ഉത്തമപാളയം : മലയാളികളെ ലക്ഷ്യമിട്ട് തമിഴ്‌നാട്ടിലെ കമ്പത്ത് വമ്പൻ ചീട്ടുകളി സംഘം പ്രവർത്തിക്കുന്നു. പ്രമുഖമായ ഒരു ബാർ കേന്ദ്രീകരിച്ചുള്ള ക്ലബിലാണു സംസ്ഥാനത്തുടനീളമുള്ള മലയാളികൾ മേശയ്ക്ക് അപ്പുറമിപ്പുറം നേർക്കുനേർ ഏറ്റുമുട്ടുന്നത്. ജീവനക്കാരായ തമിഴ്‌നാട് സ്വദേശികളൊഴിച്ചാൽ ക്ലബിന്റെ പൂർണ നിയന്ത്രണം മലയാളികൾക്കാണ്.
ഹൈറേഞ്ച് സ്വദേശികളായ പ്രമുഖ ചീട്ടുകളിക്കാരാണ് ഏജന്റുമാരായി പ്രവർത്തിക്കുന്നത്. മറ്റു സ്ഥലങ്ങളിൽ നിന്നുള്ള പ്രഗത്ഭരായ ചീട്ടുകളിക്കാരെ സഭയിൽ എത്തിക്കുന്നത് ഇവരാണ്. തലയൊന്നിന് 2000 രൂപ ഇവർക്കു കമ്മീഷനായി ലഭിക്കും. 2000 രൂപ പ്രവേശന ഫീസ് (ചീട്ടുമേശ) നൽകിയാൽ കളി ആരംഭിക്കാം. പ്രധാനമായും റമ്മി, വെട്ടിമലർത്ത്, മുച്ചിട്ട് എന്നിവയാണു കളികൾ. ലക്ഷക്കണക്കിനു രൂപ മറിയുന്നതു വെട്ടിമലർത്തിലാണ്. ഏഴ് വർഷം മുമ്പാണ് കമ്പത്തെ സ്വകാര്യ ബാറിലെ ക്ലബിന്റെ നിയന്ത്രണം മലയാളികൾ ഏറ്റെടുക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഇടുക്കിയുടെ വിവിധ ഭാഗങ്ങളിലായി പണം വച്ചു ചീട്ടുകളി സജീവമായിരുന്നു.
അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിനു സമീപത്തെ വീടായിരുന്നു പ്രധാന താവളം. കൂടാതെ നെടുങ്കണ്ടത്തെ ലോഡ്ജ് കേന്ദ്രീകരിച്ചും പണം വച്ചു ചീട്ടുകളി സജീവമായിരുന്നു. പിന്നീട് പൊലീസ് തുടർച്ചയായി പിടികൂടിയതോടെ ഇവർ അതിർത്തിക്കപ്പുറത്തേയ്ക്കു ചേക്കേറുകയായിരുന്നു.
നിലവിൽ ഏഴ് വർഷമായി എല്ലാ ദിവസവും ഇവിടെ ചീട്ടുകളി നടക്കുന്നുണ്ട്. ആകെ കിട്ടുന്ന വരുമാനത്തിന്റെ 70 ശതമാനം നടത്തിപ്പുകാർക്കും 30 ശതമാനം ബാറുടമയ്ക്കുമാണ്. ക്ലബിന്റെ മേൽനോട്ടക്കാരായ ഹൈറേഞ്ചുകാർ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള ചീട്ടുകളിക്കാരെ ഇവിടേയ്ക്ക് എത്തിച്ചു തുടങ്ങി. കാറുകളിൽ ക്ലബിലെത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും ഏജന്റുമാരുടെ ചുമതലയാണ്. ബാറിനുള്ളിലെ ശീതികരിച്ച മുറികളിലാണു കളി.
ഏതുസമയത്തും ഭക്ഷണം മുറികളിൽ എത്തിച്ചു നൽകും. മുൻകൂർ പണം നൽകിയാൽ മദ്യവും റെഡി. മുമ്പ് ഇടുക്കിക്കാരായ കളിക്കാർ മാത്രമായിരുന്നുവെങ്കിൽ ഇപ്പോൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഇവിടുത്തെ സ്ഥിരം സന്ദർശകരാണ്. കാഞ്ഞിരപ്പള്ളി, തൊടുപുഴ എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന കളിക്കാരും ഇവിടെ എത്തുന്നുണ്ട്.
നേട്ടം കൊയ്യുന്നത് ഇടനിലക്കാരും ബ്ലേഡ് സംഘങ്ങളും
ചീട്ടു കളിക്കാരെ എത്തിക്കുന്ന ഏജന്റുമാർക്കാണ് ഏറെ നേട്ടം. കമ്മിഷൻ തുകയ്‌ക്കൊപ്പം ഭക്ഷണവും മദ്യവും ഇവർക്ക് സൗജന്യമാണ്. തമിഴ്‌നാട് പൊലീസിനു കൃത്യമായി പടി നൽകുന്നതിനാൽ പരിശോധനകളും ഉണ്ടാകാറില്ല. മത്സര ഫലത്തെ ചൊല്ലിയും കളിക്കാർ തമ്മിൽ കൈയ്യാങ്കളിയും സംഘർഷവും വരെ ഉണ്ടാകാറുണ്ട്. ചീട്ടുകളിയിലൂടെ സർവവും നഷ്ടപ്പെട്ട് പാപ്പരായ നിരവധിയാളുകളുമുണ്ട്.
ചീട്ടു കളിച്ച് പണം നഷ്ടപ്പെട്ടാൽ അടുത്ത കളിക്ക് പണം നല്കാൻ ബ്ലേഡ് സംഘങ്ങളും തയ്യാറാണ്.പക്ഷേ വാഹനം ഈട് നല്കണമെന്ന് മാത്രം.കഴിഞ്ഞ ദിവസം കൈയിലുണ്ടായിരുന്ന മുഴുവൻ പണവുമിറക്കി ചീട്ടുകളിച്ച കുമളി സ്വദേശിക്ക് നഷ്ടമായത് വാഹനം കൂടിയാണ്. പണം നഷ്ടമായതോടെ. കളിയിൽനിന്നു പിൻവാങ്ങാൻ തുടങ്ങിയ ഇയാൾക്കു മുമ്പിൽ ഉപദേശകരുടെ രൂപത്തിൽ ഇടനിലക്കാർ എത്തി. കാർ പണയപ്പെടുത്തി ഒരു ലക്ഷം രൂപ തരപ്പെടുത്തി നൽകാമെന്നായിരുന്നു വാഗ്ദാനം. കളിയുടെ ലഹരിയിലിരുന്നതിനാൽ വണ്ടിയുടെ താക്കോൽ നൽകി തുടർന്നു. ഒടുവിൽ വണ്ടിയും പണവും നഷ്ടപ്പെട്ടു.
പണം തട്ടാനും സംഘങ്ങൾ
ചീട്ടുകളിയിലൂടെ വൻ തുക നേടി മടങ്ങുന്നവരെ ആക്രമിച്ച് പണം തട്ടുന്ന സംഘവും അതിർത്തി വന മേഖലകളിൽ സജീവം. രാത്രികാലങ്ങളിൽ കമ്പം അടിവാരം, ലോവർ ക്യാമ്പ് പ്രദേശങ്ങളിലാണ് ഇത്തക്കാർ തമ്പടിക്കുന്നത്. കളി വിജയിച്ച് പണവുമായി പോകുന്നവരുടെ വാഹന നമ്പറുകൾ അടക്കമുള്ള വിവരങ്ങൾ ബാർ ജീവനക്കാർ തട്ടിപ്പുകാർക്ക് നല്കും. ഇവരുടെ വാഹനം വനപാതയിലെത്തുമ്പോൾ തടഞ്ഞ് നിർത്തി ആക്രമിച്ചാണ് പണം തട്ടുന്നത്. പൊലീസ് യൂണിഫോം ധരിച്ച് വാഹന പരിശോധന എന്ന പേരിലാണ് വാഹനങ്ങൾ തടയുന്നത്. ഇത്തരം സംഘത്തിന് തമിഴ്‌നാട് പൊലീസിലെ ചിലരുടെ സഹായവും ലഭിക്കുന്നുണ്ടെന്നും പറയപ്പെടുന്നു.


