ആദ്യ പ്രണയം…
രചന – അബിൻ തിരുവല്ല
ആദ്യ പ്രണയം ഒരുപാട് വേദനകൾ സമ്മാനിക്കും എന്ന് വിശ്വസാഹിത്യകൃതികളലും , സിനിമകളിലൊക്കെ ഒരു ക്ലീഷേയായീ പറഞ്ഞു പോകുന്നതാണ്. ആദ്യ പ്രണയത്തിൻ്റെ മധുരവും, കൈപ്പും അനുഭവിച്ച ഒരാളെ സംബന്ധിച്ചിടത്തോളം തികച്ചും ക്ലീഷിയായ ഒരു വസ്തുതയല്ല ഇത്. മറിച്ച് പരമമായ വാസ്തവമാണ്.
ഇനിയും അല്പം കണ്ടവന്റെ വ്യക്തിപരമായ അനുഭവത്തിലേക്ക് കടക്കാം. കണ്ടവൻ അല്ല കേട്ടോ ഏറ്റവും അടുത്ത സുഹൃത്താണ്. അവൻ്റെ ജീവിതത്തിൽ സംഭവിച്ച ചെറിയ ഒരു ഏട്.
കോളേജിൽ പഠിക്കുമ്പോൾ എന്നെപ്പോലെ തന്നെ ചില ആനുകാലിക പ്രസിദ്ധീകരണങ്ങളിലും, ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും സാഹിത്യകൃതി പ്രസിദ്ധീകരിച്ചുവരുന്ന അല്പം എഴുത്തിന്റെ അസുഖമുള്ള ഒരു ചെറിയ കിറുക്കൻ. എഴുത്തുകാരനല്ലേ പ്രണയഭ്യർത്ഥനയുമായി ഒന്ന് ,രണ്ട് ആരാധികമാർ അപേക്ഷ ആശാന് നൽകി. ലോകം അറിയുന്ന ഒരു എഴുത്തുകാരൻ ആവുക എന്നുള്ളതാണ് പരമമായ ലക്ഷ്യം, ഇതുപോലെയുള്ള ലോലവികാരങ്ങളെ തഴുകി ഉണർത്തുവാൻ തൽക്കാലം താല്പര്യമില്ലാത്തതുകണ്ടും, ആരാധികമാരോട് അങ്ങോട്ട് ഒരു താൽപര്യം തോന്നാത്തത് കൊണ്ടും വളരെ വിദഗ്ധമായി അദ്ദേഹം തെന്നി മാറി.
“നീ ഒരു മണ്ടൻ തന്നെ
ആ അശ്വതിയെപ്പോലെ ഇത്രയും ഭംഗിയുള്ള ഒരു കുട്ടി ഇഷ്ടമാണെന്ന് ഇങ്ങോട്ട് പറഞ്ഞിട്ട് അത് വേണ്ടെന്നുവച്ച നിന്നെ പോലൊരു പമ്പര വിഡ്ഢിയെ ചെരുപ്പൂരി അടിക്കണം”.
(അശ്വതി പ്രണയാഭ്യർത്ഥന നടത്തിയ ഒരു പെൺകുട്ടി)
അല്പം അസൂയ പൂണ്ടും “എറിയാൻ അറിയാവുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കുകയില്ലല്ലോ” എന്ന പഴമൊഴി അനുസ്മരിച്ചു കൊണ്ടും ഇതറിഞ്ഞ സുഹൃത്തുക്കൾ അദ്ദേഹത്തെ പല്ലും, നഖവും ഉപയോഗിച്ച് വിമർശിച്ചു. ഒപ്പം താങ്കൾക്ക് ലഭിക്കാത്ത ഭാഗ്യ അവസ്ഥയെ കുറിച്ച് ഓർത്ത് ദുഃഖകടലിൽ ഒന്ന് നീരാടി.
ഇതൊന്നും വകവെക്കാതെ താൻ ചെയ്യുന്ന പ്രവർത്തിയിൽ മാത്രം ഊന്നി എൻ്റെ ആത്മമിത്രം മുന്നോട്ടുതന്നെ എഴുത്ത് യാത്ര തുടർന്നു.
