മല്ലപ്പള്ളി – കഴിഞ്ഞ ദിവസം ജോലിചെയ്യുന്ന തുണിക്കടയിലേക്ക് നടന്നു പോകുകയായിരുന്ന യുവതിയെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ യുവാവും സുഹൃത്തും പിടിയിൽ. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായരെ (35) കാറിടിച്ച് കൊന്ന സുഹൃത്ത് കാഞ്ഞിരപ്പള്ളിയിലെ ഓട്ടോ ഡ്രൈവർ മേലേട്ടുതകിടി അമ്പഴത്തിനാൽവീട്ടിൽ അൻഷാദ് (37), ഇയാളുടെ ഒപ്പം കാറിലുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി ചാവിടിയിൽ വീട്ടിൽ ഇജാസ് (35) എന്നിവരാണ് അറസ്റ്റിലായത്. ചങ്ങനാശ്ശേരിയിലെ തുണിക്കടയിലെ ജീവനക്കാരിയാണ് നീതു.

ഈ കേസിൽ പിടിയിലായ അൻഷാദും, ഇജാസും
ചൊവ്വാഴ്ച രാവിലെ ഒൻപതോടെ കറുകച്ചാൽ വെട്ടിക്കാവുങ്കൽ – പൂവൻപാറപ്പടിയിൽവെച്ചാണ് നീതുവിനെ അൻഷാദ് കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ശേഷം കാറുമായി ഇവർ മല്ലപ്പള്ളി റോഡിലൂടെ രക്ഷപ്പെട്ടു. റോഡരികിൽ അബോധാവസ്ഥയിൽകിടന്ന നീതുവിനെ ബൈക്ക് യാത്രക്കാരായ രണ്ടുപേരാണ് അതുവഴി എത്തിയ ഓട്ടോറിക്ഷയിൽ ആശുപത്രിയിലെത്തിച്ചത്.
തുടക്കത്തിൽ അപകടമരണമാണെന്നാണ് പോലീസും നാട്ടുകാരും സംശയിച്ചത്. ഇടിച്ച വാഹനം കണ്ടെത്താനായി പോലീസ് നടത്തിയ തിരച്ചിലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംഭവസ്ഥലത്തിന് സമീപം വെള്ളനിറത്തിലുള്ള ഇന്നോവ കാർ തിരിക്കുന്നത് പ്രദേശവാസി കണ്ടിരുന്നു. ഇയാളുടെ മൊഴിയും സംശയത്തിന് ഇടയാക്കി. നീതുവിന്റെ മൃതദേഹം ബുധനാഴ്ച കൂത്രപ്പള്ളിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. രാധാകൃഷ്ണൻ നായരുടെയും റാണിയുടെയും മകളാണ് നീതു. മക്കൾ: ലക്ഷ്മിനന്ദ, ദേവനന്ദ.
16 വർഷം മുൻപാണ് നീതുവും കാഞ്ഞിരപ്പള്ളി സ്വദേശി രാജേഷുമായുള്ള വിവാഹം നടന്നത്. ഇവരുടെ അയൽവാസിയായിരുന്നു അൻഷാദ്. ഏഴുവർഷം മുൻപ് രാജേഷും നീതുവും വേർപിരിയാൻ തീരുമാനിച്ചു. ഇതോടെ മക്കളോടൊപ്പം നീതു കൂത്രപ്പള്ളിയിലെ സ്വന്തം വീട്ടിലെത്തി. ഇതിനിടയിലാണ് അൻഷാദുമായി സൗഹൃദത്തിലായത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഒന്നരവർഷം മുൻപ് നീതുവും കുടുംബവും വെട്ടിക്കാവുങ്കലിലേക്ക് താമസം മാറി. ഒരുവർഷം മുൻപ് ഇരുവരും തമ്മിൽ പിണങ്ങി. അൻഷാദിനെ നീതു ഒഴിവാക്കാനും ശ്രമിച്ചു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു.
*മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടിച്ച് പോലീസ്
നീതുവിനെ ഇടിച്ച വാഹനം തേടിയുള്ള തിരച്ചിലാണ് പ്രതികൾ കുടുങ്ങിയത്. സംഭവശേഷം വെട്ടിക്കാവുങ്കലിൽനിന്ന് മല്ലപ്പള്ളി റോഡിലൂടെ അതിവേഗം ഓടിച്ചുപോയ കാർ മുക്കടയിൽ ഉപേക്ഷിച്ച ശേഷം ഇരുവരും ഓട്ടോയിലാണ് കാഞ്ഞിരപ്പള്ളിയിലെത്തിയത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിൽ വെള്ള നിറത്തിലുള്ള ഇന്നോവ കാർ കണ്ടെത്താനായി നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്. എന്നാൽ കാറിന്റെ നമ്പർപ്ലേറ്റ് ഇളക്കിമാറ്റിയ നിലയിലായിരുന്നു. ഇതോടെ പോലീസ് സംഭവ സ്ഥലത്തിന് സമീപത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചു. ഇതിൽ നിന്ന് കെ.എൽ.52 എസ് 3224 എന്ന നമ്പർ കണ്ടെത്തി. നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം സ്വദേശിയുടെ പേരിലുള്ളതാണ് കാർ എന്ന് തിരിച്ചറിഞ്ഞു. ഇയാളിൽ നിന്ന് വാടകയ്ക്കെടുത്ത കാർ പൊൻകുന്നം സ്വദേശിയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇവിടെനിന്നാണ് അൻഷാദ് കഴിഞ്ഞദിവസം കാർ വാടകയ്ക്കെടുത്തത്.


