കൊടുമൺ: വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്ക് വരികയായിരുന്ന വനിതാ ഡോക്ടർ എം.സി റോഡിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞ് മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടിൽ പരേതനായ അജി പി. വർഗീസിന്റെ ഭാര്യ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് കൊട്ടാരക്കര വയക്കൽ കമ്പംകോട് എം. സി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്. ദുബായിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയശേഷം ഇന്ന് പുലർച്ചെ 5.30 ഓടെ വീട്ടിലേക്ക് വരും വഴി ആയിരുന്നു അപകടം ഉണ്ടായത്. ഡ്രൈവർ ചന്ദനപ്പള്ളി സ്വദേശി ബിജു ജോർജിന് പരുക്കേറ്റിട്ടുണ്ട്. ആറു വർഷം മുമ്പാണ് ദുബായ് ന്യൂ മെഡിക്കൽ സെന്റർ ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചത്. അതിന് മുമ്പ് ചായലോട് സ്വകാര്യ മെഡിക്കൽ കോളേജ്, കോന്നി, അടൂർ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികൾ, ചന്ദനപ്പള്ളി പി. എച്ച്. സി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.
ഭർത്താവ് അജി പി വർഗീസ് രണ്ട് വർഷം മുമ്പാണ് മരിച്ചത്. മകൾ ഏഞ്ചലിന ദുബായിൽ മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ വിദ്യാർഥിയാണ്. മകൻ വീനസ് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ഇടത്തിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
സംസ്‌കാരം ബുധൻ രാവിലെ 10.30 നു ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ചന്ദനപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ നടക്കും.