അങ്ങനെ വർഷം മൂന്ന് കഴിഞ്ഞു. പതിയെ,പതിയെ എഴുത്തിൽ നിന്നും ടിയാന് വരുമാനം ലഭിക്കാൻ തുടങ്ങി ഒട്ടും മോശമല്ലാത്ത തുകകൾ.
ഈ മൂന്നു വർഷത്തിന്റെ ഇടയ്ക്ക് ഒരു പെൺകുട്ടിയും ആ ഹൃദയം കവർന്നെടുത്തില്ല. എടുക്കാൻ അവൻ സമ്മതിച്ചുമില്ല.
വിശ്വാമിത്രന്റെ മനസ്സുവരെ ഇളക്കാൻ ഒരു മേനക വന്നു. പിന്നെയല്ലേ സാധാരണക്കാരന്റെ കാര്യം.
ആശാന് അല്പം സിനിമാ ബന്ധം ഉള്ളതുകൊണ്ട് അഭിനയ മോഹികളായ പെൺകുട്ടികളും ചുറ്റിപ്പറ്റി നടപ്പുണ്ട്. ഗ്രഹങ്ങൾക്ക് ചുറ്റും ഉപഗ്രഹം കറങ്ങുന്നതിന് സമമായി.
ആ കഥ തുടരാം ഏതൊരു മനുഷ്യന്റെയും ജീവിതത്തിലെ ഏറ്റവും വലിയ ഒരു മോഹമാണ് സ്വന്തമായി വീട് വയ്ക്കുക എന്നത് എൻ്റെ ആത്മ മിത്രത്തിൻ്റെ പിതാവും ആ ആഗ്രഹം സാധിച്ചു. അങ്ങനെ അവൻ്റെ പാലുകാച്ച് ദിവസം വന്നെത്തി .സന്തോഷമായി അന്നത്തെ രാവിലത്തെ ദിവസം കഴിഞ്ഞു. തന്റെ ഏറ്റവും വലിയ സ്വപ്നമായ സിനിമ തിരക്കഥ കയ്യിലെടുത്ത് പുതിയ വീടിൻ്റെ അലമാരിയിൽ ഭദ്രമായി സൂക്ഷിച്ചു. വർഷങ്ങൾ കൊണ്ട് താൻ ശേഖരിച്ച പുസ്തക ശേഖരണം അവിടെ അടുക്കി. കൈയിലുള്ള തിരക്കഥ മുഴുവൻ പേപ്പറും താൻ എഴുതി തീർത്തത് ആണെന്ന് സ്വയം അഭിമാനം കൊണ്ട് അതിലേക്ക് നോക്കിനിന്നു.
“അളിയോ ഇറങ്ങി വായോ”
തെറ്റിദ്ധരിക്കേണ്ട അത് ഞങ്ങളാണ് അവൻ്റെ സുഹൃത്തുക്കൾ. രാവിലെ ജോലിത്തിരക്ക് മൂലം ഞങ്ങൾക്ക് സംബന്ധിക്കാൻ പറ്റില്ല രാത്രിയിൽ വന്നതാണ് കയറി താമസം എന്ന് പറയുന്നത് അങ്ങനെ ഒരു ചടങ്ങാണ് എപ്പോൾ വേണമെങ്കിലും നമുക്ക് കയറിച്ചെല്ലാം രാത്രി വരെ സമയം ഇങ്ങനെ പരവതാനി പോലെ നീണ്ടു നിവർന്ന് കിടക്കുകയാണ്.
“എന്തുവാടാ പുല്ലേ ആറര ആകുമ്പോൾ വരാമെന്ന് പറഞ്ഞതാണ് സമയം ഇപ്പോൾ ഏഴരയായി വല്ലതും കഴിക്കാം വാ അളിയന്മാരെ”. അവൻ്റെ ജീവനാണ് ഞങ്ങൾ. അളിയന് അത്യാവശ്യം സിനിമ ബന്ധം ഉള്ളതുകൊണ്ട് സിനിമാക്കാർ ആരെങ്കിലും വന്നോ ? എന്ന് ഞങ്ങൾ അന്വേഷിച്ചു. ഒന്ന് രണ്ട് പേർ വന്നിരുന്നു ബാക്കി പേർ പിന്നീട് എത്തിച്ചേരുമെന്ന് അറിയിച്ചിട്ടുണ്ട് എന്ന വിവരം ഞങ്ങളെ അറിയിച്ചു. എന്തായാലും സിനിമാക്കാരെ നേരിൽ കാണാൻ പറ്റാത്തതിന്റെ വിഷമം കടിച്ചമർത്തി.
