30 അടി താഴ്ചയുളള സെപ്ടിക് ടാങ്ക് കുഴിയിൽ വീണ ഗർഭിണി പശുവിനെ ഫയർ ഫോഴ്‌സ് മൂന്നു മണിക്കൂർ കൊണ്ട് പുറത്തെടുത്തു :

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഉപയോഗിക്കാതെ കിടന്ന ആഴമേറിയ സെപ്ടിക് ടാങ്കിൽ വീണ ഗർഭിണിപ്പശുവിനെ മൂന്നു മണിക്കൂർ നീണ്ട പ്രയത്നത്തിനൊടുവിൽ ഫയർഫോഴ്സ് രക്ഷിച്ചു. ചെന്നീർക്കര തോമ്പിൽ പടിഞ്ഞാറ്റേതിൽ ഗോപിയുടെ എട്ടുമാസം ഗർഭിണിയായ പശുവാണ് മുറിപ്പാറ തോമ്പിക്കടവ് ഭാഗത്ത് വർഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുന്ന സെപ്ടിക് ടാങ്കിൽ വീണത്. അമ്മിണി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് പറമ്പ്.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പശു വീണത്. വൈകിട്ട് നാലേകാലോടെ പശുവിനെ കരയ്ക്ക് എത്തിച്ചു. 30 അടി താഴ്ചയാണ കക്കൂസ് കുഴിക്ക് ഉണ്ടായിരുന്നത്. വായുസഞ്ചാരം കുറവും മണ്ണ് ഇടിഞ്ഞു വീഴാൻ സാധ്യത ഉണ്ടായിരുന്നതുമായ കുഴിയിൽ എയർ സിലിണ്ടർ ഉപയോഗിച്ച് ഫയർ ഓഫീസർമാരായ എസ്. അസിം, കെ.ആർ. വിഷ്ണു എന്നിവർ ഇറങ്ങി. വടവും ഹോസും ഉപയോഗിച്ച് പശുവിനെ കെട്ടിക്കയറ്റനാണ് ശ്രമിച്ചത്. എന്നാൽ, പശു കുഴിക്കുള്ളിൽ കുടുങ്ങി. തൊട്ടടുത്തു തന്നെ അച്ചൻകോവിലാർ ഉള്ളതിനാൽ സേനയുടെ ഫ്ളോട്ട് പമ്പ് ഉപയോഗിച്ചു അവിടെ നിന്ന് വെള്ളം പമ്പ് ചെയ്ത് കുഴി നിറച്ചു. തുടർന്ന് കെട്ടിയിരുന്ന ഹോസിൽ പിടിച്ച് ഉയർത്തി പശു വിനെ കരയിൽ എത്തിച്ചു ഉടമസ്ഥനെ ഏല്പിക്കുകയും ചെയ്തു.

പത്തനംതിട്ട ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എ. സാബുവിന്റെ നേതൃത്വത്തിൽ, ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ എസ്. രഞ്ജിത്ത്, പി. തൃതീപ്, വി. ഷൈജു, ഷമ്ജികുമാർ, ജെ. മോഹനൻ, ടി. അജു, ഫയർവിമെൻ അഞ്ജലി അനിൽകുമാർ, എം. മായ, ഹോംഗാർഡുമാരായ ടി.ആർ.മുരളീധരൻ, വി. സന്തോഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

Leave a Reply

Your email address will not be published. Required fields are marked *