യുവാവിന്റെ കൂടെ കറങ്ങാനിറങ്ങി : മദ്യം നൽകി കടന്നു പിടിച്ച് ഉപദ്രവിക്കാൻ ശ്രമം: യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Crime
Print Friendly, PDF & Email

തിരുവല്ല: ഫോണ്‍ മുഖേനെ പരിചയപ്പെട്ട യുവാവ് വിളിച്ചു കൊണ്ടു പോയി മദ്യം നല്‍കുകയും പിന്നീട് പ്രണയം നടിച്ച് ലൈംഗികാതിക്രമം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയുടെ മൊഴി പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

പുളിക്കീഴ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരണം വടക്കുംഭാഗത്ത് താമസിക്കുന്ന യുവതിയാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. കഴിഞ്ഞ എട്ടിന് രാത്രി ഒമ്പതിനാണ് സംഭവം. 26 വയസുള്ള യുവതി പുളിക്കീഴ് പോലീസിനോട് പറഞ്ഞത് ഇങ്ങനെ:

ഫോണ്‍ വഴി പരിചയപ്പെട്ട ശ്രീകാന്ത് എന്ന് പേരു മാത്രം അറിയാവുന്ന യുവാവ് ജൂണ്‍ ഒന്നിന് നീരേറ്റുപുറം ചക്കുളത്ത്കാവിന് സമീപത്തേക്ക് ക്ഷണിച്ചു. ഫോണിലൂടെ നിരന്തരം നിര്‍ബന്ധിച്ചതു കൊണ്ടാണ് താന്‍ പോയത്. ചക്കുളത്ത്കാവ് ക്ഷേത്രത്തിന് സമീപമുള്ള ഇടവഴിയില്‍ വച്ച് നിര്‍ബന്ധിച്ച് ബൈക്കില്‍ കയറ്റി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കറങ്ങി നടന്നു. ഇതിനിടെ മദ്യം കുടിപ്പിക്കുകയും ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടിലേക്ക് വിടുകയും ചെയ്തു.

തുടര്‍ന്ന് കഴിഞ്ഞ എട്ടിന് വൈകിട്ട് അഞ്ചിന് നീരേറ്റുപുറത്ത് നിന്നും വീട്ടില്‍ വിടാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റി പൊടിയാടി ജങ്ഷനില്‍ ഇറക്കി. അവിടെ നിന്നും ആലുംതുരുത്തിയില്‍ നിന്ന് ബസിറങ്ങി വീട്ടിലേക്ക് പോകുമ്പോള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് വന്ന ശ്രീകാന്ത് കടന്നു പിടിക്കുകയും കെട്ടിപ്പിടിച്ച് ഉമ്മവയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് യുവതി പറയുന്നു. ഇതില്‍ മനംനൊന്താണ് രാത്രി ഒമ്പതു മണിയോടെ വീട്ടില്‍ വച്ച് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

സംഭവം നടന്നത് എടത്വ പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലായതിനാല്‍ കേസ് അവിടേക്ക് മാറ്റുമെന്ന് തിരുവല്ല ഡിവൈ.എസ്.പി എസ്. അഷാദ് പറഞ്ഞു. യുവാവിനെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. ഇയാള്‍ കസ്റ്റഡിയില്‍ കിട്ടിയെങ്കില്‍ മാത്രമേ യുവതിയുടെ മൊഴിയുടെ വിശ്വാസ്യത മനസിലാക്കാന്‍ കഴിയൂ. യുവാവ് വിവാഹവാഗ്ദാനം നല്‍കിയിരുന്നുവെന്നും അതില്‍ നിന്ന് പിന്മാറിയിരുന്നുവെന്നും പോലീസിന് സൂചനയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *