പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഒരു വർഷത്തേക്ക് ജില്ലയിൽ നിന്നും പുറത്താക്കി. തിരുവനന്തപുരം റേഞ്ച് ഡി ഐ ജി എസ് അജിതാ ബേഗത്തിന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. പന്തളം കുരമ്പാല തോന്നല്ലൂർ ഉളമയിൽ റാഷിഖ് (24)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശപ്രകാരമുള്ള ഉത്തരവിനെ തുടർന്ന് പുറത്താക്കിയത്. കവർച്ച, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് പന്തളം പോലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ച 5 കേസുകൾ ഉൾപ്പെടുത്തി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവുണ്ടായത്. കേരള സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം ( കാപ്പ ) വകുപ്പ് 15 (1) പ്രകാരമാണ് നടപടി. ഉത്തരവ് ഇന്ന് പന്തളം പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി.
2019 മുതൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരികയാണ് പ്രതി. പന്തളം പോലീസ് സ്‌റ്റേഷനിലെ അഞ്ചു കേസുകൾക്ക് പുറമേ, നൂറനാട് പോലീസ് സ്‌റ്റേഷനിലെ രണ്ടു കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട് ഇയാൾ. നിരന്തരം ക്രിമിനൽ കേസുകളിൽ പ്രതിയാകുന്ന യുവാവ് ഉൾപ്പെടുന്ന ‘ അറിയപ്പെടുന്ന റൗഡി ‘ യുമാണ്. നേരത്തെ ഇയാൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകുകയും, ഡി ഐ ജി നേരിൽ കേൾക്കുകയും ചെയ്തിരുന്നു. അടിക്കടി സമാധാന ലംഘനമുണ്ടാക്കിവന്ന ഇയാൾക്ക് മൂന്നുവർഷത്തേക്ക് നല്ല നടപ്പ് ജാമ്യത്തിനായി റിപ്പോർട്ട് തയ്യാറാക്കി പന്തളം പോലീസ്, അടൂർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമർപ്പിച്ചിരുന്നു. യുവാവിനെതിരെ റൗഡി ഹിസ്റ്ററി ഷീറ്റ് നിലവിലുണ്ട്.
ഏറ്റവും ഒടുവിലത്തെ കേസ് 2024 സെപ്റ്റംബർ 29 ന് രജിസ്റ്റർ ചെയ്തതാണ്. പന്തളത്തെ ഒരു മൊബൈൽ കടയിലെ ജീവനക്കാരനെ കടയ്ക്കുള്ളിൽ അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചതിനെടുത്ത കേസാണിത്. കേസിൽ രണ്ടാം പ്രതിയാണ് റാഷിഖ്. പന്തളം പോലീസ് നവംബർ 27ന് ഇയാളെ അറസ്റ്റ് ചെയ്തു ജയിലിലാക്കി. തുടർന്ന്, ഈവർഷം ജനുവരി 9 ന് ജാമ്യത്തിലിറങ്ങി. ഡി ഐ ജിയുടെ ഉത്തരവുപ്രകാരം ഇപ്പോൾ നാടുകടത്തപ്പെട്ട പ്രതി, ഉത്തരവ് നിലനിൽക്കെ കുറ്റകൃത്യങ്ങളിൽ എർപ്പെട്ടാൽ കാപ്പ 15(4) പ്രകാരം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ഇത്തരത്തിൽ നിരന്തരം ക്രിമിനൽ കേസുകൾ ഉൾപ്പെട്ട് പൊതുജനങ്ങളുടെ സമാധാന ജീവിതത്തിന് ലംഘനം സൃഷ്ടിക്കുന്ന കുറ്റവാളികൾക്കെതിരെ, കാപ്പാ വകുപ്പുകൾ പ്രകാരം ശക്തമായ നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.


