സ്വപ്നങ്ങൾ ബാക്കിവെച്ച് അൽവിൻ വിധിക്ക് കീഴടങ്ങി

Kerala Alappuzha
Print Friendly, PDF & Email

എടത്വ:എം.ബി.ബി.എസ് സ്വപ്നങ്ങൾ ബാക്കിവെച്ച് ആൽവിൻ വിധിക്ക് കീഴടങ്ങി. നീറ്റ് എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയംനേടി ഡോക്ടറാകണമെന്ന മോഹവുമായി ആലപ്പുഴ ടി.ഡി മെഡിക്കൽ കോളേജിൽ എത്തിയ ആദ്യവർഷ വിദ്യാർഥി എടത്വാ പള്ളിച്ചിറ കൊച്ചുമോൻ ജോർജിൻ്റെ മകൻ ആൽവിൻ ജോർജ്ജാണ് (20) വിധിക്ക് കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ ദേശീയപാതയിൽ കളർകോട് ചങ്ങനാശ്ശേരി മുക്കിനു സമീപത്തുണ്ടായ വാഹനാപകടത്തിലാണ് ആൽവിന് ഗുരുതരമായി പരിക്കേറ്റത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ എറണാകുളം സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.വ്യാഴാഴ്‌ച വൈകിട്ട് 4.30 ഓടെ ആൽവിൻ വിധിക്ക് കീഴടങ്ങുകയായിരുന്നു.

അന്ത്യയാത്രയ്ക്ക് മുൻപ് മാതാവ് മീനയെ ഫോണിൽ വിളിച്ചിരുന്നു. സുഹൃത്തുക്കൾ സിനിമയ്ക്ക് പോകാൻ ക്ഷണിച്ചെങ്കിലും ആദ്യം നിരസിച്ചു. കൂട്ടുകാർ നിർബന്ധിച്ചതോടെ ക്ഷണം സ്വീകരിച്ച് ഇറങ്ങാൻ തുടങ്ങുന്നതിന് തൊട്ടുമുൻപാണ് അമ്മയെ വിളിച്ച് അനുവാദം വാങ്ങിയത്. ആ യാത്ര അന്ത്യയാത്രയിൽ കലാശിക്കുകയായിരുന്നു. എടത്വാ സെൻ്റ് അലോഷ്യസ് സ്കൂളിൽ പഠിച്ചിരുന്ന ആൽവിൻ പഠനത്തിലും സ്പോട്സിലും മികവുറ്റ വിദ്യാർഥിയായിരുന്നു. നീറ്റ് എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടിയാണ് എം.ബി.ബി.എസിന് സെലക്ഷൻ കിട്ടിയത്. കോളേജിൽ എത്തിയ ആൽവിനെ സുഹൃത്തുകൾ സ്വീകരിക്കുമ്പോൾ കോളേജ് കോമ്പൗണ്ടിലെ ഫുഡ്ബോൾ ഗ്രൗണ്ട് ഏറെ ഇഷ്ടപ്പെട്ടിരുന്നതായി ആൽവിൻ വീട്ടുകാരെ അറിയിച്ചിരുന്നു.നീറ്റ് പരീക്ഷയിൽ തിളക്കമാർന്ന വിജയം നേടിയ ആൽവിനെ എടത്വാ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ ആദരിക്കാനായി ക്ഷണിച്ചിരുന്നു. കോളേജ് പഠനം നടക്കുന്നതിനാൽ ക്ഷണം സ്വീകരിച്ച് മുത്തശ്ശിയാണ് മൊമൻ്റോ വാങ്ങിയിരുന്നത്. ചെറുമകൻ്റെ അവസാന വിജയ ഫലകം കൈയ്യിലേന്തിയ മുത്തശ്ശിക്ക് ആൽവിൻ്റെ മരണം താങ്ങാൻ കഴിയാതെ അലമുറയിട്ട് കരഞ്ഞു. പഠനം ആരംഭിച്ച് 51 നാൾ എത്തുമ്പോഴേയ്ക്കും വിധി ആൽവിനേയും മടക്കമില്ലാത്ത ലോകത്തേയ്ക്ക് തിരികെ വിളിച്ചു.

പിതാവ് കുഞ്ഞുമോൻ ജോർജി ന്റെ കുടുബ വീടാണ് എടത്വ പള്ളിചിറ. കഴിഞ്ഞ 6 വർഷമായി തലവടി പഞ്ചായത്തിൽ 8-ാം വാർഡിൽ കറുകപറമ്പ് വീട്ടിൽ ആണ് താമസം.ഖത്തറിൽ നിന്നും കുഞ്ഞുമോൻ ജോർജ്ജ് സ്ഥലത്ത് എത്തി വിദഗ്ധ ചികിത്സക്കായി എറണാകുളത്തേയ്ക്ക് ആൽവിനെ മാറ്റിയെങ്കിലും രണ്ട് ഗ്രാമങ്ങളെ കണ്ണീരിലാഴ്ത്തി ആൽവിൻ മരണത്തിന് കീഴടങ്ങി.

ആൽവിന്റെ നിര്യാണത്തിൽ എടത്വ ടൗൺ ലയൺസ് ക്ലബ്, എടത്വ വികസന സമിതി, തലവടി ചുണ്ടൻ വള്ളം സമിതി ,എടത്വ ജോർജിയൻ സംഘം, സെന്റ് അലോഷ്യസ് ഹൈസ്‌ക്കൂൾ പി.ടിഎ സമിതി ഭാരവാഹികൾ അനുശോചിച്ചു.

ആൽവിൻ ഒരു ഫുട്‌ബോൾ പ്രേമി കൂടിയായിരുന്നു.

ആല്‍വിന്റെ മൃതദേഹം ഞായറാഴ്ച രണ്ടിന് മഹാജൂബിലി ആശുപത്രിയില്‍ നിന്ന് വിലാപയാത്രയായി തലവടിയിലെ ആല്‍ബിന്റെ ഭവനത്തില്‍ എത്തിയ്ക്കുന്നതും സംസ്‌കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ 9.30 ന് ഭവനത്തില്‍ നിന്ന് ആരംഭിക്കുന്നതും തുടര്‍ന്ന് എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് എടത്വ സെന്റ് ജോര്‍ജ്ജ് ഫൊറോനാപള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം സെമിത്തേരിയില്‍ സംസ്‌കരിക്കുന്നതുമാണ്.

✒️ഡോ. ജോൺസൺ വി ഇടിക്കുള

 

Leave a Reply

Your email address will not be published. Required fields are marked *