ഇടുക്കി: റോഡിന് കുറുകെ ചാടിയ തെരുവ് നായെ ഇടിച്ച് അപകടത്തിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നെടുങ്കണ്ടം പോസ്‌റ്റോഫീസിന് മുമ്പിൽ ചൊവ്വാഴ്ച രാത്രി 8.15 ഓടെ അപകടം നടന്നത്. നെടുങ്കണ്ടം സ്വദേശി ആരോമൽ എന്ന യുവാവ് പടിഞ്ഞാറെ കവലയിൽ നിന്നും കിഴക്കേ കവലയിലേയ്ക്ക് സ്‌കൂട്ടിയിൽ വരുകയായിരുന്നു .
ദേവാ ഗ്ലാസ് ഹൗസിന്റെ മുമ്പിൽ നിന്നും എതിർ വശത്തേയ്ക്ക് ഓടി എത്തിയെത്തിയ തെരുവ് നായയെ വാഹനം തട്ടുകയായിരുന്നു. ഇതിനെ തുടർന്ന് തെറിച്ച് പോയ നായ് പിന്നീട് പോസ്‌റ്റോഫീസിന്റെ ജനറേറ്ററിന്റെ പിന്നിൽ ഒളിച്ചു. നിലത്ത് വീണ വാഹനം ആരോമലിനേയും കൊണ്ട് കുറച്ച് ദൂരം റോഡിലൂടെ നിരങ്ങി മാറുകയും ചെയ്തു. സാരമായ പരിക്കുകളോടെ യുവാവ് രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ വീഴ്ചയിൽ കാലിനും കൈകൾക്കും നിസാര പരുക്ക് പറ്റി.
ഓടിക്കൂടിയ നാട്ടുകാരുടെ സഹായത്തോടെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചു പ്രാഥമിക ശുശ്രൂഷകൾ നല്കി.രാത്രി പകൽ ഭേദമില്ലാതെ തെരുവ് നായ്ക്കൾ നെടുങ്കണ്ടം ടൗൺ അടക്കി വാഴുകയാണ്. കൂട്ടമായി എത്തുന്ന നായ്ക്കളുടെ സംഘത്തെ പേടിച്ച് വഴിയാത്രക്കാർക്ക് നെടുങ്കണ്ടം ടൗണിലൂടെ നടന്ന് പോകുവാൻ കഴിയാത്ത അവസ്ഥയിലാണ്. സ്‌കൂൾ കുട്ടികൾ, പ്രായമായവർ, സ്ത്രീകൾ, ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പ്രഭാത സവാരിക്കിറങ്ങുന്നവർ തുടങ്ങിയവർക്കാണ് തെരുവ് നായുടെ ശല്യം എറെ ബാധിച്ചിരിക്കുന്നത്.
തെരുവുനായക്കളുടെ പ്രജനനം നിയന്ത്രിക്കുവാനുള്ള ആനിമൽ ബർത്ത് കൺട്രോൾ (എബിസി) പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം കുറിച്ചുവെങ്കിലും എങ്ങുമെത്തിയില്ല. ജനവാസ കേന്ദ്രങ്ങളോട ചേർന്ന് പ്രവർത്തനം ആരംഭിക്കുന്നതിൽ ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ പദ്ധതി ശരിയായ രീതിയിൽ നടപ്പിലാക്കുന്നതിൽ ഏറെ ബുദ്ധിമുട്ട് ഉണ്ടായി. ജില്ലയിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന ഉടമസ്ഥനില്ലാത്ത നായകളെ പിടികൂടി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ എത്തിച്ച് വന്ധ്യംകരണം, വാക്‌സീൻ എന്നിവ നൽകിയതിന് ശേഷം പിടികൂടിയ സ്ഥലത്ത് തന്നെ തിരികെ കൊണ്ടുവിടുക എന്നതാണ് പദ്ധതി. ജില്ലയിലെ നാല് ബ്ലോക്കുകളിലായാണ് ഇതിന്റെ സെന്ററുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചത്.
ജില്ലയിൽ ഏട്ട് ബ്ലോക്ക് പഞ്ചായത്തുകളാണ് ഉള്ളത്. രണ്ട് ബ്ലോക്കുകൾക്ക് ഒരു സെന്റർ എന്നതാണ് കണക്ക്. നെടുങ്കണ്ടം, അഴുത,, തൊടുപുഴ, ദേവികുളം എന്നി ബ്ലോക്ക് പഞ്ചായത്തുകളിൽ സെന്ററുകൾ സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇടുക്കി, നെടുങ്കണ്ടം എന്നി ബ്ലോക്ക് പഞ്ചായത്തുകൾക്കായി നെടുങ്കണ്ടത്തെ മൈനർസിറ്റിയിലും, അഴുത, കട്ടപ്പന എന്നി ബ്ലേുക്കുകൾക്കായി വണ്ടിപെരിയാറ്റിലെ ഡൈമുക്കിലും, ദേവികുളം, അടിമാലി എന്നി ബ്ലോക്കുകൾക്കായി മൂന്നാറിലും, തൊടുപുഴ, ഇളംദേശം എന്നി ബ്ലോക്കുകൾക്കായി തൊഴുപുഴയിലെ കോലാനിയിലുമായി കേന്ദ്രങ്ങൾ സ്ഥാപിക്കാനായിരുന്നു പദ്ധതി.
വിവിധ സ്ഥലങ്ങളിൽ നിന്ന് പിടികൂടിന്ന തെരുവ് നായ്കളെ ഈ സെന്ററുകളിൽ എത്തിക്കുകയും വന്ധ്യകര
ണവും വാക്‌സിനേഷനും മറ്റും നൽകാനായിരുന്നു പദ്ധതി. ഇതിനായി ഡോ്കടർമാർ, അറ്റൻഡൻമാർ, ക്ലീനിംഗ് സ്റ്റാഫ്, നായ്ക്കളെ പിടിക്കുകൊണ്ടുവരുന്നവർ എന്നിവരെ നിയമിക്കാനും ഇതിന്റെ പ്രവർത്തനങ്ങൾക്കായി ത്രിതല പഞ്ചായത്തുകൾ ഫണ്ട് കണ്ടെത്തണമെന്നായിരുന്നു നിർദ്ദേശം. മൃഗസംരക്ഷണ വകുപ്പിന്റെ മേൽനോട്ടത്തിൽ സെന്റർ ആരംഭിക്കുവാനായിരുന്നു പദ്ധതികളിൽ ചിലത് ജനവാസ കേന്ദ്രങ്ങളോടെ ചേർന്ന് സ്ഥാപിക്കുന്നതിൽ ജനങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
ആളുകളുടെ സ്വൈര്യ ജീവതത്തിന് തടസ്സമാകുവെന്നും, പകർച്ചവ്യാധികൾ, സാംക്രമികരോഗങ്ങൾ എന്നിവ പടരുവാൻ സാധ്യതകൾ ഏറെയാണെന്നുമുള്ള ആശങ്കകളുമായി ജനങ്ങൾ മുന്നോട്ട് വന്നു.എങ്കിലും പദ്ധതി നടപ്പിലാക്കിയാൽ തെരുവ്‌നായക്കൾ പെറ്റുപെരുന്നതിന് ഒരു അറുതി വരികയും, ഭാവിയിൽ ഇവയുടെ ശല്യം തീർത്തും ഇല്ലാതാകുന്നമെന്ന ആശ്വാസത്തിനാണ് ജനങ്ങൾ.