“മോനെ എന്തുണ്ട് വിശേഷം”. അളിയൻ കൗതുകത്തോടെ തിരിഞ്ഞുനോക്കി. ആ അങ്കിളോ? എന്തുണ്ട് വിശേഷം. രാവിലെ മുതൽ അങ്കിളിനെ നോക്കിയിരിക്കുകയായിരുന്നു ഞാൻ”.
“അതെന്താടാ ഞങ്ങളെ ഒന്നും നീ നോക്കിയിരുന്നില്ലേ”. അമ്മായി പരിഭവം പറഞ്ഞു.” അല്ല അമ്മായി നിങ്ങളെ രണ്ടുപേരെയും എനിക്ക് മറക്കാൻ പറ്റുമോ? എൻ്റെ എഴുത്തും, കാര്യങ്ങളും വീട്ടിൽ എതിർത്തപ്പോൾ എന്നെ ചേർത്തുനിർത്തിയ ആളുകളല്ലേ.
ഈ സംഭവത്തിന് കുറച്ചുകാലപ്പഴക്കം ഉണ്ട് എൻ്റെ സുഹൃത്തായ കഥാനായകൻ എഴുത്തിലേക്ക് കടന്നു വന്നപ്പോൾ കുടുംബത്തിൽ ചില അസൂയ പൂണ്ട ആളുകൾ വീട്ടിൽ എഴുത്തുകൊണ്ട് ഉപജീവിക്കാൻ സാധിക്കില്ല ഉടൻതന്നെ പിന്തിരിപ്പിക്കണം എന്ന അടിയിൽ കൂടെ ചില ഊടു പണികൾ ചെയ്തിട്ടുണ്ട്. അന്ന് അമ്മയുടെ വകയിലെ ആങ്ങളയായ ഇദ്ദേഹമാണ് വളരെ കാര്യമായി പിന്തുണ അറിയിച്ച് രംഗത്തെത്തിയത്. അത് മുന്നോട്ടുള്ള അവൻ്റെ എഴുത്ത് ജീവിതത്തെ വല്ലാതെ സ്വാധീനിക്കുകയും ചെയ്തു. ഇതെല്ലാം ആശാൻ അവരോട് ഒറ്റ ശ്വാസത്തിൽ വിളമ്പി. പ്രിയപ്പെട്ട അമ്മാവനെയും ,
അമ്മായിയെയും ഒന്ന് പുകഴ്ത്തുകയും ചെയ്യാം അവിടെ പണ്ട് പാര വെച്ചിട്ടുള്ള ബന്ധുക്കൾക്കിട്ട് ഒരു വെപ്പും കൊടുക്കാമല്ലോ.
എടീ ഇതാരാണെന്ന് മനസ്സിലായോ ഇതാണ് സന്ദീപ് ചൈതന്യ.(തൽക്കാലം നമ്മുടെ കഥാനായകന് കൊടുത്ത സാങ്കല്പികമായ ഒരു പേര് സന്ദീപ് ചൈതന്യ).
അപ്പോഴാണ് അമ്മായിയുടെ അനിയത്തിയും മകളും കയറി താമസത്തിൽ സംബന്ധിക്കാൻ എത്തിയിട്ടുള്ള കാര്യം നമ്മുടെ സാഹിത്യകാരൻ ശ്രദ്ധിക്കുന്നത്.
പൊട്ടൻ പൂരം കണ്ടപോലെ അമ്മായിയുടെ അനിയത്തി അറിയില്ല എന്ന ആംഗ്യഭാഷയിൽ മൊഴിഞ്ഞു. ഇത് സന്ദീപ് ചൈതന്യ വളർന്നു വരുന്ന ഭാവിയിലെ എഴുത്തുകാരൻ. നമ്മുടെ കുടുംബത്തിൻ്റെ ഐശ്വര്യം ഉദയസൂര്യ ശോഭയുടെ ലോകത്തിനു മുന്നിൽ പ്രകാശിപ്പിക്കാൻ പോകുന്നവൻ. തുടങ്ങിയ ഡയലോഗുകൾ കേട്ടപ്പോൾ എം ടി വാസുദേവൻ നായരെക്കാളും അല്പം അഭിമാനത്തോടെ ആശാൻ അവരുടെ മുന്നിൽ ഇങ്ങനെ ഞെളിഞ്ഞു നിന്നു. സലാം കാശ്മീർ എന്ന സിനിമയിൽ സുരേഷ് ഗോപി ജയറാമിനെ പരിചയപ്പെടുത്തുന്ന സീൻ ഓർമ്മിപ്പിക്കുന്ന രീതിയിൽ.
ഈ സമയത്താണ് അണ്ണന്റെ കണ്ണ് മറ്റൊരിടത്ത് ഒടക്കുന്നത് അമ്മായിയുടെ അനിയത്തിയുടെ മകളും എത്തിയിട്ടുണ്ട്. നല്ല സുന്ദരിയായ ഒരു കുട്ടി.
വളരെ കൗതുകത്തോടെ തന്നെ ആഹാ സന്ദീപ് എഴുത്തുകാരൻ ആയിരുന്നല്ലേ. ബാല്യകാല സുഹൃത്തായ കുട്ടിയുടെ വാക്കുകൾ കേട്ട് അവൻ ഇങ്ങനെ മൊഴിഞ്ഞു.”ഞാൻ അങ്ങനെ ആരോടും പുറത്ത് പറയാറില്ല”.
“എന്തായാലും എഴുത്തുകാരൻ എന്ന് പറയുന്നത് മറ്റൊരാഭിമാനമാണ് കേട്ടോ”. ഇത് കേട്ടപ്പോൾ ഒരു മഞ്ഞുകാലം മനസ്സിൽ വിരുന്ന് വന്നപോലെ അവൻ കുളിര് കോരി. എന്നാലും മുറി ട്രൗസർ ഇട്ട പ്രായം മുതൽ കാണാൻ തുടങ്ങിയ കുട്ടിയാണ് ഇപ്പോഴാണ് അവന് ഇങ്ങനെ ഒരു അനുഭൂതി. ശേഷം ആശാൻ തന്നെ എഴുത്ത് ജീവിതത്തെക്കുറിച്ചും, കലാ ജീവിതത്തെക്കുറിച്ചും വാതോരാതെ അവളോട് സംസാരിച്ചു. താൻ എഴുതി തീർത്ത സിനിമ തിരക്കഥ അവൾക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്തു.
“ഇതു മുഴുവൻ ഒറ്റക്കെഴുതി തീർത്തു ആണോ”.
ആണെന്ന് രീതിയിൽ തലയട്ടി ഒരു കള്ളച്ചിരിയോടെ.
അന്ന് കുറെ കാര്യങ്ങൾ അവർ സംസാരിച്ചു. പിരിഞ്ഞപ്പോൾ അമ്മുക്കുട്ടി ടാറ്റ എന്ന് പറഞ്ഞ് യാത്രയയപ്പ് നൽകി. അന്ന് രാത്രി അവൻ ഉറങ്ങിയില്ല. അന്നന്നല്ല ഒരു രണ്ടുമാസം.
എന്തായാലും കല്യാണം കഴിക്കണം അറിയാവുന്ന കുട്ടിയാവുമ്പോൾ പിന്നെ പ്രശ്നമില്ലല്ലോ. ചിന്തകൾ കാടുകയറി.
അറബിയും ഒട്ടകവും പി മാധവൻ നായരും എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച മാധവൻ നായർ രാത്രിയിൽ സ്വയം തെറി വിളിക്കുന്ന ഒരു രംഗമുണ്ട്. അതുപോലെ അവനും സ്വയം പറഞ്ഞു.
“സന്ദീപേ ചെറിയ എഴുത്തുകാരൻ മാത്രമേ ആയിട്ടുള്ളൂ സിനിമ സ്വപ്നം ബാക്കിയാണ്”,
“എടാ പുല്ലേ നീ എന്തുമാത്രം പെണ്ണുങ്ങളെ കണ്ടു ഇതിലും കാണാൻ കൊള്ളാവുന്ന പെൺകുട്ടികൾക്ക് മുന്നിൽ പോലും നീ മുട്ടുമടക്കിയിട്ടില്ല പിന്നെ എവിടുന്നു വന്നടാ ഇപ്പോ ഒരു അമ്മുക്കുട്ടി കിടന്ന് ഉറങ്ങടാ പുല്ലേ”.
സിനിമയിലെ ഈ രംഗങ്ങൾ ഒക്കെ ഹാസ്യത്തിനു വേണ്ടി വെറുതെ എഴുതി ഉണ്ടാക്കിയ നാടകീയത കലർന്ന രംഗങ്ങൾ മാത്രമല്ലയയിരുന്നു എവിടെയൊക്കെയോ ഒരു യാഥാർത്ഥ്യം ഉണ്ടായിരുന്നു എന്ന് അനുഭവിക്കുന്ന ആൾക്ക് ബോധ്യമാവും.
ഇങ്ങനെയൊക്കെ സ്വയം പറഞ്ഞെങ്കിലും അവനെ സമാധാനം ലഭിച്ചില്ല.
ഒടുവിൽ കല്യാണാലോചനനായി മുന്നോട്ടു പോകാം എന്ന് തന്നെ തീരുമാനം എടുത്തു. ആത്മസുഹൃത്ത് എന്ന രീതിയിൽ ആശാൻ
ഈ വിഷയം എന്റെ മുന്നിൽ അവതരിപ്പിച്ചപ്പോൾ അനുഭവം സമ്പത്ത് ഇല്ലെങ്കിലും വലിയ പ്രതീക്ഷ നീ നൽകരുത് അങ്ങനെ ചെയ്താൽ ചിലപ്പോൾ വിഷമമായാലോ എന്ന ഒരു ഉപദേശം ഞാൻ കൊടുക്കാതിരുന്നില്ല. പക്ഷേ ഇരുപതാമത്തെ വയസ്സിൽ സ്വതന്ത്ര എഴുത്തുകാരനായ താൻ ആഗ്രഹിച്ച എഴുത്തിലെ എല്ലാ മേഖലയും പിടിച്ചടക്കിയ അവൻ ലങ്കാധിപതിയായ രാവണന്റെ അഹങ്കാരം എവിടെയൊക്കെയോ ഉണ്ടായിരുന്നു. എന്തായാലും നമ്മുടെ കഥാനായകൻ അമ്മാവൻ്റെ മുന്നിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ തീരുമാനിച്ചു.
വിക്കി, മൂളിയും വളരെ ബഹുമാനത്തോടെ അവൻ കാണുന്ന മാമനോട് മാമിയുടെ ഭാര്യയുടെ അനിയത്തിയുടെ മകളെ കല്യാണം കഴിക്കണമെന്ന് വിനയപൂർവ്വം അപേക്ഷിച്ചു. പക്ഷേ ഈ തവണ അവനെ ഭാഗ്യം തുണച്ചില്ല.
“മോനെ സന്ദീപേ അമ്മുക്കുട്ടിയുടെ കല്യാണം നേരത്തെ ഉറപ്പിച്ചതാണ് ഒരാൾക്ക് വാക്ക് കൊടുത്തിട്ട് മാറ്റുന്നത് എങ്ങനെയാണ്”.
അധികം സംസാരിച്ചാൽ എഴുത്തുകാരൻ കരയുന്നത് കൂടെ കാണണം. ഒരു രാത്രി മുഴുവൻ തന്റെ അമ്മുക്കുട്ടിയെ കിട്ടാത്ത വിഷമം ഓർത്ത് കരഞ്ഞു. തൻറെ എല്ലാ ആഗ്രഹങ്ങളും, പ്രതീക്ഷകളും പൂവണിഞ്ഞപ്പോൾ അറിയാതെയാണെങ്കിലും ഇതും നടക്കുമെന്ന് ഒരു അഹങ്കാരം ആയിപ്പോയി ഉള്ളിന്റെ ഉള്ളിൽ.
ആഗ്രഹങ്ങൾ ആണല്ലോ ദുഃഖങ്ങൾക്ക് കാരണമെന്ന് ശ്രീബുദ്ധൻ പറഞ്ഞത് വളരെ ശരിയാണ്.
നീണ്ട ആറുമാസം കഴിഞ്ഞു അവൻ ഇപ്പോഴും അമ്മുക്കുട്ടിയെ മറക്കാൻ സാധിച്ചിട്ടില്ല.
അമ്മുക്കുട്ടിയുടെ വീടിൻ്റെ അടുത്തുകൂടെ പോവാൻ എപ്പോൾ അവസരം ലഭിച്ചാലും അതുവഴി ഒന്ന് കറങ്ങും. അവൾ കാണാതെ അവളുടെ മുഖം ഒരു നോക്ക് ദർശിക്കാൻ. ഒരിക്കൽ അവളെ നേരിൽ കണ്ടപ്പോൾ ആശാൻ ഓടി ഒരാളെ കാണുമ്പോൾ തിരിഞ്ഞ് ഓടേണ്ട അവൻ അവളുടെ മുന്നിലെക്കാണ് ഓടിയത്. ഓടി തലയും കുത്തി മുന്നിലേക്ക് ശേഷം തിരിഞ്ഞോടി വണ്ടിയെടുത്ത് സ്ഥലം വിട്ടു.
അവൻ്റെ ചില സുഹൃത്തുക്കൾ ഓരോ മാസവും ഓരോ കാമുകിമാരുടെ കൂടെ നടക്കുന്നത് കാണുമ്പോൾ ഒരു കുട്ടിയുടെ കൗതുകത്തോടെ അത് അവൻ നോക്കി നിൽക്കും. എന്നിട്ട് അവൻ തന്നെ സ്വയം ചോദിക്കും ഇവരെക്കൊണ്ട് ഇതൊക്കെ എങ്ങനെ പറ്റുന്നു എന്ന്.
മറ്റുള്ളവരുടെ വേദന അപേക്ഷിച്ച് സന്ദീപിന്റെ ദുഃഖം അത്ര ആഴത്തിലുള്ളതല്ല. എന്നിരുന്നാലും അവനെപ്പോലെ ഒരു ലോലഹൃദയനു അത് താങ്ങാൻ പറ്റിയില്ല.
പക്ഷേ ഇതിന് അവൻ പ്രതികാരം ചെയ്തു കേട്ടോ. ആ ഇടയ്ക്ക് പ്രസിദ്ധീകരിച്ച രണ്ടുമൂന്ന് കഥകളിലും, അവൻ തന്നെ എഴുതിയ ഷോർട്ട് ഫിലിമിലുകളിലും നായകൻ്റെ പേരിൻ്റെ സ്ഥാനത്ത് അവൻ്റെ പേരും, നായികയുടെ സ്ഥാനത്ത് അവളുടെ പേരും ഇട്ടു.
യഥാർത്ഥ ജീവിതത്തിൽ അമ്മുക്കുട്ടിയുടെ ഭർത്താവ് ആവാൻ സാധിച്ചില്ല കഥയില്ലെങ്കിൽ കഥയിൽ. കഴുത കാമം കരഞ്ഞു തീർക്കുന്നു എന്ന് കേട്ടിട്ടേ ഉള്ളൂ ദാ ഇപ്പോൾ തൻ്റെ സൃഷ്ടിപരതയിലൂടെ ഒരാൾ അത് പ്രാവർത്തിമാക്കുന്നത് ദർശിക്കാനുള്ള ഭാഗ്യം ഈയുള്ളവന് ലഭിച്ചു.
ഇടയ്ക്ക് ഞാൻ അവനെ ഒരു മണ്ടൻ എന്ന് വിളിച്ച് കളിയാക്കും എങ്കിലും മുഷിഞ്ഞ കുപ്പായം മാറ്റുന്ന ലാഘവത്തോടെ കാമുകിമാരെ മാറ്റുന്ന ചതിയന്മാരായ പുരുഷന്മാർക്കിടയിൽ അവൻ ഒരു മാതൃകയാണ്.
എത്രമാത്രം ആത്മാർത്ഥതയുടെ ആയിരിക്കും അമ്മുക്കുട്ടിയെ സന്ദീപ് പ്രണയിച്ചത് എന്ന് ഞാൻ ഇടയ്ക്ക് ചിന്തിക്കാറുണ്ട്. തരം കിട്ടുമ്പോൾ ഞാൻ അധിക്ഷേപിക്കുമെങ്കിലും അവനെപ്പോലെ ഒരു സത്യസന്ധനായ സുഹൃത്ത് എനിക്കുണ്ടായതിൽ ഞാൻ അഭിമാനിക്കാറുണ്ട്.
ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളെ ഒരുപക്ഷേ അമ്മുക്കുട്ടിക്ക് കിട്ടില്ല എന്നാണ് എൻ്റെ
വിശ്വാസം.
“വിശ്വാസം അതല്ലേ എല്ലാം”
“അവൻ്റെ വിശ്വാസം അവനെ രക്ഷിക്കട്ടെ”
നിനക്ക് ഭാഗ്യമില്ലാതെ പോയല്ലോ കാണാൻ നമ്മുടെ ലക്ഷ്മി റായിയെപ്പോലെ ഭംഗിയുള്ള ഒരു കുട്ടി”. സുഹൃത്തുക്കൾ ചിലർ സഹതാപം ഉയർത്താറുണ്ട്.
സത്യത്തിൽ ഇവിടെ നിർഭാഗ്യം സംഭവിച്ചത് സന്ദീപിനേക്കാൾ കൂടുതൽ അമ്മുക്കുട്ടിക്കാണ്.
കാരണം ഇത്രയും അന്ധമായി അവൻ ആരെയും സ്നേഹിച്ചിട്ടില്ല. ഇങ്ങനെ സ്നേഹിക്കുന്ന ഒരാളെ അമ്മുക്കുട്ടിക്ക് ലഭിക്കാതെ പോകുന്നതല്ലേ കൂടുതൽ നിർഭാഗ്യം.
സന്ദീപിനേക്കാൾ കൂടുതൽ ഇവിടെ നിർഭാഗ്യം സംഭവിച്ചിരിക്കുന്നത് അമ്മുക്കുട്ടിക്കാണ് എൻ്റെ കാഴ്ചപ്പാടിൽ.
എന്തായാലും ഒന്ന് പോയപ്പോൾ അടുത്തതിന്റെ പുറകിനു പോവാത്ത എൻ്റെ സുഹൃത്തിനെ കുറിച്ച് ഞാൻ ഇടയ്ക്ക് ഓർക്കാറുണ്ട്.
ദിവസവും പ്രാർത്ഥിക്കാറുണ്ട് അവന്റെ അമ്മുക്കുട്ടിയെ അവന് തന്നെ കൊടുക്കണമേ ദൈവമേ…..
ആനയെ വാങ്ങാം , ബെൻസ് കാർ വാങ്ങാം പക്ഷേ ഒരു പെണ്ണിൻ്റെ മനസ്സിലെ ഇഷ്ടം മാത്രം
വാങ്ങാൻ കിട്ടില്ല. മോഹൻലാലിൻ്റെ എക്കാലത്തെയും മികച്ച സിനിമയായ ചന്ദ്രോത്സവത്തിൽ പറയുന്ന ഡയലോഗ്. പണമുണ്ടെങ്കിൽ ധാരാളം പെണ്ണുങ്ങൾ കൂടെ വരുമെന്ന് നാട്ടുകാർ പറയും. അങ്ങനെ പോകുന്നവർ ധാരാളം ഉണ്ട്. എന്നാൽ എല്ലാവരെയും ആ ത്രാസിൽ തൂക്കുന്നത് ഒട്ടും ശരിയല്ല. കഷ്ടപ്പാടുകളും, ദുരിതങ്ങളും ഒരുമിച്ച് പങ്കിടാൻ സകല സൗഭാഗ്യങ്ങളും തട്ടിത്തെറിപ്പിച്ച് വരുന്ന പെൺകുട്ടികൾ ധാരാളം ഉണ്ട്. ലോകം മുഴുവൻ നേടിയാലും ആഗ്രഹിച്ച പെൺകുട്ടിയെ കിട്ടില്ലാത്ത പക്ഷം. മൗനം ഭുജിച്ചുകൊണ്ട് നമ്മൾ ഓരോരുത്തരും ഒരു പരീയൻ കുഞ്ഞായി പരിണമിക്കും എന്നത് വാസ്തവമാണ്.
എന്തായാലും ആദ്യ പ്രണയം ഒരുപാട് ആളുകൾക്ക് ദുഃഖം മാത്രം സമ്മാനിച്ചതാണ്….


