പത്തനംതിട്ട – ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിവിധ സർക്കാർ വകുപ്പുകളുടെ സാന്നിധ്യത്തിൽ കുട്ടികളുടെയും കൗമാരക്കാരുടെയും ആരോഗ്യപദ്ധതികളുടെ ഏകോപന യോഗം സംഘടിപ്പിച്ചു. കുട്ടികൾക്കും കൗമാരക്കാർക്കുമുള്ള സർക്കാരിന്റെ വിവിധ ആരോഗ്യപദ്ധതികളെ കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ അവബോധം നൽകണമെന്ന് ജില്ലാ കലക്ടർ നിർദേശിച്ചു.
ആരോഗ്യവകുപ്പും ദേശീയ ആരോഗ്യമിഷനും സംയുക്തമായി പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. തദ്ദേശം, വിദ്യാഭ്യാസം, പൊലിസ്, എക്സൈസ് വകുപ്പുകളുടെ സഹകരണം കൂടുതലായി ആവശ്യമാണ്. ലഹരിമരുന്ന്, ഇന്റർനെറ്റിന്റെ അപകടവശങ്ങൾ ഒക്കെ കുട്ടികളെ ബോധവൽകരിക്കണം. ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയും ജില്ലാ കലക്ടർ ചൂണ്ടികാട്ടി.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിറ്റിയുടെ പ്രവർത്തനം പഞ്ചായത്ത് തലത്തിൽ കാര്യക്ഷമമാക്കും. കൗൺസിലർമാരുടെ കുറവ് അടിയന്തരമായി പരിഹരിക്കുന്നതിനൊപ്പം പ്രവർത്തനം സ്കൂൾതലത്തിലേക്കും വ്യാപിപ്പിക്കും. സൈബർ ക്രൈമിനെ കുറിച്ച് ബോധവൽക്കരണം നടത്താനും യോഗത്തിൽ തീരുമാനമായി.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ അനിത കുമാരി, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ് ശ്രീകുമാർ, ആർസിഎച്ച് ഓഫീസർ ഡോ. കെ. കെ ശ്യാംകുമാർ, ജില്ലാ മാസ് മീഡിയ ഓഫീസർ എസ് ശ്രീകുമാർ, ആർ.കെ.എസ്.കെ നോഡൽ ഓഫീസർ ഡോ. ബിപിൻ സാജൻ, സി.ഡബ്ല്യു.സി അംഗം അഡ്വ. പ്രസീത എന്നിവർ പങ്കെടുത്തു.


