അടൂർ കെഎസ്ആർടിസി ഡിപ്പോയ്ക്ക് അടൂർ നിന്നും കാന്തല്ലൂരിലേക്ക് പുതിയ ബസ് സർവീസ് അനുവദിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. മൂന്നാർ വഴി കാന്തല്ലൂരിലേക്ക് നോൺ എസി സൂപ്പർഫാസ്റ്റ് ആണ് അടൂരിനായി അനുവദിച്ചത്. തട്ട, പത്തനംതിട്ട, എരുമേലി, ഈരാറ്റുപേട്ട, തൊടുപുഴ, അടിമാലി, മൂന്നാർ, മറയൂർ വഴിയാണ് ഈ സർവീസ് ക്രമീകരിച്ചിട്ടുള്ളത്.
ഉച്ചയ്ക്ക് 12.30ന് അടൂരിൽ നിന്നും പുറപ്പെടുന്ന ഈ സർവീസ് എട്ടു മണിക്കൂർ 45 മിനിറ്റ് റണ്ണിംഗ് ടൈം എടുത്ത് രാത്രി 9.15 ന് കാന്തല്ലൂരിൽ എത്തും. കാന്തല്ലൂരിൽ നിന്നും രാവിലെ ഏഴിന് പുറപ്പെട്ടു വൈകുന്നേരം 3.45 ന്് അടൂരിൽ തിരിച്ചെത്തുന്ന തരത്തിലാണ് സർവീസ് ക്രമീകരിച്ചിട്ടുള്ളത്. ദേശീയ ടൂറിസം ഭൂപടത്തിൽ ഇതിനകം ശ്രദ്ധേയമായി മാറിക്കഴിഞ്ഞ ജൈവവൈവിധ്യ മേഖലയായ കാന്തല്ലൂരിലേക്കുള്ള സർവീസ് വിനോദ സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാണ്. ഈ സർവീസ് ഉടൻ ഫ്ളാഗ് ഓഫ് ചെയ്യാനാകുമെന്നും ഡെപ്യുട്ടി സ്പീക്കർ അറിയിച്ചു.


