തരീക്ഷത്തിലേക്കുയർത്തി. ചെമ്പിൻ മൂട്ടിൽ നിന്നും കുതിരപുരയിലേക്ക് ആഘോഷപൂർവം ചെമ്പും അരിയും എഴുന്നെള്ളിക്കുന്ന ചടങ്ങാണ് പ്രശസ്‌തമായ ചന്ദനപ്പള്ളി ചെമ്പെടുപ്പ്. റോഡിന് ഇരുവശവും തിങ്ങി നിറഞ്ഞുനിന്ന വശ്വാസികൾ വെറ്റിലയും പൂക്കളും കുരുമുളകും എറിഞ്ഞു സ്വീകരിച്ചു.

കുതിരപ്പുരക്ക് സമീപം എത്തിച്ച ചെമ്പും ചോറും കൽക്കുരിശിന് മൂന്നുവട്ടം വലം വെച്ച് കുതിരപ്പുരയിൽ ഇറക്കിവെച്ചു. കുര്യൻ വർഗീസ് കോർ എപ്പിസ്‌കോപ്പ, ഫാ ഇടിക്കുള്ള ഡാനിയേൽ, ഫാ ജേക്കബ് ബേബി, ഫാ ജേക്കബ് ഡാനിയേൽ, ഫാ ഷൈജു ചെറിയാൻ, ഫാ എബിൻ സജി, ഫാ റിനിൽ പീറ്റർ എന്നിവർ ആശീർവദിച്ചു. പ്രസാദമായി നൽകിയ നേർച്ച അരി വിശ്വാസികൾ ഭവനങ്ങളിലേക്ക് കൊണ്ടുപോയി. നേർച്ച വിതരണത്തിന് ബിജു ജോർജ്, വി. ജോണി , അനിൽ ടി. ജോസഫ്, ബാബു ജോർജ്, ടി. ജി ബാബു, ഡി. വർഗീസ് എന്നിവർ നേതൃത്വം നൽകി. തുടർന്ന് താളവിസ്‌മയം, നാടകം എന്നിവ നടന്നു. 11 ന് കൊടിയിറക്കോടെ പെരുന്നാൾ ചടങ്ങുകൾ സമാപിക്കും.


