കുമ്പനാട് – വാർഷിക അറ്റകുറ്റ പണികളുടെ പേരിൽ പമ്പ ഇറിഗേഷൻ കനാൽ ഇടത്, വലത് കരകളും അടച്ചതോടെ ഇതിനെ ആശ്രയിച്ചിരുന്നവർ ബുദ്ധിമുട്ടിലായി. കനാലിൽ നിന്നും നേരിട്ട് വെള്ളം എടുക്കുന്നതിനു പുറമെ ഇത് കടന്നു പോകുന്ന പ്രദേശങ്ങളിൽ എല്ലാം കിണറുകളിൽഉറവ ലഭിക്കുകയും ചെയ്തിരുന്നു.ഉറവകൾ മൂലം കുളങ്ങളിലും പാട ശേഖരങ്ങളിലും ലഭിക്കുന്ന വെള്ളം കർഷകർക്കും പ്രയോജനകരമാണ്. ഈ ജലത്തിന്റെ വരവ് അനുസരിച്ചാണ് പല പാടശേഖരങ്ങളിലും കൃഷി ഇറക്കുന്നത്. പച്ചക്കറി കൃഷിക്കും കര കൃഷിക്കും പലയിടത്തും ഈ വെള്ളം പ്രയോജനപ്പെടുത്തിയിരുന്നു. മാർച്ചിൽ നടന്ന നിർമ്മാണ പ്രവർത്തങ്ങൾക്ക് ആവശ്യമായ വെള്ളം ടാങ്കറുകളിൽ കൊണ്ട് പോയിരുന്നതും കനാലുകളിൽ നിന്നാണ്.
വിദൂര പ്രദേശങ്ങളിൽ നിന്നും നിരവധി പേരാണ് കുളിക്കുന്നതിനും വസ്ത്രം കഴുകുന്നതിനും പി ഐ പി കനലിനെ ആശ്രയിച്ചിരുന്നത്. എന്നാൽ മണിയാറിൽ ഡാം അടച്ചതോടെ ഇതെല്ലാം നിലച്ചു. ആഘോഷവേളക്ക് ശേഷം വൻതോതിൽ മൽസ്യ മാംസ അവശിഷ്ടങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ കനാൽ വെള്ളത്തിൽ തള്ളിയിരുന്നു. ഇക്കുറി ഇത് ഒഴിവാക്കാനാണ് ഡാം അടച്ചതത്രേ. അധികം വൈകാതെ കനാലിലേക്ക് വെള്ളം തുറന്നു വിടുമെന്നും പറയുന്നു.


