പത്തനംതിട്ട : ജില്ലാ കളക്ടറേറ്റിന് നേരെ ഇമെയിലിലൂടെ ബോംബ് ഭീഷണി. ആസിഫ് ഗഫൂർ എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് ഭീഷണി. പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയത് അംഗീകരിക്കാനാവില്ലെന്നായിരുന്നു സന്ദേശം. രാവിലെ 6.48-നാണ് സന്ദേശം എത്തിയത്. 10 മണിക്ക് ഓഫീസിലെത്തിയ ഉദ്യോഗസ്ഥരാണ് ഇമെയിൽ കണ്ടത്.
കളക്ട്രേറ്റിൽ നിന്നും ജീവനക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നും ആർഡിഎക്സ് ബ്ലാസ്റ്റ് ഉണ്ടാകുമെന്നും സന്ദേശത്തിൽ പറയുന്നു. ഇമെയിൽ ശ്രദ്ധയിൽപെട്ടതോടെ ഉദ്യോഗസ്ഥർ ഉടനടി സ്പെഷ്യൽ ബ്രാഞ്ചിൽ വിവരമറിയിക്കുകയായിരുന്നു. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി കളക്ടറേറ്റിൽ പരിശോധന നടത്തിയിരുന്നു. ഉദ്യോഗസ്ഥരെയും, ജനങ്ങളെയുമൊക്കെ പുറത്തിറക്കിയായിരുന്നു പരിശോധന. കളക്ടറുടെ ചേംബറിലും എല്ലാം ഓഫീസുകളിലും പരിശോധന നടത്തി. എല്ലായിടവും അരിച്ചുപെറുക്കി.


