അടൂര്‍ – ആനന്ദപ്പള്ളിയിലെ ബി.എസ്.എന്‍.എല്‍ ടവര്‍ റൂമില്‍ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കല്‍ ലൈന്‍ ടെര്‍മിനലും മൊഡ്യൂളുകളും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുകളും മോഷ്ടിച്ച കേസില്‍ ഒരാളെ പോലീസ് പിടികൂടി. ആനന്ദപ്പള്ളി കൈമലപുത്തന്‍വീട്ടില്‍ സതീഷ് കുമാ(39)റാണ് അറസ്റ്റിലായത്. ഒപ്റ്റിക്കല്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിന് കരാര്‍ എടുത്തിട്ടുള്ള സിഗ്‌നല്‍ കമ്പനിയുടെ ഉപകരണങ്ങളാണ് ഏപ്രില്‍ 14 ന് മോഷ്ടിച്ചത്.
ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്ന ആനന്ദപ്പള്ളി ബി.എസ്.എന്‍.എല്‍ ടവര്‍ റൂമിന്റെ പൂട്ട് പൊളിച്ച് അതിക്രമിച്ചു കയറിയാണ് സാധനങ്ങള്‍ മോഷ്ടിച്ച് കടത്തിയത്. കമ്പനിക്ക് രണ്ടുലക്ഷത്തില്‍ പരം രൂപയുടെ നഷ്ടം സംഭവിച്ചു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍ കോളുകളും ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചു. ഈ മേഖലയില്‍ ബിസിനസ് നടത്തുന്ന ആളുകളെയും തൊഴിലാളികളെയും ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതിയിലേക്കെത്തിയത്. മോഷണ വസ്തുക്കള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ ആളുകള്‍ മോഷണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അറിയാന്‍ കഴിയൂവെന്ന് ജില്ലാ പോലീസ് മേധാവി വി. അജിത് പറഞ്ഞു.
ഡിവൈ.എസ്.പി ആര്‍. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ആര്‍. രാജീവ്, എസ്.ഐമാരായ എല്‍. ഷീന, ആര്‍. രാധാകൃഷ്ണന്‍, എസ്.സി.പി ഓമാരായ സൂരജ്, ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ് നടപടികള്‍. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
What do you feel about this post?
Like
Love
Happy
Haha
Sad

