എടത്വാ: ആലപ്പുഴ ഡി.എം.ഒ ഓഫീസിന് നൽകിയ വിവരാവകാശ രേഖയുടെ മറുപടി പിഴയടച്ച് കൈപ്പറ്റി. പരാതിപ്പെട്ടപ്പോൾ മണിയോർഡറിൽ പണം എത്തി. ആരോഗ്യ വകുപ്പിന് കീഴിലുള്ള ആശുപത്രികളിലെ നടപടി ക്രമങ്ങളുടെ വ്യക്തത അറിയുവാനായി എടത്വ വികസന സമിതി ജനറൽ സെക്രട്ടറി തലവടി വാലയിൽ ഡോ. ജോൺസൺ വി. ഇടിക്കുള ആലപ്പുഴ ഡി.എം.ഒ ഓഫീസിന് നൽകിയ വിവരാവകാശ രേഖയുടെ മറുപടിയാണ് പിഴ അടച്ച് കൈപ്പറ്റേണ്ടി വന്നത്. തപാൽ വഴി അയച്ച മറുപടി കവറിൽ സ്റ്റാമ്പ് ഒട്ടിക്കാതെ വിട്ടതോടെ തപാൽ വകുപ്പ് 10 രൂപ പിഴ അപേക്ഷകനിൽ നിന്നും ഈടാക്കിയിരുന്നു. വളരെ ഗൗരവമായി അയയ്കേണ്ട മറുപടി അശ്രദ്ധയോടെ ഓഫീസിൽ നിന്നും അയച്ചതിനാൽ അപേക്ഷകൻ ഡിഎംഒ ഓഫീസിൽ പരാതിപ്പെട്ടതോടെ മണിയോർഡറായി 10 രൂപ അയച്ച് നൽകിയിരുന്നു. കൂടാതെ അപേക്ഷകൻ്റെ വിലാസത്തിലും തെറ്റുകൾ വരുത്തിയാണ് വിവരാവകാശ രേഖയുടെ മറുപടി അയച്ചത്. പൊതുജനങ്ങളുടെ അറിയാനുള്ള അവകാശത്തിന്റെ പടവാൾ ആണ് വിവരാവകാശ നിയമം.



