ഇടുക്കി: സർക്കാർ ഭരണത്തിൽ സുതാര്യതക്ക് വേണ്ടിയും, പൊതുജനങ്ങളുടെ പരാതികൾക്ക് അതിവേഗം പരിഹാരവും നിർദ്ദേശിച്ചിരുന്ന ‘സുതാര്യകേരളം’ പരാതി പരിഹാര സംവിധാനം പൂട്ടിയിട്ട് ഒൻപത് വർഷം പിന്നിടുന്നു. 2016 ജൂലൈയിലാണ് സംസ്ഥാന ത്തെ മുഴുവൻ ജില്ലകളിലും പ്രവർത്തിച്ചിരുന്ന ഓഫീസുകൾ പൂട്ടിയത്. യു.ഡി.എഫ്. സർക്കാർ തുടങ്ങിയ സംവിധാനമായതിനാൽ അതേ രൂപത്തിൽ പ്രവർത്തിക്കാനാവില്ലെന്നായിരുന്നു ഒന്നാം എൽ.ഡി.എഫ്. സർക്കാറിന്റെ തീരുമാനം.
കെട്ടിലും മട്ടിലും മാറ്റം വരുത്തി ഉടൻ പുനരാരംഭിക്കുമെന്ന ഉറപ്പോടെയാണ് ഓഫീസുകൾ പൂട്ടിയത്. എന്നാൽ ഒൻപത് വർഷം പിന്നിടുമ്പോഴും ഇത് തുറക്കാൻ നടപടിയായില്ല. വർഷം ശരാശരി 8,000 പരാതികളാണ് സംസ്ഥാനത്തെ സുതാര്യകേരളം ഓഫീസുകളിൽ ലഭിച്ചിരുന്നത്. മിക്കതിനും പരിഹാരവുമുണ്ടായി. സുതാര്യകേരളം പൂട്ടിയ സമയത്ത് സർക്കാർ തുടങ്ങിയ ഓൺലൈൻ പരാതി പരിഹാര സംവിധാനം സാധാരണക്കാരന് കൈകാര്യം ചെയ്യാൻ എളുപ്പവുമല്ല.
വെബ്‌സൈറ്റിലൂടെ പരാതി വിവരങ്ങൾ നൽകണം. അനുബന്ധ രേഖകൾ സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും വേണം. മാത്രമല്ല, ഓൺലൈൻ സേവന കേന്ദ്രങ്ങളിൽ നിന്നോ മറ്റിടങ്ങളിൽ നിന്നോ പരാതി ഓൺലൈൻ വഴി അറിയിക്കണമെങ്കിൽ ഏറെപ്പേർക്കും ഇതിനെക്കുറിച്ച് അറിവില്ല. ഇതേക്കുറിച്ച് അറിയാവുന്ന ഇന്റർനെറ്റ് സേവന കേന്ദ്രങ്ങളിൽ പരാതി വെബ്‌സൈറ്റിൽ ചേർക്കുന്നതിനായി വലിയ തുകയും ഈടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നാമമാത്രമായ പരാതികളാണ് ഇതുവഴി ലഭിക്കുന്നത്.
സാധാരണക്കാരുടെ പരാതികൾ പരിഹരിക്കുന്നതിൽ കാര്യക്ഷമമായ രീതിയിൽ ഇടപെട്ടിരുന്നുവെന്നതാണ് സുതാര്യകേരളത്തിന്റെ പ്രത്യേകത. ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന ഓഫീസിൽ നേരിട്ടെത്തിയോ തപാലിലോ പരാതി നൽകാമായിരുന്നു.വിവിധ ആനുകൂല്യങ്ങൾ മുടങ്ങൽ, റീസർവേയുമായി ബന്ധപ്പെട്ട പരാതികൾ, ഭൂമി കൈയേറ്റങ്ങൾ തുടങ്ങി പൊതുജനങ്ങളെ സംബന്ധിക്കുന്ന എല്ലാ പരാതികൾക്കും പരിഹാരംകാണാൻ സംവിധാനത്തിന് കഴിഞ്ഞിരുന്നു.
നിർദ്ധനരായ ജനങ്ങളുടെ ചികിത്സാസഹായം പോലുള്ള അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രിയുമായി വീഡിയോ കോൺഫറൻസിനുള്ള സൗകര്യവുമുണ്ടായിരുന്നു. ഇൻഫർ മേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു സുതാര്യ കേരളത്തിന്റെ പ്രവർത്തനം.


