പത്തനംതിട്ട: ചുട്ടിപ്പാറ സിപ്സ് നഴ്‌സിങ് ആൻഡ് പാരാമെഡിക്കൽ സയൻസ് കോളജിലെ വിദ്യാർഥിനി തിരുവനന്തപുരം അയിരൂപ്പാറ സ്വദേശി അമ്മുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി റിമാൻഡിൽ കഴിയുന്ന സഹപാഠികളെ കസ്റ്റഡിയിൽ കിട്ടാൻ പോലീസ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. തിങ്കളാഴ്ച അപേക്ഷ പരിഗണിക്കും.
പത്തനാപുരം സ്വദേശിനി അലീന ദിലീപ്, വാഴപ്പള്ളി സ്വദേശിനി എ. ടി. ആഷിത, അയർക്കുന്നം സ്വദേശിനി അഞ്ജന മധു എന്നിവരാണ് റിമാൻഡിലായത്. വ്യാഴാഴ്ച മൂവരെയും അവരവരുടെ വീടുകളിൽ നിന്നു പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. അമ്മു എ. സജീവ് ജീവനൊടുക്കാൻ കാരണമാകും വിധം മാനസിക പീഡനമുണ്ടായി എന്നതിന് തെളിവുകൾ പ്രതികളുടെ മൊബൈൽ ഫോണിൽ നിന്നും ലഭ്യമായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടികൾക്കു ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റമാണ് മൂവർക്കുമെതിരേ ഇപ്പോൾ ചുമത്തിയിരിക്കുന്നത്.
മൂവരെയും കൊട്ടാരക്കര സബ്ജയിലിലേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അമ്മുവിന്റെ മരണത്തിന് കാരണക്കാർ അറസ്റ്റിലായ മൂന്നുപേർ മാത്രമല്ലെന്നും അഞ്ചുപേർ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്നും സഹോദരൻ അഖിൽ പോലീസിൽ മൊഴി നൽകിയിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 15നു വൈകുന്നേരമാണ് അമ്മുവിനെ വെട്ടിപ്രത്തെ സ്വകാര്യ ഹോസ്റ്റൽ കെട്ടിടത്തിന്റെ മൂന്നാം നലിയിൽ നിന്നു വീണ നിലയിൽ കണ്ടത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സഹപാഠികളിൽ നിന്നു നിരന്തരമായ മാനസിക പീഡനം അമ്മുവിനുണ്ടായിരുന്നതായി മാതാപിതാക്കളും സഹോദരനും പോലീസിൽ മൊഴി നൽകിയിരുന്നു. ഇതേത്തുടർന്ന് അമ്മു കെട്ടിടത്തിനു മുകളിൽ നിന്നു ചാടി ജീവനൊടുക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തൽ.


