സെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ പിരിച്ചു വിട്ടാൽ വിദ്യാർത്ഥികൾ പെരുവഴിയിലാകും : വിട്ടില്ലെങ്കിൽ കോടതിയലക്ഷ്യവും !! എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാർ.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സെറ്റ് ഇല്ലാത്ത അദ്ധ്യാപകരെ എന്തു ചെയ്യണം ? നില നിർത്തണോ പിരിച്ചു വിടണോ ? പിരിച്ചു വിട്ടാൽ കുട്ടികൾ പെരുവഴിയിലാകും. വിട്ടില്ലെങ്കിൽ കോടതിയലക്ഷ്യവും. എന്തു ചെയ്യണമെന്ന് അറിയാതെ നട്ടം തിരിയുകയാണ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽമാർ.

സംസ്ഥാനത്ത് പ്ലസ് ടു കോഴ്‌സ് ആരംഭിച്ച് മൂന്നു പതിറ്റാണ്ടാകുമ്പോഴും നിരവധി സ്‌കൂളുകളിൽ ഇപ്പോഴും താൽകാലിക അദ്ധ്യാപകരാണ് പഠിപ്പിക്കുന്നത്. ഇതിൽ അധികവും സർക്കാർ സ്‌കൂളുകളുമാണ്. ബന്ധപ്പെട്ട വിഷയത്തിൽ പോസ്റ്റ് ഗ്രാജ്വേഷനും, ബി.എഡും, സെറ്റും ആണ് യോഗ്യതയായി വേണ്ടത്. ഈ യോഗ്യത ഉള്ളവരെ ലഭിക്കുന്നില്ലെങ്കിൽ സമാനമായ മറ്റ് യോഗ്യതകൾ ഉള്ളവരെയും പരിഗണിക്കുന്ന രീതിയാണ് തുടർന്നു വന്നിരുന്നത്. മലയോര മേഖലയിലെ സ്‌കൂളുകളിലും മറ്റും ഇത്തരത്തിൽ യോഗ്യത ഉള്ളവരെ കണ്ടെത്തുക അത്ര എളുപ്പമല്ല. താത്ക്കാലിക അദ്ധ്യാപകരുടെ വേതനവും കുറവായതിനാൽ ഇവിടങ്ങളിലേക്ക് പോകാൻ പലരും താല്പര്യപ്പെടുന്നുമില്ല.

ഇതിൽ തന്നെ ജൂനിയർ അദ്ധ്യാപകർക്ക് ദിവസ വേതനം വളരെ തുശ്ചമാണ്. പല വിഷയങ്ങളിലും പഠിപ്പിക്കാൻ കുറച്ചു മണിക്കുറുകൾ മാത്രമാണ് ലഭിക്കുക. എന്നാൽ എല്ലാ ദിവസവും സ്‌കൂളുകളിൽ എത്തുകയും വേണം. അതിനാൽ തന്നെ ഉയർന്ന യോഗ്യത ഉള്ള പലരും പോകാൻ തയാറാകുന്നില്ല. അതിനാൽ സമീപ ദേശങ്ങളിൽ നിന്നും എത്തുന്ന പി.ജിയും ബിഎഡും ഉള്ളവർക്ക് താൽകാലിക നിയമനം നൽകും. സെറ്റിന് പുറമെ എം.എഡും ഡോക്ടറേറ്റും ഉള്ളവരും നിയമനത്തിനായി എത്താറുണ്ട്.എന്നാൽ ഇപ്പോഴത്തെ സ്ഥിതിയിൽ സെറ്റ് ഉള്ളവരെ മാത്രമേ നിയമിക്കാൻ കഴിയു.

