പത്തനംതിട്ട – ന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന ഒരുലക്ഷം യുവാക്കൾക്ക് ഈ വർഷം തൊഴിൽ ലഭ്യമാക്കുവാനുള്ള പ്രവർത്തനമാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ നടപ്പാക്കി വരുന്നതെന്ന് ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ പറഞ്ഞു. കമ്മിഷൻ ജില്ലയിൽ സംഘടിപ്പിക്കുന്ന സെമിനാറിന്റെ വിശദാംശങ്ങൾ അറിയിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കമ്മിഷൻ അംഗം. ന്യൂനപക്ഷങ്ങളിലെ പാർശ്വവൽകൃത ജനസമൂഹത്തിന് ആവശ്യമായ നൈപുണ്യ പരിശീലനവും തൊഴിലും ഉറപ്പുവരുത്തുവാൻ സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും കേരള നോളജ് ഇക്കോണമി മിഷനുമായി യോജിച്ച് പ്രവർത്തനം നടത്തും. പുതിയ ലോകത്ത് നല്ലൊരു തൊഴിൽ സ്വന്തമാക്കാൻ ഉയർന്ന വിദ്യാഭ്യാസം മാത്രം മതിയാവില്ല പുതിയ ലോകത്തിലെ തൊഴിലുകൾക്ക് ആവശ്യമായ നൈപുണ്യവും തൊഴിലന്വേഷകർക്ക് ആവശ്യമാണ്. ഈ മാറ്റങ്ങൾക്കനുസരിച്ച് ന്യൂനപക്ഷ സമൂഹത്തിലെ തൊഴിലന്വേഷകരെ സജ്ജമാക്കുന്നതിനാണ് കമ്മിഷൻ ലക്ഷ്യമിടുന്നത്.
പാർശ്വവൽക്കരിക്കപ്പെട്ട, ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ ജനവിഭാഗങ്ങൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്തൊക്കെയാണെന്ന് അവരെ ബോധവാൻമാരാക്കുക, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുക എന്നതാണ് കമ്മീഷൻ ലക്ഷ്യം വെക്കുന്നത്. അതിന് മുന്നോടിയായാണ് ഇത്തരത്തിലുള്ള സെമിനാർ സംഘടിപ്പിക്കുന്നതെന്നും കമ്മിഷൻ അംഗം പി. റോസ പറഞ്ഞു.
ന്യൂനപക്ഷ കമ്മീഷൻ അംഗമായ എ.സൈഫുദ്ദീൻ ഹാജി, സെമിനാർ സംഘാടകസമിതി ചെയർമാൻ ഫാ.ജിജി തോമസ്, ജനറൽ കൺവിനർ എം.എച്ച് ഷാജി, വൈസ് ചെയർമാൻമാരായ അലങ്കാർ അഷറഫ്, യൂസുഫ്മോജൂട്ടി, അംജത്ത്, ഏബൽ മാത്യു, ബന്തേ കശ്യപ്, കൺവീനർ റെയ്ന ജോർജ് തുടങ്ങിയവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂനപക്ഷ കമ്മിഷന്റെ നേതൃത്വത്തിൽ 11-ാമത് ജില്ലാതല സെമിനാറാണ് നാളെ (8) പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നത്. രാവിലെ 10 ന് ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. കമ്മിഷൻ ചെയർമാൻ അഡ്വ.എ. എ റഷീദ് അധ്യക്ഷത വഹിക്കും. കമ്മിഷൻ അംഗങ്ങളായ പി. റോസ, എ.സൈഫുദ്ദീൻ ഹാജി, കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ് ശ്രീകല, വിവിധ മതമേലധ്യക്ഷന്മാർ, ന്യൂനപക്ഷ സംഘടനാ നേതാക്കൾ എന്നിവരും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ഞൂറ് പ്രതിനിധികളും സെമിനാറിൽ പങ്കെടുക്കും. രാവിലെ 9:30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.


