കോന്നി മെഡിക്കൽ കോളജിന്റെ സുഗമായ നടത്തിപ്പിന് ഓപ്പറേഷൻ പ്ലാൻ തയ്യാറാക്കും

Health Pathanamthitta
Print Friendly, PDF & Email

കോന്നി മെഡിക്കൽ കോളജിന്റെ സുഗമമായ നടത്തിപ്പിന് വിശദമായ ഓപ്പറേഷൻ പ്ലാൻ തയ്യാറാക്കും. ആശുപത്രി വികസനസമിതി ചെയർമാനും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയിൽ മെഡിക്കൽ കോളജ് ഹാളിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് തീരുമാനമായത്. സുഗമമായ നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങളും ജീവനക്കാരുടെ ആവശ്യങ്ങളും ഉൾപ്പെടുത്തി 10 ദിവസത്തിനകം പ്ലാൻ തയ്യാറാക്കി സമർപ്പിക്കാൻ പ്രിൻസിപ്പലിനെ യോഗം ചുമതലപ്പെടുത്തി.

കോന്നി മെഡിക്കൽ കോളജ് നിർമാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് കൃതമായ ഇടവേളകളിൽ യോഗം ചേർന്ന് പുരോഗതി വിലയിരുത്താനും യോഗത്തിൽ തീരുമാനമായി. കൃതമായ സമയക്രമം പാലിച്ച് ഏറ്റെടുത്തിരിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കണമെന്ന് നിർമാണ കമ്പിനികളുടെ പ്രതിനിധികൾക്ക് യോഗം നിർദ്ദേശം നൽകി. സംസ്ഥാന സർക്കാർ കിഫ്ബിയിൽ നിന്നും അനുവദിച്ച 350 കോടി രൂപയുടെ നിർമാണ പ്രവർത്തനങ്ങളാണ് നിലവിൽ ആശുപത്രിയിൽ നടക്കുന്നത്.

രോഗികൾക്കായുള്ള 200 കിടക്കകളുള്ള ആശുപത്രി ബ്ലോക്ക്, ഓപ്പറേഷൻ തീയേറ്ററുകൾ, ഓഡിറ്റോറിയങ്ങൾ, മോർച്ചറി, പ്രിൻസിപ്പൽ, ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർക്കായുള്ള ക്വാർട്ടേസ് തുടങ്ങിയവയുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി.
ഏഴു നിലകളിലായി നിർമ്മിക്കുന്ന 200 കിടക്കകളുള്ള ആശുപത്രി കെട്ടിടത്തിന്റെ ആറുനിലകളുടെ നിർമാണം പൂർത്തിയായി . ഏഴാമത്തെ നിലയുടെ നിർമാണവും കെട്ടിടത്തിന്റെ പ്ലാസ്റ്ററിംഗ്, ഇലക്ട്രിക്, പ്ലംബിംഗ് പ്രവർത്തകളുമാണ് പുരോഗമിക്കുന്നത്. ഡിസംബർ മാസത്തിൽ നിർമാണപ്രവർത്തികൾ പൂർത്തീകരിക്കും.

പ്രിൻസിപ്പൽ ഓഫീസിന്റെയും നാലു നിലകളിലായി നിർമിക്കുന്ന പുതിയ അക്കാദമിക് ബ്ലോക്കിന്റെയും നിർമാണം അന്തിമഘട്ടത്തിൽ എത്തി. മൂന്നുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കും. ജീവനക്കാർക്ക് താമസിക്കുന്നതിനുള്ള ടൈപ്പ് ബി ആൻഡ് ഡി ഫ്‌ലാറ്റ് സമുച്ചയങ്ങൾ ഡിസംബർ മാസത്തിൽ പൂർത്തിയാകും. ടൈപ്പ് എ ആൻഡ് സി ഫ്‌ലാറ്റ് സമുച്ചയങ്ങൾ ആഗസ്റ്റിൽ പൂർത്തീയാകും. കെട്ടിടത്തിന്റെ പെയിന്റിങ്, പ്ലംബിങ് പ്രവർത്തികളാണ് പുരോഗമിക്കുന്നത്. ഓരോ ഫ്‌ലാറ്റ് സമുച്ചയത്തിലും 40 അപ്പാർട്ട്‌മെന്റുകൾ വീതമാണ് ക്രമീകരിച്ചിരിക്കുന്നത്.
ഫ്‌ലാറ്റ് സമുച്ചയങ്ങളിലെ അപ്പാർട്ട്‌മെന്റുകൾ പ്രത്യേകം വൈദ്യുതീകരിക്കുന്നതിന് പുതിയ ട്രാൻസ്‌ഫോമർ സ്ഥാപിച്ച് നടപടികൾ വേഗത്തിൽ ആക്കുന്നതിന് കെഎസ്ഇബി അസി.എൻജിനീയറെ ചുമതലപ്പെടുത്തി. നിർമാണം പുരോഗമിക്കുന്ന മോർച്ചറിയുടെ പ്രവർത്തി ജൂലൈ മാസത്തിൽ പൂർത്തീകരിക്കും.മോർച്ചറിയിൽ സ്ഥാപിക്കുന്നതിനുള്ള പോസ്റ്റ്‌മോർട്ടം ടേബിൾ, ഫ്രീസറുകൾ എന്നിവ കെഎംഎസ്‌സി എൽ മുഖേന സ്ഥാപിക്കും. പ്രിൻസിപ്പലിനുള്ള ഡീൻ വില്ല ജൂൺ അവസാനം പൂർത്തീകരിച്ച് താക്കോൽ കൈമാറും.