ഇതാണ് പ്രിൻസിപ്പൽമാരെ ബുദ്ധിമുട്ടിലാക്കുന്നത്. ക്ലാസുകൾ ആരംഭിക്കും മുൻപ്തന്നെ അദ്ധ്യാപക നിയമനം പൂർത്തിയാക്കണമെന്നാണ് സംസ്ഥാന സർക്കാ ർനിർദേശിച്ചിരുന്നത്. സ്ഥിരം തസ്തിക ഇല്ലാത്തിടത്തെല്ലാം ഇതോടെ താത്ക്കാലിക അദ്ധ്യാപക നിയമനം പൂർത്തിയാക്കി. എന്നാൽ ഇപ്പോൾ സെറ്റ് യോഗ്യതയില്ലാത്തവരേയും അദ്ധ്യാപകരായി നിയമിക്കാമെന്ന വ്യവസ്ഥ സർക്കാർ റദ്ദ് ചെയ്തിരിക്കുകയാണ്. ഇതനുസരിച്ചാണ് മുൻ വ്യവസ്ഥപ്രകാരം നിയമിച്ച യോഗ്യതയില്ലാത്തവരെ പിരിച്ചുവിടാനുള്ള നിർദേശം നടപ്പാക്കിയാൽ പഠനം തടസപ്പെടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നത്. സെറ്റ് യോഗ്യതക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെയും നിയമിക്കാമെന്ന 2024 മേയ് 30-ലെ ഉത്തരവ് തുടരാൻ കഴിയില്ലെന്നാണ് ഇപ്പോഴുള്ള ഉത്തരവിൽ പറയുന്നത്. 2024-ലെ ഉത്തരവ് പ്രകാരം സെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ അല്ലാത്തവരെയും നിയമനത്തിന് പരിഗണിച്ചിരുന്നു. പ്രത്യേകിച്ച് സോഷ്യൽ വർക്ക്, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേർണലിസം തുടങ്ങിയ വിഷയങ്ങളിൽ സെറ്റ് യോഗ്യത ഉള്ളവർ കുറവാണ്.

അതിനാൽ താത്ക്കാലിക നിയമനം ലഭിച്ചവരെ ഒഴിവാക്കിയാൽ വിദ്യാലയങ്ങളിൽ അദ്ധ്യയനം നിലയ്ക്കുകയും സ്‌കൂൾ പ്രവർത്തനം തന്നെ താറുമാറാകുകയും ചെയ്യുമെന്നും പ്രിൻസിപ്പൽമാർ പറയുന്നു. കോടതി ഉത്തരവ് ആയതിനാൽ നടപ്പിലാക്കാൻ മാത്രമേ പ്രിൻസിപ്പൽമാർക്ക് കഴിയു. ഇതോടെ പലയിടത്തും അദ്ധ്യയനം തന്നെ തടസപ്പെടും. കൃത്യമായ നിർദേശം നല്കാൻ വിദ്യാഭ്യാസ വകുപ്പിനും കഴിയുന്നില്ല. ഇതിനിടെ ചിലയിടങ്ങളിൽ പി.ടി.എ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അദ്ധ്യാപക -രക്ഷാകർതൃ സമിതി ഇതു സംബന്ധിച്ച് എം.എൽ.എമാർക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. അദ്ധ്യാപക നിയമന വിഷയത്തിൽ യഥാസമയം തീരുമാനം ഉണ്ടാകുന്നില്ലെങ്കിൽ ഇക്കൊല്ലത്തെ ഹയർ സെക്കൻഡറി പഠനത്തെയും വാർഷിക പരീക്ഷയെയും പ്രതികൂലമായി ബാധിക്കും. തുടർന്ന് വരുന്ന മെഡിക്കൽ, എൻജിനിയറിങ് പ്രവേശനത്തെയും ഇത് തടസപ്പെടുത്തും.

കേന്ദ്ര സിലബസുകളിൽ നിന്നും കൂടുതൽ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷകളിൽ അവസരം ലഭിക്കുന്നു എന്ന പരാതി നിലനിൽക്കെയാണ് ഇപ്പോൾ കേരള സിലബസ് സ്‌കൂളുകളിൽ പഠിപ്പിക്കാൻ അദ്ധ്യാപകരില്ലാത്ത സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *