കോഴഞ്ചേരി: രാത്രിയിൽ മുന്നറിയിപ്പില്ലാതെ വാട്ടർടാങ്ക് തുറന്നു വിട്ട് ജലഅതോറിറ്റി. മിന്നൽ പ്രളയമാണെന്ന് കരുതി നാട്ടുകാർ ഭയന്നോടി. കുരങ്ങുമലയിൽ കഴിഞ്ഞ രാത്രിയിലാണ് സംഭവം. കഴിഞ്ഞ കാലവർഷക്കാലത്ത് ഉരുൾ പൊട്ടിയതാണ്പഞ്ചായത്തിലെ കുരങ്ങുമല വാർഡ്. ഇവിടെയാണ് രാത്രിയിൽ ഭീതി പരത്തും വിധം വെള്ളം ചീറിപ്പാഞ്ഞത്. പലരും ഇറങ്ങി ഓടാൻ ശ്രമിക്കുകയും സാധനങ്ങൾ മാറ്റുകയും ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം സുനിത ഫിലിപ്പിനെയും വിവരം അറിയിച്ചു. ഇവർ നടത്തിയ അന്വേഷണത്തിലാണ് ജലവിഭവ വകുപ്പിന്റെ അധീനതയിൽ ഉള്ള കുരങ്ങുമല ടാങ്ക് തുറന്നു വിട്ടതാണ് മലവെള്ളപ്പാച്ചിൽ പോലെ ഒഴുക്ക് ഉണ്ടാകാൻ കാരണമായതെന്ന് കണ്ടെത്തി.50000 ലിറ്റർ സംഭരണ ശേഷിയുള്ള വലിയ കിണർ തുറന്നു വിട്ടപ്പോൾ ഓടകളിലൂടെ പോകേണ്ട വെള്ളം ജനവാസ പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ജനപ്രതിനിധിയും നാട്ടുകാരും സംഘടിച്ച് എത്തി ഏറെ നേരത്തെ തർക്കങ്ങൾക്ക് ഒടുവിൽ അധികൃതർ ടാങ്ക് അടച്ചു. വീണ്ടും ഏറെ നേരം വെള്ളമൊഴുക്ക് തുടർന്നു.

കോഴഞ്ചേരി പഞ്ചായത്തിലെ വീടുകളിൽ കുടിവെള്ളം എത്തിക്കാനുള്ള ട്രീറ്റ്‌മെന്റ് പ്ലാന്റാണ് കുരങ്ങുമലയിൽ സ്ഥാപിച്ചിട്ടുള്ളത്. പമ്പയാറ്റിൽ നിന്നും പമ്പ് ചെയ്ത് ഇവിടേക്ക് എത്തിക്കുന്ന വെള്ളം ശുദ്ധീകരിച്ചാണ് വിതരണം ചെയ്യുന്നത്. പ്ലാന്റിന്റെ അടിവാരത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കാലവർഷത്തിൽ കാര്യമായ നഷ്ടമാണ് അടുത്ത കാലങ്ങളിൽ ഇവർക്ക് ഉണ്ടാകുന്നത്. അതിനിടയിലാണ് ഇപ്പോൾ മുന്നറിയിപ്പില്ലാതെ ടാങ്ക് തുറന്ന് വിട്ട് ജലം ഒഴുക്കി കൃത്രിമ പ്രളയം ഉണ്ടാക്കിയതെന്നാണ് നാട്ടുകാരുടെ ആരോപണം.
ഇത് സംബന്ധിച്ച് രാത്രി തന്നെ ഉദ്യോഗസ്ഥരോട് പരാതി പറഞ്ഞെകിലും ടാങ്ക് അടക്കാൻ അവർ തയാറായില്ല. പിന്നീട് പഞ്ചായത്തംഗം ഇടപെട്ടതോടെയാണ് പ്രശ്‌നത്തിന് താത്ക്കാലിക പരിഹാരം ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. എന്നാൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായാണ് ടാങ്ക് തുറന്നു വിട്ടതെന്നാണ് അധികൃതർ പറയുന്നത്. നേരത്തെ ഇക്കാര്യം പഞ്ചായത്ത് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നുവത്രെ. വിവരങ്ങൾ കൈമാറുന്നതിൽ ഉണ്ടായ പിഴവാണ് കാര്യങ്ങൾ ഇത്രത്തോളം എത്തിച്ചതെന്ന പറയുന്നു.
മുന്നറിയിപ്പില്ലാതെ രാത്രിയിൽ ടാങ്ക് തുറന്ന് വിട്ടതിനെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് അംഗം സുനിത ഫിലിപ്പ് ജല അതോറിറ്റി അധികൃതർക്ക് പരാതി നൽകി.


