മഹാ പ്രളയത്തിൽ മുങ്ങി താഴുന്ന സഹജീവികളെ രക്ഷിക്കാൻ വേണ്ടി സ്വജീവൻ സമർപ്പിച്ച സേവാഭാരതി പ്രവർത്തകൻ ലിനുവിനെ ഓര്‍മ്മയുണ്ടോ ?? മഴക്കെടുതിയിൽപ്പെട്ടവരെ രക്ഷിച്ച ശേഷം മരണക്കയത്തിലേക്ക് ആഴ്ന്നുപോയ കോഴിക്കോട്ടെ സേവാഭാരതി പ്രവർത്തകൻ ലിനുവിൻ്റെ കുടുംബത്തിന് വേണ്ടി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം മോഹൻലാലിൻ്റെ ജന്മദിനം കൂടിയായ ഇന്ന് നടന്നു…
കോഴിക്കോട് ; പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളക്കെട്ടിൽ വീണ് മരിച്ച സേവാഭാരതി പ്രവർത്തകൻ ലിനുവിന്റെ കുടുംബത്തിനു കൈത്താങ്ങായി മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ,വിശ്വശാന്തി ഫൗണ്ടേഷനും . ലിനുവിന്റെ കുടുംബത്തിന് മോഹന്‍ലാല്‍ ചെയര്‍മാനായിട്ടുള്ള വിശ്വശാന്തി ഫൗണ്ടേഷന് നിർമ്മിച്ച വീടിൻ്റെ താക്കോൽദാനം മോഹൻലാലിൻ്റെ ജന്മദിനം കൂടിയായ ഇന്ന് നടന്നു…
മാത്രമല്ല ലിനുവിന്റെ കടങ്ങൾ തീർക്കാനുള്ള തുകയും ഫൗണ്ടേഷൻ നൽകി . നേരത്തെ വിശ്വശാന്തിയുടെ പ്രതിനിധിയായി എത്തിയ മേജര്‍ രവി ലിനുവിന്റെ വീട് സന്ദര്‍ശിച്ച ശേഷം അടിയന്തര സഹായമായി ഒരു ലക്ഷം രൂപ ലിനുവിന്റെ അമ്മയ്ക്ക് കൈമാറിയിരുന്നു .
അച്ഛനും അമ്മയും സഹോദരങ്ങളും ഉള്‍പ്പെടെയാണ് ലിനു ചെറുവണ്ണൂരിലെ വീട്ടിൽ കഴിഞ്ഞിരുന്നത് . വീട് മഴയെടുത്തപ്പോള്‍ സമീപത്തെ സ്കൂളിലെ ദുരിതാശ്വാസ ക്യംപിലേക്ക് ഇവര്‍ മാറി. ഇവിടെ നിന്നാണ് ലിനും കൂട്ടരും സേവാഭാരതിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയത്. കൂട്ടുകാരുമൊത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കൂട്ടം തെറ്റി. മണിക്കൂറുകള്‍ക്ക് ശേഷം ജീവനറ്റ ശരീരമാണ് കാണുന്നത്.