നിർമാണ പ്രവർത്തി പുരോഗമിക്കുന്ന ലോൺട്രിയിൽ ആവശ്യമായ ഉപകരണങ്ങൾ കെഎംഎസ്‌സി എൽ മുഖേന സ്ഥാപിക്കും. ജൂലൈ മാസം നിർമാണ പ്രവർത്തി പൂർത്തിയാകും ഓഡിറ്റോറിയത്തിന്റെ നിർമാണം ഡിസംബർ മാസത്തിൽ പൂർത്തിയാകും. ചുറ്റുമതിൽ ഗേറ്റ് എന്നിവയുടെ നിർമാണ പ്രവർത്തികൾ ഡിസംബർ മാസത്തിൽ പൂർത്തിയാകും. പുതിയ മൂന്നു ഓപ്പറേഷൻ തിയേറ്ററുകളുടെ പ്രവർത്തി ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും.

മൂന്നു കോടി രൂപ ചെലവിൽ നിർമിക്കുന്ന ലക്ഷ്യ നിലവാരത്തിലുള്ള ലേബർ റൂം, ലേബർ വാർഡ് എന്നിവയുടെ നിർമാണം ഡിസംബർ മാസത്തിൽ പൂർത്തീകരിക്കും. സിഎസ്ആർഫണ്ട് മുഖേന നിർമിക്കുന്ന ഐസിയുവിന്റെ നിർമാണം രണ്ടു മാസത്തിനുള്ളിൽ പൂർത്തിയാകും.
മെഡിക്കൽ കോളജ് പിആർഒയുടെ ഓഫീസ് എംഎൽഎ ഫണ്ടിൽ നിന്നും നിർമിക്കും.

കോന്നി മെഡിക്കൽ കോളജിലെ രണ്ടാംഘട്ട നിർമാണ പ്രവർത്തികൾ ഈ വർഷം ഡിസംബറിനുള്ളിൽ പൂർത്തിയാക്കുമെന്ന് അഡ്വ.കെ.യു. ജനീഷ് കുമാർ എംഎൽഎ അറിയിച്ചു. ബന്ധപ്പെട്ട ജീവനക്കാർ 15 ദിവസത്തിലൊരിക്കൽ അവലോകന യോഗം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനും എം എൽ എ നിർദ്ദേശം നൽകി. ആശുപത്രി ഐ.പി സംവിധാനം കൂടുതൽ രോഗികൾക്ക് പ്രയോജനമാകുന്ന രീതിയിൽ ക്രമപ്പെടുത്തും. ക്യാഷ്വൽറ്റി സംവിധാനവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.ആർ.എസ്. നിഷ, മെഡിക്കൽ സൂപ്രണ്ട് ഡോ.എ. ഷാജി, പി ജെ. അജയകുമാർ, എസ്.സന്തോഷ് കുമാർ, നഴ്സിംഗ് സൂപ്രണ്ട് ഡി.എം. സിൽവി, പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയർ വി കെ ജാസ്മിൻ, എച്ച് എൽ എൽ പ്രൊജക്റ്റ് മാനേജർ രതീഷ് കെ ആർ, നിർമാണ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *