ബന്ധുവായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത പോക്‌സോ കേസ് പ്രതിക്ക് മൂന്നു ജീവപര്യന്തം വിധിച്ച് അതിവേഗകോടതി

Crime
Print Friendly, PDF & Email

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബന്ധുവായ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും. പത്തനംതിട്ട അതിവേഗ കോടതി സ്‌പെഷ്യൽ ജഡ്ജി ഡോണി തോമസ് വർഗീസിന്റെതാണ് വിധി. മല്ലപ്പള്ളി ആനിക്കാട് പുന്നവേലി പാലയ്ക്കാത്തകിടി ചാലുങ്കൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പി.കെ. സനിൽകുമാറി(41)നെയാണ് കോടതി ശിക്ഷിച്ചത്. പതിനാലുകാരിയെ വീട്ടിൽ വച്ച് കഴിഞ്ഞവർഷം സെപ്റ്റംബർ 25 മുതൽ ഒകേ്ടാബർ 9 വരെയുള്ള കാലയളവിലാണ് ലൈംഗിക പീഡനത്തിന് വിധേയയാക്കിയത്. മദ്യപിച്ചശേഷം ദേഹോപദ്രവം ഏൽപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പീഡനം സംബന്ധിച്ച് ശിശുക്ഷേമസമിതിയിൽ ലഭിച്ച പരാതി കീഴ്‌വായ്പ്പൂർ പോലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തിൽ, ഒകേ്ടാബർ 18ന് കീഴ്‌വായ്പ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബലാൽസംഗത്തിനും പോക്‌സോ നിയമത്തിലെ വ്യത്യസ്ത വകുപ്പുകൾ പ്രകാരവും പ്രത്യേകമായാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും പിഴത്തുക കുട്ടിക്ക് നൽകണമെന്നും വിധിയിൽ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ജയ്‌സൺ മാത്യൂസ് ഹാജരായി. കോടതിനടപടികളിൽ എ എസ് ഐ ഹസീനയുടെ സേവനവും ലഭ്യമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *